കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം; കര്‍ണാടകയിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച് മഹാരാഷ്ട്ര
national news
കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം; കര്‍ണാടകയിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച് മഹാരാഷ്ട്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th December 2022, 10:52 am

മുംബൈ: കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ, കര്‍ണാടകയിലേക്കുള്ള ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് മഹാരാഷ്ട്ര.

മഹാരാഷ്ട്ര സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനാണ് (Maharashtra state road Transport Corporation) ബുധനാഴ്ച തീരുമാനമെടുത്തത്. കര്‍ണാടക അതിര്‍ത്തിക്കുള്ളില്‍ മഹാരാഷ്ട്ര ബസുകള്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന് പൊലീസ് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് എം.എസ്.ആര്‍.ടി.സിയുടെ നടപടിയെന്ന് സംസ്ഥാന ഗതാഗത വകുപ്പ് അറിയിച്ചു.

യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ സംബന്ധിച്ച് പൊലീസില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെയുമായി താന്‍ സംസാരിച്ചതായും അമിത് ഷായുമായി ഉടന്‍ സംസാരിക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ പറഞ്ഞിരുന്നു.

”ഞാന്‍ കര്‍ണാടക മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിച്ചു. ശരത് പവാര്‍ സാഹിബിന് കര്‍ണാടകയിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തി. കേന്ദ്രമന്ത്രി അമിത് ഷായുമായും ഈ തര്‍ക്കത്തെ കുറിച്ച് ഞാന്‍ സംസാരിക്കും. അദ്ദേഹം ഉടന്‍ ഈ വിഷയത്തില്‍ ശ്രദ്ധിക്കും,” ഫഡ്‌നാവിസ് പറഞ്ഞു.

മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും നിയമം കയ്യിലെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബസവരാജ് ബൊമ്മെെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും വിഷയം ഫോണിലൂടെ സംസാരിച്ചു. ”മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏക്‌നാഥ് ഷിന്‍ഡെ എന്നോട് ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരു സംസ്ഥാനങ്ങളിലും ക്രമസമാധാനം നിലനില്‍ക്കണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരേ നിലപാടാണ്,” ബൊമ്മെെ ട്വീറ്റ് ചെയ്തു.

ഇതിനിടെ, മഹാരാഷ്ട്രയിലെ പൂനെയില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് ശിവസേനയുടെ ഉദ്ധവ് താക്കറെ പക്ഷം തടയുകയും കാവിയും കറുപ്പും നിറമടിക്കുകയും ജയ് മഹാരാഷ്ട്ര എന്ന് എഴുതുകയും ചെയ്തു.

അതേസമയം, അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെ കര്‍ണാടകയിലെ ബെലഗാവിയില്‍ മഹാരാഷ്ട്ര വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ലോറികളുടെ നമ്പര്‍ പ്ലേറ്റില്‍ കറുത്ത മഷി ഒഴിക്കുകയാണുണ്ടായത്.

കര്‍ണാടക രക്ഷണ വേദികെയുടെ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

മഹാരാഷ്ട്രയും കര്‍ണാടകയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം 1956ലെ സംസ്ഥാന പുനസംഘടന നിയമം (State Reorganization Act, 1956) നടപ്പാക്കിയത് മുതലുള്ളതാണ്. കര്‍ണാടകയുമായുള്ള അതിര്‍ത്തി പുനക്രമീകരിക്കണമെന്ന് അന്നത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് ഒരു നാലംഗ സമിതി രൂപീകരിച്ചു.

പ്രധാനമായും കന്നഡ സംസാരിക്കുന്ന 260 ഗ്രാമങ്ങള്‍ കര്‍ണാടകക്ക് കൈമാറാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സന്നദ്ധമായിരുന്നെന്നും എന്നാല്‍ കര്‍ണാടക ഈ നിര്‍ദേശം നിരസിക്കുകയായിരുന്നെന്നും എ.എന്‍.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

1960ലെ പുനസംഘടനയില്‍ മറാത്തി ഭൂരിപക്ഷ മേഖലയായ ബെലഗാവി കര്‍ണാടകയ്ക്ക് നല്‍കിയത് പുനപരിശോധിക്കണമെന്നാണ് ഇപ്പോള്‍ മഹാരാഷ്ട്രയുടെ ആവശ്യം. നിലവില്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്.

കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight: Maharashtra govt suspends bus services to Karnataka after police flag security alert amid border row