നീറ്റ് പരീക്ഷ നിർത്തലാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനർജി
NATIONALNEWS
നീറ്റ് പരീക്ഷ നിർത്തലാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനർജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2024, 1:08 pm

കൊൽക്കത്ത: ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ നിർത്തലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നീറ്റ് പരീക്ഷ നിർത്തലാക്കണമെന്നും സംസ്ഥാനങ്ങൾ പരീക്ഷ നടത്തുന്ന സമ്പ്രദായത്തിലേക്ക് മടങ്ങണമെന്നും അഭ്യർത്ഥിച്ചുകൊണ്ടുള്ള കത്ത് ജൂൺ 24 ന് മമത പ്രധാനമന്ത്രിക്കയച്ചു.

യു.ജി നീറ്റ് പരീക്ഷ ക്രമക്കേടുകളിൽ ഉൾപ്പെട്ടവർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ മമത ബാനർജി ആവശ്യപ്പെട്ടു.

‘സംസ്ഥാന സർക്കാരുകൾ പരീക്ഷ നടത്തുന്ന മുൻ സമ്പ്രദായം പുനർസ്ഥാപിക്കാനും നീറ്റ് പരീക്ഷ നിർത്തലാക്കുന്നത് പരിഗണിക്കാനും അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത് ഭരണകൂടത്തിന്മേലുള്ള വിദ്യാർത്ഥികളുടെ വിശ്വാസം വർധിപ്പിക്കും,’ മമത കത്തിൽ പറഞ്ഞു.

പേപ്പർ ചോർച്ച, പരീക്ഷ നടത്തിപ്പിനുള്ള ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത്,വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതൊക്കെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെയാണ് ഇല്ലാതാക്കുന്നതെന്നും മമത കൂട്ടിച്ചേർത്തു.

ഇത്തരം കാര്യങ്ങൾ രാജ്യത്തെ മെഡിക്കൽ വിദ്യഭ്യാസത്തിൽ ആഘാതം സൃഷ്ടിക്കുക മാത്രമല്ല മെഡിക്കൽ ചികിത്സയുടെ ഗുണനിലവാരത്തെയും പ്രതികൂലമായി ബാധിക്കുമെന്നവർ കൂട്ടിച്ചേർത്തു.

കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളും പ്രവേശന പരീക്ഷ നടത്തുന്ന പഴയ പരീക്ഷ സമ്പ്രദായം കൂടുതൽ സുതാര്യവും സുഗമവുമാണെന്നും മമത പറഞ്ഞു.

‘നിലവിലെ സമ്പ്രദായം അഴിമതി നിറഞ്ഞതാണ്. അത് പണക്കാർക്ക് ലാഭമുണ്ടാക്കുന്ന സമ്പ്രദായമാണ്. ഇതിൽ അർഹതയുള്ളവർക്ക് ഒന്നും ലഭിക്കുന്നില്ല,’ അവർ പറഞ്ഞു.

 

2017ന് ശേഷം വിവിധ സംസ്ഥാനങ്ങൾ നടത്തിയിരുന്ന മെഡിക്കൽ പ്രവേശന പരീക്ഷ കൂടുതൽ സുഗമമാക്കാനെന്ന പേരിൽ ഏകീകരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ പ്രാധിനിത്യം ഇല്ലാതെ പരീക്ഷ കേന്ദ്ര സർക്കാരിന്റെ കീഴിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.

 

നീറ്റ് യു.ജി പരീക്ഷയിലെ പാളിച്ചയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. നീറ്റ് യു.ജി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ ഗ്രേസ് മാര്‍ക്ക് നൽകിയത് സംബന്ധിച്ചും വിവാദം ഉണ്ടായി. ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി.യില്‍ നിരവധി പേർക്കാണ് ഒന്നാംറാങ്ക് ലഭിച്ചത്. ഇത്രയേറെപ്പേര്‍ ഒന്നാംറാങ്ക് നേടുന്നത് ആദ്യമാണ്. ഹരിയാനയിലെ ഒരു സെന്ററിൽ നിന്നുമാത്രം ആറുപേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചതായി ആരോപണമുയര്‍ന്നിരുന്നു. 2020-ല്‍ രണ്ടുപേര്‍ക്കും 2021-ല്‍ മൂന്നുപേര്‍ക്കും 2023-ല്‍ രണ്ടുപേര്‍ക്കുമാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്.

Content Highlight:  Mamata Banerjee urges PM Modi to consider abolishing NEET