അമാനുഷിക ഘടകങ്ങളുടെ ഒരു ലോകം തന്നെയാണ് ചിത്രം സൃഷ്ടിച്ചെടുത്തത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പശ്ചാത്തലത്തില്‍ റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പി.എന്‍.കെ പണിക്കരില്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ അമ്മാവന്‍മാരെ തന്നെയാണ് കാണാന്‍ കഴിയുന്നത്. ഇയാളെ എനിക്ക് പരിചയമുണ്ടല്ലോ എന്നൊരു തോന്നല്‍ കാണുന്നവര്‍ക്കുണ്ടാവും.
നമ്മള്‍ കുട്ടിക്കാലത്ത് കേട്ടിട്ടുള്ള അമാനുഷികമായ ശക്തികളെ പറ്റി അല്പം അതിഭാവുകതത്തോട് കൂടി വിവരിക്കുന്ന അയാളുടെ സംസാരം കേള്‍ക്കുമ്പോള്‍ തുടര്‍ന്നെന്ത് സംഭവിച്ചു എന്നറിയാനുള്ള കൗതുകമാണ് ചിത്രത്തെ മികവുറ്റതാക്കുന്നത്.
മാമ്പഴം ശേഖരിക്കുന്ന ജീവി, കുട്ടിച്ചാത്തന്മാരെ പ്രീതിപ്പെടുത്തി ശത്രുക്കള്‍ക്ക് പണി കൊടുക്കുന്നതെങ്ങനെ, അകാലമരണം സംഭവിക്കുന്ന ഗര്‍ഭിണികള്‍ക്ക് എന്താണ് സംഭവിക്കുന്നത്, വെള്ളത്തില്‍ വീണ് മരിച്ചവരുടെ ആത്മാക്കളില്‍ നിന്നും എങ്ങനെ രക്ഷപ്പെടണം എന്നിങ്ങനെ അമാനുഷിക ശക്തികളില്‍ നിന്നും താന്‍ നേരിട്ട അനുഭവങ്ങള്‍ അദ്ദേഹം വിവരിക്കുന്നുണ്ട്.
പശ്ചാത്തലസംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. കേരളീയ വാദ്യോപകരണങ്ങളായ ഉടുക്ക്, ചെണ്ട, കൈമണി മുതലായവയുടെ ശബ്ദമിശ്രണം ചിത്രത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.
പ്രേക്ഷകനെ രസിപ്പിക്കുന്ന തരത്തില്‍ കഥ പറയുന്ന രീതിയും, സംഭാഷണങ്ങളും, ആനിമേഷനുമെല്ലാം ചേര്‍ത്താണ് അതിഥി കൃഷ്ണദാസ് 12 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം ഒരുക്കിയിരിക്കുന്നത്. ഫെന്റാസിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 2021 ലെ ഏറ്റവും മികച്ച ആനിമേഷനുള്ള അവാര്‍ഡും ചിത്രം കരസ്ഥമാക്കിയിരുന്നു.