നീയിനി എന്നെ പറ്റിക്കാന്‍ നോക്കണ്ട ഡിജോ, എന്നെ ഇനി ഒന്നിനും കിട്ടില്ല: നിവിന്‍ പോളി
Entertainment
നീയിനി എന്നെ പറ്റിക്കാന്‍ നോക്കണ്ട ഡിജോ, എന്നെ ഇനി ഒന്നിനും കിട്ടില്ല: നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th April 2024, 8:17 pm

അനൗണ്‍സ്‌മെന്റ് മുതല്‍ വ്യത്യസ്തതയുമായി സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ജന ഗണ മനക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. പഴയ എന്റര്‍ടൈനര്‍ നിവിന്‍ തിരിച്ചുവരുമെന്ന തരത്തിലുള്ളതായിരുന്നു സിനിമയുടെ പ്രൊമോ വീഡിയോ. പിന്നീട് വന്ന ഒരോ അപ്‌ഡേറ്റുകളും പ്രതീക്ഷയുള്ളവയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പ്രൊമോ സോങ്ങ് പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രൊമോ വീഡിയോയിലേത് പോലെ നിവിനും ഡിജോയും തമ്മിലുള്ള രസകരമായ സംഭാഷണത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പ്രൊമോ സോങിന് വരാന്‍ പറ്റുമോയെന്ന് ചോദിക്കുന്ന ഡിജോയോട് നിവിന്‍ തന്റേതായ ശൈലിയില്‍ പറയുന്ന മറുപടിയാണ് വീഡിയോയുടെ ഹൈലൈറ്റ്.

’36 എന്ന് ആദ്യം പറഞ്ഞ് 86 ദിവസം എന്നെക്കൊണ്ട് ഷൂട്ട് ചെയ്യിച്ചു. ഒരു ഓഞ്ഞ വിഗ്ഗ് തന്നെന്നെ പറ്റിച്ചു. ഇനി ഞാന്‍ നിനക്ക് പ്രൊമോ സോങിന് കൂടെ ഡേറ്റ് തരണമല്ലേ,’ എന്ന് ചോദിക്കുന്ന നിവിനോട് പ്രൊമോഷന്‍ പരിപാടിക്കെങ്കിലും വന്നൂടെയെന്ന് ഡിജോ ചോദിക്കുന്നുണ്ട്.

‘ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമ സ്‌ക്രീന്‍ ചെയ്ത, സൗത്ത് ഇന്ത്യ മുഴുവന്‍ ഫാന്‍ ബെയ്‌സ് ഉള്ള ഞാന്‍ എന്തിന് പ്രൊമോഷന് വരണം. ഇനി നീയെന്നെ പറ്റിക്കാന്‍ നോക്കണ്ട ഡിജോ. എന്നെയിനി ഒന്നിനും കിട്ടില്ല’ എന്നും നിവിന്‍ പറയുന്നുണ്ട്.

പിന്നീട് ജേക്‌സ് ബിജോയ്‌യുടെയും അക്ഷയ് ഉണ്ണികൃഷ്ണന്റെയും ശബ്ദത്തില്‍ വരുന്ന പാട്ട് ശക്തമായ രാഷ്ട്രീയം പറയുന്ന വരികളാല്‍ സമ്പന്നമാണ്. വേഷം നോക്കി വെറുക്കില്ലെന്നും നിന്റെ അന്നം ഇവിടെ മുടക്കില്ലെന്നും പറയുന്നതിനോടൊപ്പം അയ്യന്‍കാളിയുടെയും അയ്യപ്പന്റെയും മണ്ണാണിതെന്നും വരികളില്‍ പറയുന്നുണ്ട്.

മെയ് ഒന്നിന് റിലീസാകാനിരിക്കുന്ന ചിത്രത്തിന്റെ മേലെയുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ് പുതിയ പാട്ട്. നിവിന്‍ പോളിക്ക് പുറമെ, ധ്യാന്‍ ശ്രീനിവാസന്‍, മഞ്ജു പിള്ള, അനശ്വര രാജന്‍ എന്നിവരും ചിത്രത്തിലുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്

Content Highlight: Malayalee From India promo song out