KAS കേഡര്‍ IASന്റെ കുട്ടി പതിപ്പായി മാറാന്‍ അനുവദിച്ചാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ അനന്തമായ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കും എന്നത് ഏതാണ്ട് തീര്‍ച്ചയാണ്. പല വകുപ്പുകളിലും ഒന്നും രണ്ടും ഗസറ്റഡ് തസ്തികകളില്‍ നേരിട്ടുള്ള നിയമനം ഉണ്ട്. ബൈ ട്രാന്‍സ്ഫര്‍ നിയമനങ്ങളും നിലവില്‍ ഉണ്ട്. അതില്‍ നിന്നും ഇത് വ്യത്യസ്തമാകുന്നത് ഈ കുട്ടിപ്പതിപ്പിന്റെ ലാഞ്ചനയാണ്. അത് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു സ്ഥിതിവിശേഷമാണ്.
സര്‍ക്കാരിന്റെ പ്രഖ്യാപിത ഭരണപരിഷ്‌ക്കാര നടപടിയാണ് KAS. അത് ഏതാണ്ട് അസാധ്യം എന്ന് കരുതിയിരുന്നതാണ്. സര്‍ക്കാര്‍ അസാധാരണമായ നിശ്ചയദാര്‍ഡ്യം പ്രകടിപ്പിച്ച മറ്റൊരു ഉദാഹരണമായി മാറി KAS കേഡര്‍ രൂപീകരണം. ഇപ്പോള്‍ അതിന്റെ റിക്രൂട്ട്‌മെന്റ് നടപടികള്‍ അന്തിമഘട്ടത്തിലാണ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
നവംബര്‍ മാസത്തില്‍ ഒരു പുത്തന്‍ ഉദ്യോഗസ്ഥ വൃന്ദം നമ്മുടെ സിവില്‍ സര്‍വീസിന്റെ സ്വഭാവം മാറ്റി മറിച്ചു കൊണ്ട് രംഗത്തെത്തും. അത് നാളിതുവരെയുള്ള ഭരണപരിഷ്‌ക്കാര നടപടികളില്‍ ഏറ്റവും വലിയ മാറ്റമാകും സൃഷ്ടിക്കുക എന്ന് വേണം മനസ്സിലാക്കാന്‍.
ഇത്രയും സര്‍വ്വതല സ്പര്‍ശിയായ ഒരു മാറ്റം സിവില്‍ സര്‍വീസില്‍ നടക്കുമ്പോള്‍ അത് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ജനകീയ ചര്‍ച്ചകള്‍ക്ക് വിധേമാകേണ്ടതുണ്ട് എന്നാണ് തോന്നുന്നത്. കാരണം സിവില്‍ സര്‍വീസ് പരിഷ്‌ക്കരണം എന്നത് ജനാധിപത്യ ഭരണ നടത്തിപ്പിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ടതാണ്. കൂടുതല്‍ ഫലപ്രദവും സുതാര്യവും ചടുലവുമായ രീതിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടുന്നതിനു ഈ പരിഷ്‌ക്കരണം ഉതകുമോ എന്നതാണ് ഇത്തരം പരിഷ്‌ക്കാരങ്ങളുടെ ആത്യന്തിക ചോദ്യം.
സര്‍വീസ് ഡെലിവറിയിലെ ഗുണപരവും ജനാധിപത്യപരവുമായ പുരോഗമന മാറ്റങ്ങള്‍ക്ക് വഴിവെക്കുന്നതാകണം സിവില്‍ സര്‍വീസ് പരിഷ്‌ക്കാരങ്ങള്‍ എന്നതാണ് പ്രധാനം. കൂടുതല്‍ ബ്യൂറോക്രാറ്റിക്ക് ആകില്ല എന്നും കൂടുതല്‍ ഡെമോക്രാറ്റിക് ആകും എന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. ആ നിലയില്‍ KAS സംബന്ധിച്ച ചടുലമായ ചര്‍ച്ചകള്‍ ഉയരുന്നില്ല എന്നത് ഉല്‍ക്കണ്ഠ ഉളവാക്കുന്ന സംഗതി തന്നെയാണ്.
ഇപ്പോള്‍ KAS കഠിന പ്രയത്‌ന ശാലികളായ ഉദ്യോഗാര്‍ത്ഥികളുടെയും പരിശീലന കേന്ദ്രങ്ങളുടെയും മാത്രം കണ്‍സേണായിട്ടാണ് നില്‍ക്കുന്നത്. ഉദ്യോഗ/സ്ഥാനക്കയറ്റ സാധ്യത എന്നത് ആത്യന്തിക ലക്ഷ്യമല്ല. അതൊരു incidental impact മാത്രമാണ്. ലക്ഷ്യം സിവില്‍ സര്‍വീസിന്റെ ജനാധിപത്യ വല്‍ക്കരണവും കാര്യക്ഷമതയും ആണ്. ഈ ചര്‍ച്ച ഉയര്‍ത്താനുള്ള ഉത്തരവാദിത്തം ജനാധിപത്യ സമൂഹത്തിനുണ്ട്. ഏതാണ്ട് ഒരു കുട്ടി IAS കൂട്ടമാണ് സൃഷ്ട്ടിക്കപ്പെടുന്നതെങ്കില്‍ സമൂഹത്തിന് ഈ ചര്‍ച്ചയ്ക്ക് ഒരു സാധ്യതയും ഉണ്ടാവാന്‍ വഴിയില്ല.
IAS കേഡര്‍ സംബന്ധിച്ച എന്തെങ്കിലും നേരിയ ഒരു ഇടപെടലിന് ഇന്ന് ഇത്രമേല്‍ ജനാധിപത്യ ബോധം ഉള്ള സമൂഹം എന്ന് കരുതുന്ന കേരളത്തിന് കഴിയുന്നുണ്ടോ? ഇല്ല എന്ന് മാത്രമല്ല, അത് സാധാരണ പൗരന്റെ റീച്ചിനു പുറത്തുള്ള സംഗതിയാണ് എന്നതാണ് നമ്മുടെ പൊതുബോധം. IAS കേഡറിന്റെ പൊതുരീതി അത് അനവരതം അവകാശങ്ങള്‍ ഉള്ള ഒരു ഉദ്യോഗസ്ഥവൃന്ദം എന്നതാണ്.
ഏറ്റവും ജനോപകാരപ്രദമായി സിവില്‍ സര്‍വ്വീസ് വിനിയോഗിക്കുന്ന IAS കാരും ഈ പ്രിവിലേജിന്റെ വിനിയോഗം എന്ന തരത്തിലാണ് അത് ചെയ്യുക, മറിച്ച് ഉത്തരവാദിത്ത നിര്‍വ്വാഹണം എന്ന തരത്തിലാണ് എന്ന് തോന്നിയിട്ടില്ല. പ്രിവിലേജുകള്‍ മുഖമുദ്രയാകുമ്പോള്‍ ജനാധിപത്യത്തിലെ ഉത്തരവാദിത്തമല്ല മറിച്ച് ദയാശീമാണ് (benevolence) നടക്കുക. അത് ജനാധിപത്യത്തിന്റെ രീതിയല്ല, രാജാധിപത്യത്തിന്റേതാണ്. ഈ ദുരന്തം ആവര്‍ത്തിക്കാതെ ഇരിക്കാനുള്ള മുന്‍കരുതല്‍ KAS സംബന്ധിച്ച വിപുലമായ ജനാധിപത്യ ഇടപെടലുകള്‍ തന്നെയാണ്.
എന്താണ് KAS?
സര്‍ക്കാര്‍ നയങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പിലാക്കുന്നതിന് സമര്‍ത്ഥമായ ഒരു രണ്ടാം നിര സര്‍ക്കാര്‍ കേഡര്‍ കൊണ്ടുവരുന്ന പരിഷ്‌ക്കാരമാണ് KAS. നല്ല ബുദ്ധിശാലികളും പരിശ്രമശാലികളും ആയവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അവസരം നല്‍കുക എന്നതും ലക്ഷ്യമാണ്. ഇത് സര്‍ക്കാര്‍ ഭരണയന്ത്രത്തിന്റെ മാനേജീരിയല്‍ കഴിവും ശേഷിയും വര്‍ധിപ്പിക്കും എന്നതാണ് നിഗമനം.
മൂന്നാമത്തെ ലക്ഷ്യമായി സ്‌പെഷ്യല്‍ റൂള്‍സ് നിര്‍വചിച്ചിരിക്കുന്നത് പ്രത്യേക ശ്രദ്ധവേണ്ട കാര്യമാണെന്ന് തോന്നുന്നു. സ്റ്റേറ്റ് സിവില്‍ സര്‍വ്വീസില്‍ നിന്നും സ്ഥാനക്കയറ്റം വഴി IAS നല്‍കാറുണ്ട്. സാധാരണ കണ്‍ഫേഡ് IAS എന്ന് പറയുന്ന സ്ഥാനക്കയറ്റം. ഇതിന് ഇപ്പോള്‍ നിശ്ചിതമായ ഒരു ഫീഡര്‍ കാറ്റഗറി ഇല്ല. അപ്പോള്‍ ഇതിനാവശ്യമായ ഒരു ഫീഡര്‍ കാറ്റഗറി ആയിട്ട് കൂടിയാണ് KAS രൂപീകരിക്കപ്പെടുന്നത്. ഇതോടെ സ്ഥാനക്കയറ്റം വഴി IAS ന് നിലവിലുള്ള രീതികളും ചട്ടങ്ങളും അസാധുവാകും. ഒരു പക്ഷെ ഇതാണ് KAS ഇത്രമേല്‍ ഔല്‍സുക്യം ഉദ്യോഗാര്‍ത്ഥികളില്‍ ഉണ്ടാക്കിയിട്ടുള്ളത് എന്നതാണ് വസ്തുത.
സര്‍ക്കാര്‍ സര്‍വ്വീസിലെ രണ്ടാം ഗസറ്റഡ് തസ്തികയിലുള്ള നിയമനമാണ് KAS വഴി എന്‍ട്രി ലെവലില്‍ നടത്തുന്നത്. നിര്‍ണ്ണയിക്കപ്പെട്ട വകുപ്പുകളിലെയും ചില പൊതു കാറ്റഗറി തസ്തികകളിലെയും രണ്ടാം ഗസറ്റഡ് തസ്തികയാണ് KASന്റെ എന്‍ട്രി കേഡര്‍. ഈ തസ്തികയില്‍ ആകെയുള്ള അനുവദിക്കപ്പെട്ട എണ്ണത്തിന്റെ പത്തു ശതമാനത്തില്‍ കവിയാത്ത പോസ്റ്റുകളിലാണ് KASകാര്‍ വരിക. രണ്ടാം ഗസറ്റഡ് തസ്തിക എന്നത് വേഗത്തില്‍ മനസ്സിലാകാന്‍ ചില ഉദാഹരണങ്ങള്‍ പറയാം.
തഹസില്‍ദാര്‍ എന്നത് ഒന്നാം ഗസറ്റഡ് തസ്തികയാണ്. അവിടത്തെ രണ്ടാം ഗസറ്റഡ് തസ്തിക ഡെപ്യൂട്ടി കളക്ടര്‍ ആണ്. ഇത് GST വകുപ്പില്‍ ആണെങ്കില്‍ പഴയ commercial Tax officer ഒന്നാം ഗസറ്റഡ് തസ്തികയും അസിസ്റ്റന്റ് കമ്മീഷണര്‍ എന്നത് രണ്ടാം ഗസറ്റഡ് തസ്തികയുമാണ്. തൊഴില്‍ വകുപ്പിലാണെങ്കില്‍ നീ ALO, DLO, സഹകരണ വകുപ്പില്‍ ആണെങ്കില്‍ AR, DR, ഗ്രാമവികസന വകുപ്പില്‍ ആണെങ്കില്‍ BDO, ADC, എന്നിങ്ങനെയാണ് ഒന്നും രണ്ടും ഗസറ്റഡ് തസ്തികകള്‍.
ഈ രണ്ടാം ഗസറ്റഡ് തസ്തികയിലേയ്ക്കുള്ള നേരിട്ട് നിയമനമാണ് വാസ്തവത്തില്‍ KAS. രണ്ടാം ഗസറ്റഡ് തസ്തികയിലുള്ള മുഴുവന്‍ പോസ്റ്റുകളും ഇവ്വിധം KAS കാരാകുമോ? ഇല്ല. നിര്‍ണ്ണയിക്കപ്പെട്ട വകുപ്പുകളിലെ ആകെ എണ്ണത്തിന്റെ പത്ത് ശതമാനമേ പരമാവധി വരൂ. അതായത്, ഒരേ തസ്തികയില്‍ KAS കാര്‍ പത്ത് ശതമാനവും തൊണ്ണൂറു ശതമാനം പേര്‍ അതതു വകുപ്പുകളുടെ സ്‌പെഷ്യല്‍ റൂള്‍ പ്രകാരം സ്ഥാനക്കയറ്റം വഴി വരുന്നവരും ആകും. ഇത് IAS കേഡര്‍ കാര്യത്തില്‍ ചുരുക്കം സ്ഥലങ്ങളില്‍ ഇപ്പോഴും ഉണ്ട്.
ഉദാഹരണത്തിന് സെക്രട്ടറിയേറ്റില്‍, യുവ IAS കാര്‍ ആരെങ്കിലും കളക്ടർ ഷിപ്പ് ഒക്കെ കഴിഞ്ഞ് വരുമ്പോള്‍ സെക്രട്ടറിയേറ്റില്‍ പോസ്റ്റ് ചെയ്യുന്നു എന്നിരിക്കട്ടെ. സെക്രട്ടറി കേഡറില്‍ എത്തിയിട്ടുണ്ടാവില്ല. അപ്പോള്‍ അഡീഷണല്‍ സെക്രട്ടറി ആയിട്ട് നിയോഗിക്കും. സെക്രട്ടറിയെറ്റില്‍ സ്ഥാനക്കയറ്റം വഴി നിയോഗിക്കപ്പെടുന്ന ഏതാണ്ട് എഴുപത് വേറെ നോണ്‍ IAS അഡീഷണല്‍ സെക്രട്ടറിമാര്‍ ഉണ്ട്. ഇവര്‍ക്കിടയിലെ ശ്രേണീ ബന്ധം എന്താണ്? വലിയ വ്യത്യാസം ആണ്. ശമ്പളത്തിലും, വകവെച്ച് കൊടുക്കുന്ന അധികാരത്തിലും. ഇത് ഈ IAS എന്നതിന്റെ ഒരു സവിശേഷതയാണ്. IAS കാര്യത്തില്‍ ഈ പ്രശ്‌നം അത്ര സാര്‍വത്രികമല്ല. എന്നാല്‍ KAS വരുന്നതോടെ ഈ സംഘര്‍ഷം സാര്‍വ്വത്രികമാകും. അതിലേക്ക് വരാം. അതിനു മുന്‍പ് KASന്റെ മറ്റു ചില പൊതുസ്വഭാവങ്ങള്‍ കൂടി പറയേണ്ടതുണ്ട്.
KAS ഘടന
നാല് കാറ്റഗറിയായിട്ടാണ് KAS ഓഫീസര്‍മാര്‍ സര്‍വീസില്‍ ഉണ്ടാകുക. ഒന്ന് തുടക്കകാര്‍ KAS ( ജൂനിയര്‍ ടൈം സ്‌കെയില്‍). ഇവര്‍ ആണ് എന്‍ട്രി കേഡര്‍. മൂന്നു സ്ട്രീമില്‍ നിന്നാണ് ഇവിടേക്ക് നിയമനം. മൂന്നില്‍ നിന്നും തുല്യ എണ്ണം ആളുകളെയാണ് റിക്രൂട്ട് ചെയ്യുക. പൊതുവിഭാഗത്തില്‍ ഉള്ള ബിരുദധാരികള്‍ക്കാണ് ഒന്നാം സ്ട്രീം. ഇത് നേരിട്ടുള്ള നിയമനം ആണ്. ഇരുപത്തി ഒന്നിനും 32 നും ഇടയില്‍ പ്രായം.
രണ്ടാം സ്ട്രീം സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ള റെഗുലര്‍ ജീവനക്കാര്‍. ബിരുദം വേണം. 21-40 ആണ് പ്രായപരിധി. മൂന്നാം സ്ട്രീം സര്‍ക്കാര്‍ സര്‍വീസിലെ ഒന്നാം ഗസറ്റഡ് തസ്തികയിലുള്ള 50 അമ്പത് വയസ്സ് കഴിയാത്ത ബിരുദധാരികള്‍. ഈ മൂന്ന് ധാരകളില്‍ നിന്നും രണ്ടു തലത്തിലുള്ള പരീക്ഷയും, അഭിമുഖവും വഴിയാണ് KAS (ജൂനിയര്‍ ടൈം സ്‌കയില്‍) ഓഫീസര്‍മാരെ തെരഞ്ഞെടുക്കുക. ഇവര്‍ 18 മാസം പരിശീലനത്തില്‍ ആയിരിക്കും.
സര്‍ക്കാര്‍ സര്‍വീസില്‍ നിശ്ചയിക്കപ്പെട്ട 29 വകുപ്പുകളിലും AO, AA, അക്കൗണ്ടസ് ഓഫീസര്‍, ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് തുടങ്ങിയ കോമണ്‍ കാറ്റഗറി പോസ്റ്റുകളിലുമാണ് ഇവര്‍ വിന്യസിക്കപ്പെടുക. എത്ര പോസ്റ്റുകള്‍ എന്നതും നിര്‍ണ്ണയിച്ചിട്ടുണ്ട്. ഈ ലെവലില്‍ KAS കാരുടെ എണ്ണം കണക്കാക്കാന്‍ പരിഗണിക്കേണ്ട രണ്ടാം ഗസറ്റഡ് തസ്തിക ചട്ടത്തില്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. അത് 1259 എണ്ണം എന്നാണ് മനസ്സിലാക്കുന്നത്. ഇതിന്റെ പത്ത് ശതമാനം. ഡെപ്യൂട്ടി കളക്ടർ, അണ്ടര്‍ സെക്രട്ടറി എന്നീ തസ്തികകള്‍ക്ക് സമാനമാണ് ഈ ലെവല്‍.
KAS (സീനിയര്‍ ടൈം സ്‌കയില്‍) ആണ് രണ്ടാം കാറ്റഗറി. ജൂനിയര്‍ ടൈം സ്‌കയിലില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ ഈ കാറ്റഗറിയിലേക്ക് ഉയര്‍ത്തപ്പെടും. ഈ വിഭാഗത്തിലെ ഏകദേശ തസ്തിക ഇരുപതില്‍ താഴെയാകും. വിവിധ ലൈന്‍ വകുപ്പുകളിലെ ജോയിന്റ് ഡയറക്ടര്‍ തസ്തികക്ക് സമാനമായിരിക്കും. KAS (സീനിയര്‍ ടൈം സ്‌കയില്‍)ല്‍ 6 കൊല്ലം പൂര്‍ത്തിയാക്കുന്നവര്‍ KAS (സെലക്ഷന്‍ ഗ്രേഡ്) ആയി പ്രൊമോട്ട് ചെയ്യപ്പെടും. സെക്രട്ടറിയെറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി/ജോയിന്റ് സെക്രട്ടറി തസ്തികക്ക് സമാനം. അഡീഷണല്‍ ഡയറക്ടര്‍, ജോയിന്റ് കമ്മീഷണര്‍ എന്നീ തസ്തികകള്‍ക്കും സമാനമായിരിക്കും. പരമാവധി ലഭ്യമാകുന്ന തസ്തികകള്‍ മുപ്പതില്‍ താഴെ.
KAS സെലക്ഷന്‍ ഗ്രേഡില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ ആയിരിക്കും സൂപ്പര്‍ ടൈം സ്‌കെയിലില്‍ എത്തുക. അത് അഡീഷണല്‍ സെക്രട്ടറി, ഡയറക്ടര്‍ എന്നിവക്ക് സമാനമായിരിക്കുമെന്നു പറയാം. ലഭ്യമാകാവുന്ന എണ്ണം പത്തില്‍ താഴെയായിരിക്കും. ഇവരുടെ ശമ്പളം സമാനതസ്തികകളിലെ ശമ്പള സ്‌കയിലുകളില്‍ ഏറ്റവും ഉയര്‍ന്നതായിരിക്കും. ഇത് കൂടാതെ നിശ്ചയിക്കുന്ന ഒരു ഗ്രേഡ് പേ പ്രത്യേകമായും ഉണ്ടാകും. ഇതാണ് KAS ന്റെ ഏകദേശ ഘടന.
ഒരേ തസ്തിക, ഒരേ ജോലി- വ്യത്യസ്ത വേതനം, വ്യത്യസ്ത അന്തസ്
രണ്ടാം ഗസറ്റഡ് തസ്തികയിലെ തൊണ്ണൂറു ശതമാനവും നോണ്‍ KAS ആയിരിക്കും എന്ന് പറഞ്ഞല്ലോ? ഇപ്പോള്‍ ഒരു ഉദാഹരണം നോക്കാം. നികുതി വകുപ്പില്‍ ഏതാണ്ട് നൂറ് അസിസ്റ്റന്റ് കമ്മീഷണര്‍മാരുണ്ട്. ഇതില്‍ പത്തു പേരാകും KAS എന്ന് കരുതുക. ഇവരുടെ ജോലികള്‍ ഒന്നാണ്. ഒരേ സ്റ്റാറ്റുറ്ററി ചുമതലകളും അധികാരവും ആണ് ഇവര്‍ക്കുണ്ടാകുക. അതേ സമയം KAS അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ആകെ വേതനം ഉയര്‍ന്നതായിരിക്കും. മാത്രമല്ല ശ്രേണീ ബന്ധത്തിന്റെ ഗൗരവപരമായ പ്രശ്‌നവും ഉയര്‍ന്നു വരാം.
നികുതി വകുപ്പില്‍ ഇവര്‍ക്ക് മുകളില്‍ ഉള്ളത് ഡെപ്യൂട്ടി കമ്മിഷണര്‍മാരാണ്. അവര്‍ സെലക്ഷന്‍ ഗ്രേഡ് KAS ആകാനുള്ള സാധ്യത പത്ത് ശതമാനം തസ്തികകളില്‍ മാത്രമല്ലേ ഉള്ളൂ. ബാക്കി നോണ്‍ KAS പ്രോമോട്ടീസ് ആയിരിക്കും. അത് തന്നെ ക്ലെറിക്കല്‍ കേഡറില്‍ നിന്നും സ്ഥാനക്കയറ്റം കിട്ടിയവരും ഡയറക്റ്റ് ആയി ഒന്നാം തസ്തികയില്‍ പ്രൊഫഷണല്‍ ബിരുദ യോഗ്യതയോടെ സര്‍വീസില്‍ പ്രവേശിച്ച് വന്നവരും ആകാം. ഈ നോണ്‍ KAS മേലധികാരിയോട് താഴെയുള്ള KAS ഉദ്യോഗസ്ഥന്റെ മനോഭാവവും ബന്ധവും ശ്രദ്ധിക്കേണ്ട സംഗതിയാണ്. സെക്രട്ടറിയെറ്റിലും ഇതുണ്ടാകാം.
