കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കെതിരെ തെരഞ്ഞെടുപ്പ് റാലിയില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മമത തങ്ങളുടെ പാര്‍ട്ടിയുടെ മുദ്രാവാക്യം മറന്നെന്നും പകരം തന്റെ പേര് മാത്രമാണ് ഇപ്പോള്‍ ഉച്ചരിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. ബര്‍ദമാനില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.
‘മാ, മാതി, മനുഷ്’ എന്ന സ്വന്തം പാര്‍ട്ടിയുടെ മുദ്രാവാക്യം മമത ബാനര്‍ജി മറന്നിരിക്കുന്നു. എല്ലാ പൊതുയോഗങ്ങളിലും മോദി മോദി മോദി എന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
മമത ബാനര്‍ജി 10 വര്‍ഷം ബംഗാള്‍ ഭരിച്ചു. തന്റെ പാര്‍ട്ടി മുന്നോട്ടുവെക്കുന്ന ആശയം നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. പകരം ജനങ്ങളെ അഭിസംബോധന ചെയ്യുന്ന റാലികളിലെല്ലാം തന്റെ പേര് ആവര്‍ത്തിക്കുകയാണെന്നും ഭരണത്തിന്റെ തണലില്‍ കുഴപ്പങ്ങള്‍ മാത്രമാണ് ദീദി സൃഷ്ടിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ ആരെയും ബഹുമാനിക്കുന്നില്ലെന്നും അമ്മമാരെപ്പോലും അവര്‍ വിലകല്‍പ്പിക്കുന്നില്ലെന്നും മോദി പറഞ്ഞു.
രണ്ട് ദിവസം മുമ്പ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി ബംഗാളിലെത്തിയ ബീഹാറിലെ പൂര്‍ണിയയില്‍ നിന്നുള്ള ധീരനായ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചു കൊന്നു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ട ആ അമ്മയും മരിച്ചു. ദീദി, ആ ഉദ്യോഗസ്ഥന്റെ അമ്മ നിങ്ങള്‍ക്ക് അമ്മയല്ലേ? നിങ്ങള്‍ എത്രനിഷ്‌കരുണം ആണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ?
ഓരോ ദിവസം കഴിയുന്തോറും മമത ബാനര്‍ജി പ്രകോപിതയായിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇതെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. പോളിങ് പൂര്‍ത്തിയായ മണ്ഡലങ്ങളില്‍ ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പുറത്താക്കിയെന്ന് അവര്‍ക്ക് മനസിലായി. നന്ദിഗ്രാമില്‍ പോലും അവര്‍ ക്ലീന്‍ബൗള്‍ഡ് ആയിരിക്കുന്നു.
തന്റെ ടീമിന്റെ അടുത്ത ക്യാപ്റ്റനെക്കുറിച്ച് മമത ബാനര്‍ജിക്ക് ആശങ്കയുണ്ടെന്നും എന്നാല്‍ ബംഗാളിലെ ജനങ്ങള്‍ക്ക് മമതയുടെ കളികള്‍ മനസിലായെന്നും മോദി പറഞ്ഞു.
മമത ബാനര്‍ജി തന്റെ പ്രവര്‍ത്തകരെ കേന്ദ്രസേനയ്ക്കെതിരെ പോരാടാന്‍ പ്രേരിപ്പിക്കുകയാണ്. നിങ്ങള്‍ അത് ചെയ്യരുത്. നിങ്ങളുടെ ദേഷ്യം എന്റെ നേര്‍ക്ക് തീര്‍ക്കൂ. നിങ്ങള്‍ എന്നെ അപമാനിച്ചോളൂ, എന്നാല്‍ ബംഗാളിന്റെ അന്തസിനെ അപമാനിക്കരുത്. നിങ്ങളുടെ അഹങ്കാരം ഇനി ബംഗാള്‍ സഹിക്കില്ല, മോദി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക