പശുവിനെ കൊന്നുവെന്നാരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ആദിവാസികളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
national news
പശുവിനെ കൊന്നുവെന്നാരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ആദിവാസികളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th May 2022, 8:14 am

ഭോപ്പാല്‍:പശുവിനെ കൊന്നുവെന്നാരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ആദിവാസികളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശിലെ സിയോനിയിലാണ് സംഭവം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ 20 പേര്‍ക്കെതിരെ കേസ് എടുത്തതായും മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു.

സമ്പത്ത് ബാട്ടി, ധന്‍സ എന്നിവരാണ് കൊല്ലപ്പെട്ടത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബ്രജേഷ് ബാട്ടി ചികിത്സയിലാണ്. പശുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് 20 അംഗസംഘം ആദിവാസിയുവാക്കളുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രണ്ടുപേരും മരിച്ചതെന്നും പൊലീസ് പറഞ്ഞു.

മൃതദേഹം ഉടന്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അഡീഷണല്‍ എസ്.പി എസ്.കെ. മറാവി പറഞ്ഞു.

സംഭവത്തിന് പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് പരാതി നല്‍കി. സംഭവത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാംഗം അര്‍ജുന്‍ സിംഗ് കകോഡിയയുടെ നേതൃത്വത്തിലുള്ള സംഘം ജബല്‍പൂര്‍-നാഗ്പൂര്‍ ഹൈവേയില്‍ പ്രതിഷേധം ആരംഭിച്ചു.

അക്രമികളില്‍ ബജ്‌റംഗ്ദള്‍ അംഗങ്ങളുണ്ടെന്നും സംഘടനയെ നിരോധിക്കണമെന്നും കകോഡിയയുടെ ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമല്‍നാഥ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇതിന് മുന്‍പും മധ്യപ്രദേശില്‍ പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടാക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

 

Content Highlights: Madhya Pradesh: Two tribal men lynched on suspicion of cow slaughter in Seoni, one arrested