ന്യൂദല്‍ഹി: കര്‍ഷക സമരത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിനെതിരെ സംസാരിച്ചതിന് തൊട്ടുപിന്നാലെ തനിക്ക് നേരെ വധഭീഷണി സന്ദേശമെത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
വിജയ് ചൗക്കില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മോദിയുടെ പ്രസംഗത്തെ ഖാര്‍ഗെ രൂക്ഷമായി വിമര്‍ശിച്ചത്. ഇതിനുതൊട്ടുപിന്നാലെ ഒരാള്‍ ഭീഷണി സന്ദേശം മുഴക്കി ഫോണ്‍ ചെയ്യുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളെന്തിനാണ് മോദിയെ വിമര്‍ശിക്കുന്നത് എന്ന് ചോദിച്ചായിരുന്നു ഫോണ്‍ സന്ദേശം. അതേസമയം ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ ഖാര്‍ഗെ തയ്യാറായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
കര്‍ഷക സമരത്തെപ്പറ്റി വളരെ മോശമായി രാജ്യസഭയില്‍ മോദി സംസാരിച്ചത് വാര്‍ത്തയായിരുന്നു. കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും ഈ സമരം അവസാനിപ്പിക്കണമെന്നും മോദി സഭയില്‍ പറഞ്ഞു.
കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു, എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ലെന്നാണ് മോദി സഭയില്‍ വാദിച്ചത്.
കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനാണെന്നും മോദി അവകാശപ്പെട്ടു. കാര്‍ഷിക പരിഷകരണത്തെക്കുറിച്ച് വാതോരാതെ പറയുകയും പരിഷ്‌കരണം വേണമെന്നതില്‍ യോജിക്കുകയും ചെയ്തിട്ട് പിന്നീട് കണ്ട യൂ ടേണ്‍ ഞെട്ടിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യം പാശ്ചാത്യ സംവിധാനമല്ലെന്നും ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ജനാധിപത്യമാണ് എന്നും മോദി അവകാശപ്പെട്ടു.
മോദിയുടെ ഈ പരാമര്‍ശത്തിനെതിരെ കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയും രംഗത്തെത്തിയിരുന്നു. കര്‍ഷകരെ അപമാനിക്കരുതെന്നും സമരം ചെയ്തവര്‍ തന്നെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക