മുംബൈ: മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേദ്രമോദിയുടെ പ്രചാരണത്തെ നേരിടാൻ പുതിയ പദ്ധതികളുമായി മഹാവികാസ് അഘാഡി. മഹാരാഷ്ട്രയിൽ പ്രധാനമന്ത്രിയുടെ തുടർച്ചയായുള്ള പ്രചാരണം തങ്ങൾക്കുണ്ടാക്കിയ ആഘാതം കുറക്കാൻ പുതിയ സംയുക്ത റാലികൾ നടത്താനാണ് സഖ്യം തീരുമാനിച്ചിരിക്കുന്നത്. നരേന്ദ്രമോദി റാലികൾ നടത്തിയ അതേ ഇടങ്ങളിൽ തന്നെയായിരിക്കും പുതിയ റാലികൾ.
മോദി റാലികൾ നടത്തിയ അതേസ്ഥലത്തു വെച്ച് തങ്ങളുടെ റാലികൾ നടത്തുമെന്നും അവിടെ വെച്ച് മോദി സർക്കാരിന്റെ പരാജയത്തെക്കുറിച്ചും, മറ്റ് പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കുമെന്നും സഖ്യനേതാക്കൾ വ്യക്തമാക്കുന്നു. മോദിപ്രഭാവത്തെ നേരിടാൻ ‘ഉത്തര സഭ’ എന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും മോദി നടത്തിയ റാലികളെയും പ്രസംഗത്തെയും തകർക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും സഖ്യം വിലയിരുത്തുന്നു. 2019 ലെ തെരഞ്ഞെടുപ്പിൽ മോദി ഒമ്പത് റാലികളാണ് മഹാരാഷ്ട്രയിൽ സംഘടിപ്പിച്ചത്. എന്നാൽ ഇത്തവണ അത് ഒരു ഡസൻ ആയെന്നും അത് 18 ലേക്ക് കൂടാനുള്ള സാധ്യത ഏറെയാണെന്നും വിലയിരുത്തലുണ്ട്.
ശിവസേന നേതാവ് ഉദ്ദവ് താക്കറെ, എൻ.സി.പി നേതാവ് ശരദ് പവാർ, കോൺഗ്രസ് നേതാവ് ബാലാസാഹിബ് തോരറ്റ,് എ.എ.പി പാർട്ടി നേതാവ് സഞ്ജയ് സിങ് എന്നിവരായിരിക്കും സംയുക്ത റാലിയിൽ പങ്കെടുക്കുന്ന മുതിർന്ന നേതാക്കൾ.
‘നമ്മുടെ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച സംസാരിക്കാനും അതോടൊപ്പം മോദി ഞങ്ങളോട് ചെയ്ത നീതികേടിനെക്കുറിച്ച് സംസാരിക്കാനും ഈ റാലി ഞങ്ങൾ ഉപയോഗിക്കും. മോദി വലിയ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. ഓരോ വ്യക്തിയുടെയും അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ ലഭിക്കുമെന്നും, കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്നും മറ്റും പറയുന്നുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ പത്തു വർഷമായി മോദി എന്താണ് ചെയ്തത് ?, എല്ലാം വെറും വാഗ്ദാനങ്ങൾ മാത്രമാണ്. ഇനിയും മോദി വിജയിക്കുകയാണെങ്കിൽ അത് അവസാനത്തെ തെരഞ്ഞെടുപ്പ് ആയിരിക്കും,മോദിക്ക് ഭരണഘടനയോടും അംബേദ്ക്കറോടും വെറുപ്പാണ്. അവർ ഭരണഘടന തന്നെ മാറ്റിക്കളയും,’ ശിവസേന നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞു.