മുംബൈ: ഗോമാംസം നിരോധിക്കുന്നതിനും കന്നുകാലികളുടെ മൊത്തത്തിലുള്ള ഉന്നമനത്തിനായുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനായി 2015ലെ ബീഫ് നിരോധന നിയമം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിനായി പശുസേവന കമ്മീഷന്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തിന് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നല്‍കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ‘മഹാരാഷ്ട്ര ഗോ സേവാ ആയോഗ്’ (പശു സേവനത്തിനുള്ള മഹാരാഷ്ട്ര കമ്മീഷന്‍) കന്നുകാലികളെ വളര്‍ത്തുന്നതിന് മേല്‍നോട്ടം വഹിക്കുകയും അവയില്‍ ഉല്‍പാദനക്ഷമമല്ലാത്തത്, കറവ, പ്രജനനം, കാര്‍ഷിക ജോലികള്‍ എന്നിവയ്ക്ക് അനുയോജ്യമല്ലാത്തതെന്ന് വിലയിരുത്തുമെന്നും മൃഗസംരക്ഷണ വകുപ്പ് പറഞ്ഞു.
ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രൂപീകരിച്ച അതേ മാതൃകയിലാണ് ഏക്‌നാഥ് ഷിന്‍ഡെ-ബി.ജെ.പി സര്‍ക്കാര്‍ പശു സേവന കമ്മീഷന്‍ രൂപീകരിക്കുന്നത്.
‘ഉല്‍പാദനക്ഷമതയില്ലാത്ത കന്നുകാലികളെ അറവുശാലകളിലേക്ക് കൊണ്ടു പോകുന്നത് തടയാനായി കമ്മീഷന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിക്കും. ഇത് 2015 മാര്‍ച്ചില്‍ പാസാക്കിയ മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ (ഭേദഗതി) ആനിമല്‍ ആക്റ്റ്, 1995 പ്രകാരം ഇത് നിയമവിരുദ്ധമാണ്,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അലഞ്ഞുതിരിയുന്നതും ഉല്‍പാദനക്ഷമമല്ലാത്തതുമായ കന്നുകാലികളെ പാര്‍പ്പിക്കാന്‍ രൂപീകരിച്ച എല്ലാ ഗോശാലകളും കമ്മീഷന്‍ നിരീക്ഷിക്കുമെന്നും ആവശ്യമുള്ളവര്‍ക്കെല്ലാം സാമ്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
24 അംഗങ്ങള്‍ അടങ്ങിയ കമ്മിറ്റിയുടെ അധ്യക്ഷനെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. സംസ്ഥാനത്ത് ഗോശാലകള്‍ക്കായി നിലവിലുള്ള എല്ലാ പദ്ധതികളും കമ്മീഷന്‍ നടപ്പിലാക്കുക മാത്രമല്ല, കന്നുകാലികളുടെ ഉന്നമനത്തിനായി പുതിയ പദ്ധതികളും പരിപാടികളും അവതരിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഗോശാലകളുടെ സഹായത്തോടെ മെച്ചപ്പെട്ട ഇനം കന്നുകാലികളെ വളര്‍ത്താനും പ്രാദേശിക ഇനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണ പദ്ധതികള്‍ ആരംഭിക്കാനും പശു കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പശുവിന്റെ ചാണകം, മൂത്രം തുടങ്ങയവയില്‍ നിന്നും ബയോഗ്യാസും വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കുന്നതിനായി കന്നുകാലി വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളെയും മറ്റ് ഗവേഷണ സ്ഥാപനങ്ങളെയും ഏകോപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഏറ്റെടുക്കും, ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
content highlight: Maharashtra Cabinet approves Gosevana Commission to implement Beef Ban Act