ഗോവിന്ദന്റെ യാത്ര എന്നാണ് അവര്‍ വിളിച്ചത്; ജനകീയ പ്രതിരോധ ജാഥ എന്ന് പറയാന്‍ പോലും ചില പത്രങ്ങള്‍ മടിച്ചു: എം.വി. ഗോവിന്ദന്‍
Kerala News
ഗോവിന്ദന്റെ യാത്ര എന്നാണ് അവര്‍ വിളിച്ചത്; ജനകീയ പ്രതിരോധ ജാഥ എന്ന് പറയാന്‍ പോലും ചില പത്രങ്ങള്‍ മടിച്ചു: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st March 2023, 4:51 pm

തിരുവനന്തപുരം: തന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രതിരോധ ജാഥ വന്‍ വിജയമായിട്ടാണ് പാര്‍ട്ടി കണക്കാക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജനകീയ പ്രതിരോധ ജാഥ എന്ന് പറയാന്‍ പല പത്രങ്ങള്‍ക്കും മടിയായിരുന്നുവെന്നും ഗോവിന്ദന്റെ യാത്ര എന്നാണ് അവര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ജനകീയ പ്രതിരോധ ജാഥയെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് മുമ്പുതന്നെ ‘ജാഥ പാര്‍ട്ടി വിലയിരുത്തിയെന്നും ചിലയിടങ്ങളില്‍ വീഴ്ച്ച വന്നെന്ന് കണ്ടെത്തി’ വാര്‍ത്ത വന്നെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

‘പാര്‍ട്ടി ഇന്നാണ് ജാഥയെപ്പറ്റി ചര്‍ച്ച നടത്തിയത്. മാധ്യമങ്ങള്‍ ഇന്നലെ ചര്‍ച്ച നടത്തിയെന്ന് വാര്‍ത്ത കൊടുത്തു. മൂന്ന് പത്രത്തില്‍ ഏതാണ്ട് ഒരേ വാര്‍ത്തയാണ്. ജാഥ വേണ്ടത്ര വിജയിച്ചില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയത്രേ. ഞങ്ങള്‍ നല്ല രീതിയില്‍ വിലയിരുത്തിയിട്ടുണ്ട്. ജാഥ വമ്പിച്ച വിജയമായിരുന്നു,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

നിയമസഭയിലെ പ്രതിപക്ഷ സമരം അസാധാരണവും ജനാധിപത്യ വിരുദ്ധവുമായിരുന്നു. അതിനെ വലിയി മെറിറ്റോട് കൂടി മാധ്യമങ്ങള്‍ ശരിയായ രീതിയില്‍ ആഘോഷിച്ചത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്ത വിധി ഫുള്‍ ബെഞ്ച് പരിഗണിക്കെട്ടെയെന്നും വിധിയില്‍ സി.പി.ഐ.എമ്മിന് കൃത്യമായ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തുന്ന ജഡ്ജിമാരാണെങ്കില്‍ അവരെ ജഡ്ജിമാരെന്ന് വിളിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ജനാധിപത്യ വിരുദ്ധമാണെന്നും സി.പി.ഐ.എം വിഷയത്തില്‍ ശരിയായ നിലപാട് സ്വീകരിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളില്‍ സംശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.