മാധ്യമവിലക്ക് വാര്‍ത്തയാക്കാതെ പ്രമുഖ മലയാളം ദിനപ്പത്രങ്ങള്‍
Kerala News
മാധ്യമവിലക്ക് വാര്‍ത്തയാക്കാതെ പ്രമുഖ മലയാളം ദിനപ്പത്രങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th March 2020, 8:46 am

കോഴിക്കോട്: ഏഷ്യാനെറ്റിനും മീഡിയാ വണിനും ഏര്‍പ്പെടുത്തിയ വിലക്ക് ഉള്‍പ്പേജുകളിലൊതുക്കി കേരളത്തിലെ മലയാളം ദിനപ്പത്രങ്ങള്‍. മിക്ക പത്രങ്ങളും ഉള്‍പ്പേജുകളിലെ ഒറ്റക്കോളം വാര്‍ത്തയായാണ് സംപ്രേക്ഷണ വിലക്ക് കൊടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം മറ്റു ചാനലുകള്‍ സംപ്രേക്ഷണവിലക്ക് വാര്‍ത്തയാക്കാന്‍ വൈകിയിരുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.

മലയാള മനോരമ ആറാം പേജില്‍ രണ്ട് കോളത്തിലായാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ‘ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണിനും 48 മണിക്കൂര്‍ വിലക്ക്’ എന്ന തലക്കെട്ടില്‍ രണ്ട് കോളം വാര്‍ത്തയായാണ് പത്രത്തിലുള്ളത്. വാര്‍ത്തയോടൊപ്പം കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധക്കുറിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാതൃഭൂമി ഒമ്പതാം പേജില്‍ ഒരു കോളത്തിലാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്. കേരളത്തിലെ പ്രമുഖ നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത് മാതൃഭൂമി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദേശാഭിമാനി മുന്‍പേജില്‍ പ്രധാനവാര്‍ത്തയായാണ് മാധ്യമങ്ങള്‍ക്ക് നേരിട്ട വിലക്ക് കൊടുത്തിരിക്കുന്നത്. സിറാജ്, ചന്ദ്രിക മുന്‍പേജില്‍ ഒറ്റ കോളത്തിലും വാര്‍ത്ത നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം ദി ഹിന്ദുവില്‍ ആറാം പേജില്‍ നാല് കോളം വാര്‍ത്തയായി നല്‍കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ ആദ്യ പേജില്‍ ചെറിയ വാര്‍ത്തയായും ഉള്‍പ്പേജില്‍ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് നല്‍കിയിരിക്കുന്നത്.

മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ആണ് 48 മണിക്കൂര്‍ നേരം ചാനലുകളുടെ സംപ്രേക്ഷണം തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കിയത്.

ദല്‍ഹി കലാപത്തെക്കുറിച്ച് മീഡിയ വണ്‍ നല്‍കിയ വാര്‍ത്തകള്‍ ആര്‍.എസ്.എസിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണെന്നാണ് വിലക്കിനുള്ള കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നത്. കലാപം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് ഏഷ്യാനെറ്റിനെതിരെയും പറയുന്നു. ഇരു ചാനലുകളും ദല്‍ഹി പൊലീസിനെ വിമര്‍ശിച്ചെന്നും കാരണങ്ങളില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേബിള്‍ ടി.വി നെറ്റ്‌വര്‍ക്ക് റെഗുലേഷന്‍ ആക്ട് ലംഘിച്ചെന്നാണ് നോട്ടീസില്‍ പറയുന്നത്. എഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറായ പി.ആര്‍ സുനില്‍ കലാപം നിരന്തരം റിപ്പോര്‍ട്ട് ചെയ്തെന്നാണ് ഏഷ്യാനെറ്റിന് അയച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നത്.

മീഡിയ വണ്ണിന്റെ ദല്‍ഹി കരസ്പോണ്‍ണ്ടന്റ് ആയ ഹസ്നുല്‍ ബന്ന ടെലിഫോണ്‍ വഴി കലാപം റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ചും നോട്ടീസില്‍ പറയുന്നുണ്ട്.