Makal Review | ഒരു പ്ലാസ്റ്റിക് സിനിമയിലെ അച്ഛനും മകളും
Film Review
Makal Review | ഒരു പ്ലാസ്റ്റിക് സിനിമയിലെ അച്ഛനും മകളും
അന്ന കീർത്തി ജോർജ്
Friday, 29th April 2022, 8:57 pm

സത്യന്‍ അന്തിക്കാടും ജയറാമും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച, മീര ജാസ്മിന്‍ തിരിച്ചുവരവ് നടത്തിയ മകള്‍ എന്ന സിനിമ തിയേറ്ററിലെത്തിയിരിക്കുകയാണ്. പഴയ കുപ്പിയില്‍ പുതിയ വീഞ്ഞെന്ന് കരുതുന്ന ചിലത് ഒഴിച്ചു ചേര്‍ത്ത് അവതരിപ്പിക്കാനുള്ള ശ്രമമാണ് സത്യന്‍ അന്തിക്കാട് മകളിലൂടെ നടത്തിയിരിക്കുന്നത്.

വ്യത്യസ്ത മതത്തില്‍ പെട്ട ജൂലിയറ്റും നന്ദനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. 15 വര്‍ഷമായുള്ള ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് നന്ദന്‍ നാട്ടിലേക്ക് മടങ്ങി വരികയാണ്. ഇവര്‍ക്ക് പ്ലസ് 2വിന് പഠിക്കുന്ന ഒരു മകളുണ്ട്, ഇതാണ് സിനിമയുടെ കഥാപരിസരം. അമ്മയും മകളും തമ്മിലുള്ള ബന്ധം, ആ സ്‌പേസിലേക്ക് അച്ഛന്‍ വരുന്നത്, മകളുമായുള്ള അച്ഛന്റെ ബന്ധം, കുട്ടികളെ അമിതമായി നിയന്ത്രിക്കുന്നതും അവരുടെ പ്രൈവസിയില്‍ കയറുന്നതും, അതേസമയം മാതാപിതാക്കളുടെ ടെന്‍ഷന്‍ ഇതൊക്കെയാണ് സിനിമയിലെ പ്രധാന പ്ലോട്ടുകളെന്ന് പറയാം.

സത്യന്‍ അന്തിക്കാടിന്റെ സിഗ്നേച്ചര്‍ ഐറ്റമായ കുടുംബവും നാട്ടിന്‍പുറത്തെ നന്മയുമൊക്കെ തന്നെയാണ് ഈ സിനിമയിലുമുണ്ടാവുക എന്നത് ട്രെയ്‌ലറില്‍ നിന്നും വ്യക്തമായിരുന്നു. എന്നാല്‍ ഈ സ്ഥിരം പ്രതീക്ഷക്കൊപ്പമെത്താന്‍ പോലും സിനിമക്ക് കഴിയുന്നില്ല.

ബലമില്ലാത്ത തിരക്കഥയും ഒരു ഒഴുക്കുമില്ലാത്ത പ്ലോട്ടുകളും യാതൊരു ആഴവുമില്ലാത്ത കഥാപാത്രങ്ങളും വളരെ കൃത്രിമമായ തമാശകളും സീനുകളുമാണ് മകളിലുള്ളത്. ടീനേജറായ മകളും അച്ഛനും തമ്മിലുള്ള ബന്ധവും ഗള്‍ഫുകാരനായ അച്ഛന്‍ പെട്ടെന്ന് നാട്ടില്‍ സ്ഥിരമായി താമസിക്കാനെത്തുമ്പോള്‍ അത് വീടിനകത്ത് ഉണ്ടാക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയവയും മികച്ച അവതരണത്തിന് സാധ്യതയുള്ള വിഷയങ്ങളായിരുന്നു. ഇക്കാര്യങ്ങളെ ആഴത്തില്‍ സമീപിച്ചുകൊണ്ട് ചിത്രീകരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മകള്‍ അല്‍പം കൂടി മെച്ചപ്പെട്ട അനുഭവമായിരുന്നു.

മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധ്യതയുണ്ടായിരുന്ന വിഷയങ്ങളെ വളരെ പെരിഫെറലായി സമീപിച്ചുകൊണ്ട് ഒരു ശുഭപര്യവസാനത്തിലേക്ക് എത്തിക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയെടുത്ത പ്ലോട്ടാണ് സിനിമയുടേത്. തമാശക്ക് വേണ്ടിയാണെങ്കിലും ഇങ്ങനെയോരോ കഥാസന്ദര്‍ഭങ്ങള്‍ കുത്തിക്കയറ്റരുതെന്ന് പറയാന്‍ തോന്നിപ്പിക്കും വിധമാണ് പല സീനുകളും.