KAS അണ്ടര്‍ സെക്രട്ടറിയും നോണ്‍ KAS അണ്ടര്‍ സെക്രട്ടറിയും നോണ്‍ KAS അഡീഷണല്‍ സെക്രട്ടറിയും എല്ലാം ചേരുന്ന ഇവിടെ പരസ്പര ബന്ധവും അധികാര നിര്‍ണ്ണയവും ശ്രേണീ ബന്ധവും എല്ലാം സങ്കീര്‍ണ്ണമാകാതെ ജാഗ്രത പാലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ സേവനം മെച്ചപ്പെടുന്നതിന് പകരം ആന്തരിക സംഘര്‍ഷത്തില്‍പ്പെട്ട് സര്‍വീസ് ഡെലിവറി കൂടുതല്‍ പ്രശ്‌നത്തില്‍ പെട്ട് പോകും. ഇതേ സ്ഥിതി ജില്ലാ കളക്ടറെറ്റും മറ്റ് ഓഫീസുകളിലും എല്ലാം ഉണ്ടാകാം. KAS ഡെപ്യൂട്ടി കളക്ടറും നോണ്‍ KAS ഡെപ്യൂട്ടി കളക്ടറും, അതുപോലെ KAS ഉള്ള ADCയും ഇല്ലാത്ത ADCയും, ഇങ്ങനെ എവിടെയും ഈ സംഘര്‍ഷ സാധ്യത ഉണ്ടാകും. ഒരു നോണ്‍ KAS മേലധികാരി ഉള്ള ഓഫീസില്‍ കോമണ്‍ കാറ്റഗറിയിലെ പോസ്റ്റില്‍ KAS ഓഫീസര്‍ വരുന്നു എന്നിരിക്കട്ടെ. ആ ഓഫീസിന്റെ പൊതുസ്ഥിതി എന്തായിരിക്കും?
KAS കേഡര്‍ IAS ന്റെ കുട്ടി പതിപ്പായി മാറാന്‍ അനുവദിച്ചാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ അനന്തമായ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കും എന്നത് ഏതാണ്ട് തീര്‍ച്ചയാണ്. പല വകുപ്പുകളിലും ഒന്നും രണ്ടും ഗസറ്റഡ് തസ്തികകളില്‍ നേരിട്ടുള്ള നിയമനം ഉണ്ട്. ബൈ ട്രാന്‍സ്ഫര്‍ നിയമനങ്ങളും നിലവില്‍ ഉണ്ട്. അതില്‍ നിന്നും ഇത് വ്യത്യസ്തമാകുന്നത് ഈ കുട്ടിപ്പതിപ്പിന്റെ ലാഞ്ചനയാണ്. അത് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു സ്ഥിതിവിശേഷമാണ്.
കേരളത്തിന്റെ മുന്‍പില്‍ ഏതാണ്ട് സമാനമായ ഒരു അനുഭവം ഉള്ളത് എല്ലാവരും ഓര്‍മ്മിക്കണം. അത് സ്‌കൂള്‍ വിദ്യാഭ്യാസഘടനയുടെ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ഒന്നാണ്. പഴയ പ്രീ-ഡിഗ്രി എന്നത് സ്‌കൂളിംഗിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചു. അത് തീര്‍ത്തും അക്കാദമികമായ ഒരു പരിഗണയില്‍ ഉയര്‍ന്ന പരഷ്‌ക്കാരമാണ്. അങ്ങനെ ഹയര്‍സെക്കന്‍ഡറി അഥവാ പ്ലസ് ടു നിലവില്‍ വന്നു. ഓര്‍ക്കേണ്ടത് +2 സ്‌കൂളിംഗിന്റെ ഭാഗമാക്കാനാണ് പരിഷ്‌ക്കാരം എന്നതാണ്.
സ്വാഭാവികമായും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത +2 വേണം. അതിന് പാകത്തില്‍ ശമ്പളവും ഉയര്‍ന്നതാകും. അതിനു പുറമേ ഹയര്‍ സെക്കന്ററി അദ്ധ്യാപകരെ ഗസറ്റഡ് ഓഫീസര്‍മാരാക്കി. അതോടെ സ്‌കൂളുകളില്‍ രണ്ടു വിഭാഗം വന്നു. ഹൈസ്‌കൂള്‍ വരെ സാധാ അദ്ധ്യാപകര്‍. മുകളില്‍ ഗസറ്റഡ് അദ്ധ്യാപകര്‍. അതോടെ പരസ്പ്പരം ക്രിയാത്മകമായി ഇടപെടാത്ത, സ്‌കൂളിംഗ് എന്നതിന്റെ ഭാഗമായി ലയിച്ചു ചേരാത്ത തീര്‍ത്തും ഒരു ഭിന്ന താളമായി ഹയര്‍ സെക്കന്ററി മാറി.
അനാവശ്യമായ തൊങ്ങലുകള്‍ ചാര്‍ത്തി കൊടുത്താല്‍ അതില്‍ സ്വല്‍പ്പം ഒന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും താന്‍ പ്രമാണിത്തം കാട്ടുകയും ചെയ്യുക സഹജമാണ്. അപ്പോള്‍ ലക്ഷ്യത്തെ തന്നെ തകിടം മറിക്കും വിധം അത് മാറാതെ നോക്കിയില്ലെങ്കില്‍ പരിഷ്‌ക്കാരത്തിന്റെ അന്തസത്ത അപകടത്തില്‍ ആയിപ്പോകും.
എല്ലാവരും IAS ആകുമോ?
തുടക്കത്തില്‍ പറഞ്ഞത് പോലെ KAS ഇത്രയധികം ഔല്‍സുക്യം ഉണ്ടാക്കുന്നതിനു കാരണം സ്റ്റേറ്റ് സിവില്‍ സെര്‍വിസില്‍ നിന്നുമുള്ള IAS ക്വാട്ട നികത്തുന്നതിനുള്ള ഫീഡര്‍ കാറ്റഗറി ആയി KAS നിര്‍വചിക്കപ്പെട്ടതാണ്. ഇങ്ങനെ IAS കാംഷികള്‍ ആയിട്ടുള്ള ഒരു 120-130 പേര്‍ സംസ്ഥാന സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നു എന്ന് അര്‍ത്ഥം. എങ്ങനെയാണ് KASല്‍ നിന്നും IAS ലേക്ക് കയറ്റം ലഭിക്കുക? KAS ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് മുന്‍പ് IAS കണ്‍ഫര്‍ ചെയ്തു കിട്ടാന്‍ അര്‍ഹമായ വിഭാഗങ്ങള്‍ ഉണ്ട്. അവര്‍ക്കായിരിക്കും ആദ്യപരിഗണന.
അതായത് ഇപ്പോള്‍ നോണ്‍ KAS കാരായി ഈ പ്രൊമോഷന് അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് ആകും ലിസ്റ്റില്‍ മുന്‍ഗണന. അത് കഴിഞ്ഞ് ബാക്കി വരുന്ന ഒഴിവുകള്‍ക്ക് KAS (ജൂനിയര്‍ ടൈം സ്‌കയില്‍) പൂര്‍ത്തിയാക്കിയവര്‍ക്ക് ഇടം കിട്ടും. വേറെ ക്വാളിഫയിംഗ് മാനദണ്ഡങ്ങള്‍ ഉണ്ട്. അത് നിറവേറ്റണം.
KAS കിട്ടുന്നതിനു മുന്‍പ് രണ്ടാം ഗസറ്റഡ് തസ്തികയില്‍ പൂര്‍ത്തിയാക്കിയ സര്‍വീസ് ഇങ്ങനെ IAS സെലക്ട് ലിസ്റ്റില്‍ ഇടംകൊടുക്കുന്നതിനു പരിഗണിക്കും. അതായത് 5 വര്‍ഷം അണ്ടര്‍ സെക്രട്ടറിയായി സേവനം നടത്തിയ ഒരാള്‍ക്ക് ഇപ്പോള്‍ KAS കിട്ടിയാല്‍ അവര്‍ക്ക് സീനിയര്‍ ടൈം സ്‌കയിലില്‍ എത്താന്‍ വേണ്ട 8 വര്‍ഷം കണക്കാക്കുന്നതിന് ഇങ്ങനെ രണ്ടാം ഗസറ്റഡ് തസ്തികയില്‍ പൂര്‍ത്തിയാക്കിയ സര്‍വീസ് കൂടി പരിഗണിക്കും. അപ്പോള്‍ ഈ വിഭാഗം സെലക്ട് ലിസ്റ്റില്‍ അടുത്ത മുന്‍ഗണന നേടും. അതും കഴിഞ്ഞേ ഫ്രഷ് KAS കാര്‍ക്കും ബൈ ട്രാന്‍സ്ഫര്‍ ആയി വരുന്ന രണ്ടും മൂന്നും സ്ട്രീമില്‍ ഉള്ളവര്‍ക്കും ഇടം കിട്ടൂ എന്നത് എല്ലാവരും അറിയണം.
ഇവിടെ പൊതുസമൂഹം ജാഗ്രതപ്പെടെണ്ട കാര്യം ഇങ്ങനെ ആദ്യം വല്ലാതെ ഔല്‍സുക്യം കാണിക്കുന്ന വിഭാഗത്തിന് ക്രമേണ ഇശ്ചാഭംഗം വന്നുപെടാന്‍ വലിയ സാധ്യതയാണുള്ളത്. ഇത് സര്‍വീസിന്റെ കാര്യക്ഷമതയെയും സര്‍വിസ് ഡെലിവറിയുടെ ഗുണത്തെയും ബാധിക്കാനാണ് ഇട.
