കൊച്ചി: മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങളുടെ പര്യായമായി മാറിയ നടനാണ് മധുപാല്‍. നടനേക്കാളുപരി ഒരു എഴുത്തുകാരനും സംവിധായകനുമായ അദ്ദേഹം മികച്ച ചിത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്.
തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് അദ്ദേഹം സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്. തലപ്പാവ് കഥ പറയാനായി നടന്‍ ലാലിനെ സമീപിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് മധുപാല്‍.
മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.
‘തലപ്പാവ് ചെയ്യുന്ന സമയത്ത് കഥ ആദ്യം പോയി സംസാരിച്ചത് ലാലിനോടായിരുന്നു. വേറെ കുറെ നടന്‍മാരുടെ പേരൊക്കെ ചര്‍ച്ചയില്‍ വന്നിരുന്നു. ലാല്‍ കഥ കേള്‍ക്കുകയും അതേ രീതിയില്‍ സ്വീകരിക്കുകയും ചെയ്തു.
എന്നിട്ട് പുള്ളി പറഞ്ഞു, പോകുന്ന വഴിയ്ക്ക് നിങ്ങള്‍ വേറെ ആരുടെയടുത്തും കഥ പറയാന്‍ ചെല്ലരുത്. ചെന്നാല്‍ നിങ്ങളെ ഞാന്‍ വെടിവെച്ച് കൊല്ലുമെന്ന് വരെ പറഞ്ഞു.
പുള്ളിയ്ക്ക് ആ കഥാപാത്രം ചെയ്യണമെന്നുള്ളത് കൊണ്ടുതന്നെയായിരുന്നു അങ്ങനെ പറഞ്ഞത്(ചിരിക്കുന്നു). എന്റെ രണ്ടാമത്തെ സിനിമയായ ഒഴിമുറി ചെയ്യുന്ന സമയത്തും ലാലിന്റെ മുഖമായിരുന്നു മനസ്സില്‍.
തെക്കന്‍ തിരുവിതാംകൂറിലെ നായര്‍ സമുദായത്തിലെ മനുഷ്യന്‍ എന്ന് സങ്കല്‍പ്പിച്ചപ്പോള്‍ തന്നെ എന്റെ ഉള്ളില്‍ വന്ന ആദ്യരൂപവും ലാലിന്റേതായിരുന്നു,’ മധുപാല്‍ പറയുന്നു.