മഹാരാഷ്ട്രയിൽ പള്ളി തകര്‍ത്തതിന് പിന്നാലെ നിരവധി മുസ്‌ലിം വീടുകള്‍ക്ക് നേരെയും ഹിന്ദുത്വ പ്രവര്‍ത്തകരുടെ ആക്രമണം
national news
മഹാരാഷ്ട്രയിൽ പള്ളി തകര്‍ത്തതിന് പിന്നാലെ നിരവധി മുസ്‌ലിം വീടുകള്‍ക്ക് നേരെയും ഹിന്ദുത്വ പ്രവര്‍ത്തകരുടെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th July 2024, 7:49 pm

മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരില്‍ കഴിഞ്ഞ ദിവസം ഹിന്ദുത്വ പ്രവര്‍ത്തകര്‍ പള്ളി തകര്‍ത്തതിന് പിന്നാലെ നിരവധി മുസ്‌ലിം വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. ഞായറാഴ്ച 5060 വീടുകളാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ തകര്‍ത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ആയിരക്കണക്കിന് ഹിന്ദുത്വ പ്രവര്‍ത്തകര്‍ വീടുകള്‍ കൊള്ളയടിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആക്രമണം ഉണ്ടായതോടെ പ്രദേശത്തെ താമസക്കാര്‍ വീടുകളില്‍ നിന്ന് ഇറങ്ങി ഓടി വനങ്ങളിൽ ഒളിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഹനങ്ങളും വീടുകളും തീവെച്ച് നശിപ്പിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ജയ് ശ്രീറാം വിളിച്ചെത്തിയ സംഘമാണ് കോലാപൂരിലെ ഗജാപൂര്‍ ഗ്രാമത്തിലെ മസ്ജിദ് കഴിഞ്ഞ ദിവസം ആക്രമിച്ചത്. സംഘം പള്ളി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാവി ഷാള്‍ ധരിച്ചെത്തിയ സംഘം പള്ളിക്ക് മുകളില്‍ കയറി ആയുധങ്ങള്‍ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

കോടാലിയും ചുറ്റികയും ഉപയോഗിച്ച് സംഘം പള്ളിയുടെ താഴികക്കുടങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് കേടായ ജനാലകളും ഖുര്‍ആനിന്റെ കത്തിച്ച പേജുകളും കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണം നടക്കുമ്പോള്‍ പള്ളിയില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

പള്ളി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരണവുമായി രംഗത്തെത്തി. ഡിസംബര്‍ ആറ് രാജ്യത്ത് വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

Content Highlight: Maharashtra: After mosque vandalism, houses torched in Kolhapur