World News
മാലിയില്‍ പ്രധാനമന്ത്രി രാജിവെച്ചു; മന്ത്രിസഭ പിരിച്ചുവിട്ടു; രാജി കൂട്ടക്കൊല നടന്ന് ഒരുമാസം പിന്നിടവേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 19, 03:21 am
Friday, 19th April 2019, 8:51 am

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഗോത്രവിഭാഗക്കാരായ ഫുലാനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തിന് ഒരുമാസം പിന്നിടുന്നതിനിടെ പ്രധാനമന്ത്രി അബ്ദുല്ലയെ ഇദ്രിസ് മെയ്ഗ രാജിവെച്ചു. മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തു.

ഒഗൊസാഗു ഗ്രാമത്തിലാണ് ഒരുവിഭാഗം അക്രമികള്‍ മാര്‍ച്ച് 23-ന് ആക്രമണം നടത്തുന്നതും 160-ഓളം പേര്‍ കൊല്ലപ്പെടുന്നതും.

എന്നാല്‍ ഇക്കാരണം തന്നെയാണോ രാജിക്കു പ്രേരണയായതെന്നു വ്യക്തമല്ല. പ്രസിഡന്റ് ഇബ്രാഹിം ബൂബക്കര്‍ കെയ്റ്റ രാജി സ്വീകരിച്ചു. ഭരണ, പ്രതിപക്ഷകക്ഷികളുമായി ആലോചിച്ചശേഷം പുതിയ പ്രധാനമന്ത്രിയുടെ പേര് പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

അക്രമികളെ നേരിടാന്‍ കഴിയാത്ത സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം ആലോചിക്കുന്നതിനിടെയാണ് രാജി.

കൂട്ടക്കൊലയ്ക്കു പിന്നില്‍ ഒഗൊസാഗുവില്‍ത്തന്നെയുള്ള ദോഗോണ്‍ വിഭാഗക്കാരാണെന്നാണു സംശയം. പരമ്പരാഗതമായി ഫുലാനി വിഭാഗക്കാര്‍ അവരുടെ ശത്രുക്കളാണ്.

അതിനുശേഷം ഉടന്‍തന്നെ മാലിയുടെ മധ്യമേഖലയില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ഖ്വെയ്ദയുമായി ബന്ധപ്പെട്ട ഒരു സംഘടന അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഫുലാനിക്കാര്‍ ധാരാളമുള്ള ഒരു സംഘടനയായിരുന്നു ഇത്.

രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രമാണു ശേഷിക്കുന്നത്. മെയ്ഗ റാലി ഫോര്‍ മാലി എന്ന പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനാണ്. കെയ്റ്റയാണ് പാര്‍ട്ടിയുടെ സ്ഥാപകന്‍.