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ ഇംപ്രസ് ചെയ്യാന്‍ അച്ഛന്റെ സ്ഥാപനത്തില്‍ അതിഥി തൊഴിലാളിയായി എത്തുന്ന പയ്യന്‍, വീട്ടില്‍ കയറിയ കള്ളനെ പൊലീസില്‍ പിടിച്ചുകൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടിലെ പണികളൊക്കെ ചെയ്യിപ്പിച്ച് അങ്ങനെ നിര്‍ത്തുന്ന ഒരാള്‍… ഇങ്ങനെ കുറെയുണ്ട്. സിനിമാറ്റിക് ലിബേര്‍ട്ടി എന്നത് തീര്‍ച്ചയായുമുണ്ട്. പക്ഷെ പടം കാണുമ്പോള്‍ ഒരു ലോജിക്കോ ഫീലോ കണക്ഷനോ തോന്നാത്ത രംഗങ്ങളായിരുന്നു ഇതെല്ലാം. സിനിമയുടെ അവസാനം വരുന്ന ഒരു ക്യാരക്ടറും അയാളുടെ ലൈഫും കൂടി ആകുമ്പോള്‍ ഇതങ്ങ് പൂര്‍ത്തിയാകും.

സംവിധാനത്തിലും കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലും മേക്കിങ്ങിലും ബോറടിപ്പിക്കുന്ന ഒരു പഴഞ്ചന്‍ ഫീലാണ് മകള്‍ തരുന്നത്. സിനിമയുടെ ഏറ്റവും തുടക്കത്തിലെ തമാശകളടക്കം ആളുകളെ ചിരിപ്പിക്കാനായി മാത്രം ചേര്‍ത്ത സീനുകള്‍ സത്യന്‍ അന്തിക്കാടിന്റെ മുന്‍ സിനിമകളുടെ ആവര്‍ത്തനമായിരുന്നു. എന്നാല്‍ അന്ന് ചിരിപ്പിച്ചതു പോലെ പോലും ഇതൊന്നും ഇന്ന് ചിരിപ്പിക്കുന്നുമില്ല.

ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥ എവിടെ നിന്നോ തുടങ്ങി മറ്റെവിടെയോ ചെന്ന് അവസാനിക്കുന്ന പോലെയാണ് നീങ്ങുന്നത്. ക്യാമറയും പശ്ചാത്തല സംഗീതവുമെല്ലാം ചിത്രത്തിന്റെ വിരസത കൂട്ടുന്ന രീതിയിലായിരുന്നു. ചില പാട്ടുകള്‍ മാത്രം കേട്ടിരിക്കാന്‍ രസമുള്ളതായിരുന്നു.

ചിത്രത്തിലെ കഥാപാത്രങ്ങളിലേക്കും പെര്‍ഫോമന്‍സിലേക്കും വന്നാല്‍, ഈ സിനിമ ആവശ്യപ്പെടുന്ന രീതിയിലുള്ള പ്രകടനം എല്ലാവരും നടത്തിയിട്ടുണ്ട്. ജയറാം തന്റെ റോള്‍ മികച്ച രീതിയില്‍ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. തിരിച്ചുവരവ് ഗംഭീരമാക്കി എന്ന് പറയാനുള്ള സ്‌പേസൊന്നും മീര ജാസ്മിന്റെ ജൂലിക്ക് സിനിമയിലുണ്ടായിരുന്നില്ല. ദേവിക സഞ്ജയ് മകളായ അപ്പുവായി തന്റെ ഭാഗങ്ങള്‍ മോശമില്ലാതെ അവതരിപ്പിക്കുന്നുണ്ട്. നസ്‌ലന്‍ തന്റെ സ്ഥിരം പാറ്റേണിലുള്ള തമാശകളുമായാണ് എത്തിയിട്ടുള്ളത്. സത്യന്‍ അന്തിക്കാട് സിനിമയിലെ അവിഭാജ്യ കഥാപാത്രങ്ങളെ പോലെ ഇന്നസെന്റ്, സിദ്ധീക്ക് തുടങ്ങിയവരുടെ കഥാപാത്രങ്ങളുമുണ്ട്.

അഭിനേതാക്കളെല്ലാം വേഷങ്ങള്‍ മികച്ചതാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഥാപാത്രനിര്‍മ്മിതിയിലും സംവിധാനത്തിലുമുള്ള പ്ലാസ്റ്റിക് ഫീല്‍ ഇവരിലും കാണാന്‍ സാധിക്കും. പിന്നെ സമീപകാലത്ത് വിവാദമായ തന്റെ ചില പ്രസ്താവനകളെ സത്യന്‍ അന്തിക്കാട് തന്നെ ചെറുതായി സ്വയം ട്രോളുന്ന തരത്തില്‍ സിദ്ധീക്കിന്റെയും നസ്ലന്റെയും കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ഓര്‍ഗാനിക് ഫാമിങ്ങിന്റെ ഗുണങ്ങള്‍ വിശദീകരിക്കാന്‍ ശ്രീനിവാസന്‍ സിനിമയിലെത്തുന്നുണ്ട്.

പഴയ ട്രാക്കിലാണെങ്കില്‍ പോലും തരക്കേടില്ലാത്ത സിനിമയാകാനുള്ള ചില സാധ്യതകള്‍ മകളിലുണ്ടായിരുന്നു. എന്നാല്‍ സംവിധാനത്തിലും തിരക്കഥയിലും വന്ന തുടര്‍ച്ചയായ പാളിച്ചകള്‍ സിനിമയില്‍ വിരസത മാത്രം ബാക്കിയാക്കുകയാണ്.

Content Highlight: Makal Movie Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.