KAS കാര്‍ എന്നാല്‍ IAS ന് അടവയ്ക്കുന്ന ഇടപാടാണ് എന്നുള്ളത് ബോധപൂര്‍വ്വം മാറ്റിയില്ലെങ്കില്‍ വലിയ അപകടത്തില്‍ ചെന്ന്‌പെട്ട് പോകാം . ഇത് പൊതുസമൂഹത്തിന്റെ ആകുലതയായെ മതിയാകൂ. സംസ്ഥാന സിവില്‍ സര്‍വീസ് പ്രൊഫഷണല്‍ ആക്കുകയാണ് കൂടുതല്‍ അഭികാമ്യം.
ഈ IAS ഓറിയന്റഡ് ആയ പരിഷ്‌ക്കരണം ഇനിഷ്യല്‍ ഫാന്‍സിക്ക് അപ്പുറം കടക്കുമോ എന്നത് സമൂഹം ക്രിട്ടിക്കല്‍ ആയി പരിശോധിക്കേണ്ടതുണ്ട്.
ആദ്യ ബാച്ച് വരുന്നതല്ലെയുള്ളൂ. അപ്പോള്‍ നമ്മുടെ സിവില്‍ സര്‍വീസില്‍ കൂടുതല്‍ ബ്രൈറ്റായ, ടാലന്റഡായ ആളുകളെ കുറച്ചുകൂടി ഫലപ്രദമായ രീതിയില്‍ ഉള്‍പ്പെടുത്താന്‍ എന്തെങ്കിലും മാറ്റം ഭാവിയില്‍ സാധ്യമാണോ എന്നത് പൊതുസമൂഹം രാഷ്ട്രീയ ദിശാ ബോധത്തോടെ ചര്‍ച്ചചെയ്യുക തന്നെ വേണം.
ഓരോ വകുപ്പിനും പ്രത്യേക തരം അഭിരുചിയും വൈദഗ്ദ്യവും ആവശ്യമുണ്ട്. അവിടെ നാം തികച്ചും പൊതുസ്വഭാവമുള്ള മിടുക്കന്മാരെകൊണ്ട് ചടുലതയും കാര്യക്ഷമതയും കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് കഴിയുന്നത്ര പ്രൊഫഷണല്‍ വൈദഗ്ദ്യം കൊണ്ട് വരുന്നതാകില്ലേ എന്ന് സമൂഹം ചര്‍ച്ച ചെയ്യണം. പ്രൊഫഷണല്‍ വൈദഗ്ദ്യത്തിനുമീതെ ബ്യൂറോക്രാറ്റിക് നിയന്ത്രണം ക്കൂട്ടുകയല്ല കുറയ്ക്കുന്നതാകും അഭികാമ്യം.
ആരോഗ്യവകുപ്പ് ഭരണത്തിന് കേരള ഹെല്‍ത്ത് സര്‍വീസ് (KHS), കാര്‍ഷിക വകുപ്പില്‍ കേരള അഗ്രിക്കള്‍ച്ചറല്‍ സര്‍വീസ്( KAS), നികുതി ഭരണത്തിന് കേരള റവന്യൂ സര്‍വീസ് (KRS), കേരള ഫിനാന്‍ഷ്യല്‍ സര്‍വീസ് (KFS) എന്നിങ്ങനെ ആലോചിച്ചു കൂടെ? പ്രൊഫഷണല്‍ യോഗ്യതയാകണം മാനദണ്ഡം. അവിടെ നിന്നും ബന്ധപ്പെട്ട സെക്രട്ടറിയേറ്റില്‍ സ്ഥാനകയറ്റം വഴി ആളുകള്‍ വന്നാല്‍ ഇന്നത്തെ ബ്യൂറോക്രാറ്റിക് അസംബന്ധങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകില്ലേ? ഇത്തരം ഒരു മാറ്റം നയപരമായി തീരുമാനിച്ചാല്‍ പിന്നെ ചട്ടഭേദഗതിയിലൂടെ അത് നിസ്സാരമായി നടപ്പിലാക്കാന്‍ കഴിയും.
അടുത്ത KAS ബാച്ചിന് പകരം ഇത്തരം സര്‍വീസുകള്‍ നിലവില്‍ വരട്ടെ. IASന്റെ ഫീഡര്‍ കാറ്റഗറി എന്നത് ഒരു സാമൂഹ്യ പ്രശ്‌നമാണെന്ന് കരുതുക വയ്യ. അതാണ് പറഞ്ഞത്. ഈ IAS അഭിമുഖമായി സംസ്ഥാന സിവില്‍ സര്‍വീസിനെ കാര്യക്ഷമം ആക്കാന്‍ കഴിയുമോ എന്നത് സംശയമാണ്.