ഛണ്ഡീഗഢ്: പൊതുചടങ്ങില്‍ ജയ് ശ്രീറാം വിളിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കാതിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ഹരിയാന മന്ത്രി. ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജാണ് മമതക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
മമതക്ക് മുന്നില്‍ ജയ് ശ്രീറാം വിളിക്കുന്നത്, കാളക്ക് മുന്നില്‍ ചുവപ്പ് തുണി കാണിക്കും പോലെയാണെന്നാണ് അനില്‍ വിജ് പറഞ്ഞത്.
‘മമത ബാനര്‍ജിക്ക് മുന്നില്‍ ജയ് ശ്രീറാം എന്ന് വിളിക്കുന്നത് ‘കാളക്ക് ചുവപ്പ് തുണി കാണിക്കും പോലെയാണ്’. അതാണ് വിക്ടോറിയ മെമ്മോറിയലില്‍ നടന്ന ചടങ്ങില്‍ അവര്‍ പ്രസംഗം നിര്‍ത്തിയത്.’ അനില്‍ വിജ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ വെച്ച് നടന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാര്‍ഷിക ചടങ്ങില്‍ വെച്ചായിരുന്നു ജയ് ശ്രീറാം വിളിയും മമതയുടെ പ്രതിഷേധവും നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനുണ്ടായിരുന്നു.
മമത പ്രസംഗിക്കാന്‍ ഡയസിലേക്ക് എത്തിയ സമയത്ത് സദസ്സിലെ ഒരു വിഭാഗം ആളുകള്‍ ജയ് ശ്രീറാം വിളി മുഴക്കുകയായിരുന്നു. തുടര്‍ന്ന മമത സംഭവത്തില്‍ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
“Jai Shri Ram” to #MamtaBanerjee is like red rag to a bull that is why she stopped her speech at Victoria Memorial today.
‘ഇത് ഒരു സര്‍ക്കാര്‍ ചടങ്ങാണ്, അല്ലാതെ രാഷ്ട്രീയപാര്‍ട്ടിയുടെ പരിപാടിയല്ല. ഇതിന് ഒരു അന്തസ്സ് വേണം. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കരുത്. ഞാന്‍ ഇനിയൊന്നും സംസാരിക്കില്ല. ജയ് ബംഗ്ലാ, ജയ് ഹിന്ദ്.’ മമത ബാനര്‍ജി പറഞ്ഞു. തുടര്‍ന്ന് ചടങ്ങില്‍ നിന്നും മമത ബാനര്‍ജി ഇറങ്ങിപ്പോകുകയായിരുന്നു.
നേരത്തെ പ്രസംഗിച്ച് കൊണ്ടിരിക്കവെ ഇന്ത്യയുടെ തലസ്ഥാനമായി ദല്‍ഹിയെ മാത്രം പരിഗണിക്കുന്നത് ശരിയല്ലെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. തലസ്ഥാനമായി ദല്‍ഹിയെ മാത്രം പരിഗണിക്കുന്നതിന് പകരം ഇന്ത്യക്ക് നാല് റൊട്ടേറ്റിങ്ങ് തലസ്ഥാനങ്ങള്‍ വേണമെന്നാണ് മമത ആവശ്യപ്പെട്ടത്.
മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞ ആസൂത്രണ കമ്മീഷന്‍ തിരികെ കൊണ്ടുവരണമെന്നും മമത ആവശ്യപ്പെട്ടു. നീതി ആയോഗിനും ആസൂത്രണ കമ്മീഷനും പരസ്പരം സഹകരിച്ച് കൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. നേതാജിയുടെ ജന്മവാര്‍ഷികം അവധി ദിവസമായി പ്രഖ്യാപിക്കണമെന്നും മമത പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക