നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന കേസിലെ അതിജീവിതയെ അപമാനിച്ച് നടി മല്ലിക സുകുമാരന്‍. എന്തുകൊണ്ടാണ് രക്ഷിതാവിനെ കൂട്ടാതെ പോയതെന്നും അവസരം കിട്ടിയില്ലെങ്കില്‍ മീ ടൂ എന്ന് പറയുന്ന ആറ്റിറ്റിയൂഡിനെയാണ് താന്‍ എതിര്‍ക്കുന്നതെന്നും മല്ലിക സിനിമദിക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഒരു സ്ഥലത്ത് പോയി ഒരു ദുരനുഭവം ഉണ്ടായാല്‍ രക്ഷിതാവിനെയോ വേണ്ടപ്പെട്ടയാളെയോ കൂട്ടിക്കൊണ്ട് പോണം. ആള് ശരിയല്ല എന്ന് മനസിലാക്കിയാല്‍ പിന്നെ അവിടെ ഒറ്റക്ക് പോവരുത്. അപ്പോഴാണ് കൂടുതല്‍ ചീത്തപ്പേരുണ്ടാവുന്നത്.
ഇവരെ രണ്ട് പേരെയും എനിക്ക് അറിയില്ല. ഒരു മാസത്തോളം പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. ഇങ്ങനെ ഒരു അനുഭവം ഉണ്ടായതിന് ശേഷം വീണ്ടും എന്തിനാണ് ആരുമില്ലാതെ പോയത്. എന്തിനാ പറയാന്‍ പേടിക്കുന്നത്. പ്രേമം തോന്നിയെന്ന് പറയുകയാണെങ്കില്‍ ചവിട്ടി കൊല്ലുന്ന അവസ്ഥയില്‍ മിണ്ടാതിരിക്കുമോ. അങ്ങനെയാണെങ്കില്‍ മിണ്ടാതെ അങ്ങ് പോണം. ഇളംപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ രക്ഷിതാക്കളെ കൂട്ടി പോണം.
അവസരം വേണോ അഭിമാനം വേണോ. അവസരം കിട്ടിയില്ലെങ്കില്‍ മീ ടൂ ആണെന്ന് പറയുന്ന ആറ്റിറ്റിയൂഡിനെ ആണ് ഞാന്‍ എതിര്‍ക്കുന്നത്. ഒരു രക്ഷിതാവ് കൂടെ വേണം. ഒറ്റക്ക് പോയാലേ ആഗ്രഹം നേടാനാവത്തുള്ളോ.
ആണുങ്ങള്‍ക്ക് വാശിയുണ്ടാവാം. പെണ്‍കുട്ടിയുടെ പേര് വിളിച്ച് പറഞ്ഞത് ശരിയാണെന്നല്ല ഞാന്‍ പറഞ്ഞത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശുദ്ധ പോക്രിത്തരമാണ്. ചോരത്തിളപ്പുള്ള ചെറുപ്പക്കാരനാണ്. പരസ്യമായി അപമാനിച്ചാല്‍ പത്തിരട്ടി വാശി തോന്നാം. അങ്ങനെ നീ ഷൈന്‍ ചെയ്യണ്ട എന്ന് തോന്നി കാണാം,’ മല്ലിക സുകുമാരന്‍ പറഞ്ഞു.
Content Highlight: Mallika Sukumaran says she opposes the attitude of saying ‘me too’ if not given opportunity