Kerala News
വിജയ് ബാബുവിന്റെ നിലപാട് സ്ത്രീ സമൂഹത്തിന് നേരെ നടന്ന അതിക്രമം: മഹിളാ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 27, 05:39 pm
Wednesday, 27th April 2022, 11:09 pm

തിരുവനന്തപുരം: ലൈംഗിക ചൂഷണം നടത്തി എന്ന് പരാതിപ്പെട്ട നടിയുടെ പേര് സമൂഹ മാധ്യമം വഴി വെളിപ്പെടുത്തിയ വിജയ് ബാബുവിന്റെ നിലപാട് സ്ത്രീ സമൂഹത്തിന് നേരെ നടന്ന അതിക്രമമാണെന്ന് മഹിളാ കോണ്‍ഗ്രസ്. പത്രക്കുറിപ്പിലൂടെയായിരുന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി പ്രതികരണമറിയിച്ചത്.

സിനിമാ മേഖലയും പൊതുസമൂഹവും ആവശ്യപ്പെട്ടിട്ടും ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതും അതിന്മേല്‍ നടപടിയെടുക്കാത്തതും ദുരൂഹമാണ്. ഇരയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ നടന്‍ സ്ത്രീകളെ മുഴുവന്‍ പരസ്യമായി അവഹേളിച്ചു.

പണ്ട് നായനാര്‍ പറഞ്ഞതുപോലെ നാട്ടില്‍ കാപ്പി കുടിക്കും പോലെ സ്ത്രീ പീഡനം നടക്കുമ്പോഴും പിണറായി സര്‍ക്കാര്‍ അനങ്ങാപ്പാറയായി ഇരിക്കുകയാണ്. പാര്‍ട്ടിയില്‍ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ തന്നെ നടപടിയെടുക്കാത്തത് സര്‍ക്കാര്‍ വിഷയത്തെ എങ്ങനെ കാണുന്നു എന്നതിന്റെ തെളിവാണ്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ സംസ്ഥാന കമ്മിറ്റിയില്‍ പരാതി ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മിണ്ടിയില്ലെന്നും ജെബി മേത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ലൈംഗീക പരാതി ഉന്നിയിച്ച ഇരയുടെ പേര് വെളിപ്പെടുത്തി നടനും നിര്‍മാതാവുമായ വിജയ് ബാബു പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് തനിക്കെതിരെ മീ ടൂ ആരോപണമുന്നയിച്ച യുവതിയുടെ പേര് വെളിപ്പെടുത്തിയും താനാണ് ഇരയെന്നും വാദിച്ചുകൊണ്ട് വിജയ് ബാബു ലൈവില്‍ വന്നത്.

ബലാത്സംഗ കേസുകളിലെ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമമാണ് വിജയ് ബാബു ലംഘിച്ചത്. യുവതിയുടെ പേര് വെളിപ്പെടുത്തിയതോടെ ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു.

പിന്നാലെ വിജയ് ബാബുവിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുക്കും. എറണാകുളം സൗത്ത് പൊലീസാണ് ഇരയുടെ പേര് വെളിപ്പെടുത്തിയതിന് കേസെടുക്കുക.