ശിവരാജ് സിങ്ങിന്റെ ആ വെല്ലുവിളി മധ്യപ്രദേശില്‍ ബി.ജെ.പിക്ക് 20 സീറ്റെങ്കിലും നഷ്ടമാക്കും; വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ്
national news
ശിവരാജ് സിങ്ങിന്റെ ആ വെല്ലുവിളി മധ്യപ്രദേശില്‍ ബി.ജെ.പിക്ക് 20 സീറ്റെങ്കിലും നഷ്ടമാക്കും; വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th December 2018, 11:15 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ വിമര്‍ശനവുമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ എം.പിയുമായ രഘുനന്ദന്‍ ശര്‍മ.

സംവരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ “”മായ് കാ ലാല്‍”” പ്രസ്താവനക്കെതിരായിരുന്നു ബി.ജെ.പി നേതാവ് രംഗത്തെത്തിയത്.

പട്ടിക ജാതി പട്ടിക വര്‍ഗ സംവരണം ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു മായ് കാ ലാല്‍ എന്ന പ്രസ്താവന ശിവരാജ് സിങ് ചൗഹാന്‍ നടത്തിയത്.

“” മുഖ്യമന്ത്രി മുന്‍കാലങ്ങളില്‍ നടത്തിയ പല പ്രസ്താവനകളും ബി.ജെ.പിക്ക് ചീത്തപ്പേര് ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ചില വെല്ലുവിളികളും “”അമ്മയുടെ പാല് കുടിച്ച വളര്‍ന്നവനാണെങ്കില്‍”” പോലുള്ള ചില പ്രസ്താവനകളും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നും ഇരുപത് സീറ്റെങ്കിലും പാര്‍ട്ടിയ്ക്ക് കുറഞ്ഞത് നഷ്ടം വരുമെന്നും ശര്‍മ പറഞ്ഞു.


Dont Miss വോട്ടെണ്ണല്‍ ഹാളില്‍ വൈ ഫൈ അനുവദിക്കില്ല; വെബ് കാസ്റ്റിങ്ങും വേണ്ട; കര്‍ശന നിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍


പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷിക്കണം. ഉയര്‍ന്ന ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ വികാരാധീനനായി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയാല്‍ അത് തെരഞ്ഞെടുപ്പിനെ ബാധിക്കും. മധ്യപ്രദേശില്‍ വരാനിരിക്കുന്നതും അത്തരമൊരു ജനവിധിയായിരിക്കും. – ശര്‍മ പറഞ്ഞു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് മൂന്ന് പ്രധാന എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നിരുന്നു. 15 വര്‍ഷത്തെ ശിവ്‌രാജ് സിംഗ് ചൗഹാന്റെ ഭരണത്തിന് അവസാനം കുറിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് ഇന്ത്യാ ടുഡേ, എ.ബി.പി, റിപ്പബ്ലിക് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.