അച്ഛനോട് 'സിനിമ'യെന്ന് പറഞ്ഞതേ ഓര്‍മയുള്ളൂ, ഒറ്റ അടി ആയിരുന്നു, പിന്നെ മതില്‍ ചാടിയാണ് ഷൂട്ടിന് പോയത്: മാല പാർവതി
Film News
അച്ഛനോട് 'സിനിമ'യെന്ന് പറഞ്ഞതേ ഓര്‍മയുള്ളൂ, ഒറ്റ അടി ആയിരുന്നു, പിന്നെ മതില്‍ ചാടിയാണ് ഷൂട്ടിന് പോയത്: മാല പാർവതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th October 2023, 5:25 pm

താൻ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ പോയ അനുഭവം പങ്കുവെക്കുകയാണ് നടി മാല പാർവതി. പത്താം ക്ലാസ് കഴിഞ്ഞ് അവധിയിലിരിക്കുന്ന സമയത്ത് തന്റെ സുഹൃത്ത് ഷൈനി വിളിച്ച് ഷൂട്ടിങ് നടക്കുന്നുണ്ടെന്നും അതിലേക്ക് അഭിനയിക്കാൻ വരാൻ പറഞ്ഞെന്നും മാല പാർവതി പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞിട്ട് വീട്ടിലേക്ക് വന്നപ്പോൾ അച്ഛൻ തന്നെ അടിച്ചെന്നും പിന്നീട് ആ പടത്തിന്റെ ബാക്കി ഷൂട്ടിന് മതിൽ ചാടിയാണ് പോയതെന്നും താരം പറഞ്ഞു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാല പാർവതി.

‘ഒരു ദിവസം എന്റെ ഫ്രണ്ട് ഷൈനി എന്നെ വിളിച്ചു, ഞാൻ സർവോദയയിലാണ് നാലാം ക്ലാസുവരെ പഠിച്ചത്. കോളേജിൽ ഒരു ഷൂട്ടിങ് ഉണ്ടെന്ന് പറഞ്ഞാണ് അവൾ വിളിച്ചത്. ക്ലാസ്സിൽ ഇരിക്കാൻ കുറെ പിള്ളേർ വേണമെന്ന് പറഞ്ഞു.


അമ്മ രാവിലെ ഓപ്പറേഷൻ തിയേറ്ററിലാണ്. ഞാൻ അമ്മയെ വിളിച്ചിട്ട് ഷൈനി വിളിച്ചിരുന്നു ഷൂട്ടിങ്ങിന് വരാൻ പറഞ്ഞു എന്നൊക്കെ പറഞ്ഞപ്പോൾ പൊക്കോ എന്നാണ് പറഞ്ഞത്. ഞാൻ എന്റെ ഡ്രസ്സ് ഒക്കെ എടുത്ത് പോയി. ഞാൻ അന്ന് പത്താം ക്ലാസ്സിലാണെന്ന് തോന്നുന്നു പ്രീ ഡിഗ്രി ആയിട്ടില്ലായിരുന്നു.

അവിടെ ചെന്നപ്പോൾ പാർവതിയും ശാരിയുമൊക്കെയുണ്ട്. സിനിമ മെയ് മാസ പുലരിയായിരുന്നു. പാർവതിയുടെയും ശാരിയുടെയും അടുത്തിരിക്കുന്ന ഒരു കുട്ടിയായിട്ട് അഭിനയിക്കുന്നു. അവിടുന്ന് അവർ നമ്മളെ തിരഞ്ഞെടുത്തിട്ട് വേറൊരു സീനിൽ അഭിനയിപ്പിക്കുന്നു. അവിടുന്ന് ഷിഫ്റ്റ് എന്ന് പറയുന്നു, അവിടുന്ന് ചിത്രാഞ്ജലിയിൽ പോയി അഭിനയിക്കുന്നു. കാഴ്ചകളൊക്കെ കണ്ടു. രാത്രി ഒമ്പത് മണിയാകുമ്പോൾ വീട്ടിലേക്ക് വളരെ സന്തോഷത്തോടെ വരികയാണ്.

വീട് മുഴുവൻ ലൈറ്റ് ഇട്ട് അച്ഛൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്ന് സിനിമ എന്ന് പറഞ്ഞതേ എനിക്ക് ഓർമയുള്ളൂ, ഒറ്റ അടി ആയിരുന്നു (ചിരി).’ അവൾ സിനിമയിൽ അഭിനയിക്കാൻ നടക്കുന്നു, സിനിമ എന്താണെന്ന് നിനക്കറിയാമോ?’ എന്നൊക്കെ അച്ഛൻ എന്നോട് ചോദിച്ചു. അന്ന് ഭക്ഷണം കിട്ടിയില്ല, ഞാൻ ആകെ വിഷമത്തിലായി. അമ്മയുടെ അടുത്ത് ചോദിച്ചിട്ടാണ് ഞാൻ പോയതെന്ന് പറയണമെന്നുണ്ടായിരുന്നു, പക്ഷേ ഞാൻ പറഞ്ഞില്ല.

രണ്ട് ദിവസം കഴിഞ്ഞിട്ട് ഷൈനി വീണ്ടും വിളിക്കുന്നു ബാക്കി എടുക്കണം എന്ന് പറഞ്ഞിട്ട്. എന്നെ വിടൂല എന്ന് ഞാൻ പറഞ്ഞു. ഞാൻ വന്നേ പറ്റൂ എന്നവൾ പറഞ്ഞു. ഞാൻ പറയുന്ന സമയത്ത് തന്നെ എടുത്തോളാം എന്ന് പറഞ്ഞു. അച്ഛൻ നാളെ നാട്ടിൽ പോകും ഒരു 11 മണിക്ക് വന്നാൽ ഞാനും വരാം എന്ന് പറഞ്ഞു.


ഞാൻ പത്ത് മണിക്ക് നോക്കുന്നു പത്തേ മുക്കാലിന് നോക്കുന്നു അച്ഛൻ എങ്ങോട്ടും പോകുന്നില്ല. അച്ഛൻ പോകുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഡ്രൈവർ പറഞ്ഞു പോകുന്നില്ല എന്ന്.
വീടിന്റെ മുൻപിലൂടെ പോകാൻ പറ്റില്ല, ഞാൻ മതിലൊക്കെ ചാടി. പിന്നെ ഒരു ബാഗ് വന്ന് വീഴുന്നു, ചെരുപ്പ് വന്ന് വീഴുന്നു പിന്നെ ഒരാളുകൂടി വണ്ടിയിലേക്ക് കയറി പോകാം എന്ന് പറയുന്നു. ബാക്കി ഷൂട്ട് ചെയ്തിട്ട് തിരിച്ചു വന്നു,’മാല പാർവതി പറഞ്ഞു.

Content Highlight: Mala parvathy about her first movie experience