സിദ്ദീഖ് കാപ്പനെതിരെ മൊഴി നല്‍കിയ മാധ്യമപ്രവര്‍ത്തകനോട് വിശദീകരണം ചോദിച്ചിരുന്നോ: ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നപ്പോള്‍ ഇത്തരത്തില്‍ എഡിറ്റോറിയല്‍ എഴുതിയോ: എം.ബി രാജേഷ്
Kerala News
സിദ്ദീഖ് കാപ്പനെതിരെ മൊഴി നല്‍കിയ മാധ്യമപ്രവര്‍ത്തകനോട് വിശദീകരണം ചോദിച്ചിരുന്നോ: ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നപ്പോള്‍ ഇത്തരത്തില്‍ എഡിറ്റോറിയല്‍ എഴുതിയോ: എം.ബി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th June 2023, 9:22 pm

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്ത സംഭവത്തിലെ വിവാദവുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ വിമര്‍ശനം.

ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം മോഹന്‍ദാസിനെതിരെ കേസെടുത്തപ്പോള്‍ എഡിറ്റോറിയല്‍ ഒന്നും കണ്ടില്ലെന്നും എഴുത്തുകാരുടെ പ്രതികരണങ്ങള്‍ തേടിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സിദ്ദീഖ് കാപ്പനെതിരെ മൊഴി നല്‍കിയ മാധ്യമപ്രവര്‍ത്തകനോട് വിശദീകരണം ചോദിച്ചോയെന്നും രാജേഷ് ചോദിച്ചു.’

‘ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം മോഹന്‍ദാസിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ കേസെടുത്തപ്പോള്‍ മാധ്യമങ്ങള്‍ അനുകൂലിക്കുകയാണ് ചെയ്തത്. അതും ഇതും തമ്മിലുള്ള വ്യത്യാസം എന്താണ്. മാധ്യമങ്ങള്‍ വിശദീകരിക്കണം. അതോ തങ്ങള്‍ക്കിഷ്ടമുള്ളപ്പോള്‍ കേസെടുത്താല്‍ അനുകൂലിക്കും അല്ലാത്തപ്പോള്‍ എതിര്‍ക്കുമെന്ന് അവസരവാദ സമീപനമാണോ?

മോഹന്‍ദാസിനെതിരെ കേസെടുത്തപ്പോള്‍ എഡിറ്റോറിയല്‍ ഒന്നും കണ്ടില്ല. എഴുത്തുകാരുടെ പ്രതികരണങ്ങള്‍ തേടിയില്ല. ഇപ്പോള്‍ കാണുന്ന ഒരു കോലാഹലവും കണ്ടില്ല. അത് തെറ്റായി പോയെന്ന് മുന്‍കാല പ്രാബല്യത്തോടെ മാധ്യമങ്ങള്‍ ഇപ്പോള്‍ സമ്മതിക്കുമോ. ക്ഷമ പറയുമോ. അത് മാധ്യമസ്വതന്ത്ര്യത്തിന് എതിരായിട്ടുള്ള ആക്രമണമായി എന്തുകൊണ്ടാണ് തോന്നാതിരുന്നത്,’ അദ്ദേഹം ചോദിച്ചു.

സിദ്ദീഖ് കാപ്പനെയും മുഹമ്മദ് സുബൈറിനെയും ജയിലിലടച്ചപ്പോള്‍ ഇപ്പോളുള്ള കോലാഹലങ്ങളൊന്നും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സിദ്ദീഖ് കാപ്പന്‍ 28 മാസം ജയിലില്‍ കിടന്നു. സിദ്ദീഖ് കാപ്പന് വേണ്ടി ഇപ്പോള്‍ കണ്ടത് പോലുള്ള കോലാഹലങ്ങള്‍ ഉണ്ടായില്ലലോ. മാത്രമല്ല എങ്ങനെയാണ് അദ്ദേഹം ജയിലില്‍ കിടക്കാന്‍ ഇടയായത്. അത് പത്രപ്രവകര്‍ത്തകന്റെ തന്നെ മൊഴിയാണല്ലോ. മലയാളി പത്രപ്രവര്‍ത്തകന്റെ മൊഴിയാണല്ലോ. ആ മാധ്യമപ്രവര്‍ത്തകനോട് വിശദീകരണം ചോദിച്ചോ. അതിലൊരു കുറ്റബോധമോ മനസാക്ഷിക്കുത്തോ തോന്നിയോ.

ആള്‍ട് ന്യൂസിന്റെ സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ജയിലിലടക്കപെട്ടപ്പോള്‍ എഴുതിയ എഡിറ്റോറിയലും ഇന്നലെ ഗോവിന്ദന്‍ മാഷ്‌ക്ക് എഴുതിയ എഡിറ്റോറിയലും എടുത്ത് വായിച്ച് നോക്കണം. മാധ്യമങ്ങളുടെ സത്യസന്ധത, നിഷ്പക്ഷത, വിശ്വാസ്യത, ധാര്‍മികത എത്രയുണ്ടെന്ന് അളക്കാന്‍ ഈ രണ്ട് എഡിറ്റോറിയലും അടുത്തടുത്ത് വച്ചൊന്ന് വായിച്ച് നോക്കണം. മുഹമ്മദ് സുബൈറിന്‍ കോടതി അനുവദിച്ചിട്ടും ജാമ്യം കൊടുക്കാതെ ജയിലിട്ടപ്പോള്‍ ഒറ്റ വരിയാണ് ഒരേയൊരു പത്രത്തിന്റെ എഡിറ്റോറിയലില്‍ വന്നത്, ഒറ്റ വരി,’ രാജേഷ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെ എഡിറ്റോറിയലുകള്‍ പൊതുവെ എഴുതാറില്ലെന്നും എഴുതിയാല്‍ തന്നെ അത് മൃതുഭാഷയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

‘കേന്ദ്ര സര്‍ക്കാരിനെതിരെ എഡിറ്റോറിയലുകള്‍ പൊതുവെ എഴുതാറില്ല. ചിലയിടതൊക്കെ ശ്ലോകത്തില്‍ കഴിക്കുക എന്ന് പറയുന്ന പോലെ എപ്പോഴേലും എഴുതിയാല്‍ തന്നെ എന്തൊരു വിനീത വിധേയമായ, മൃദുവായ, സൗമ്യമായ, ഭാഷയാണ്. പക്ഷെ മുഖ്യമന്ത്രിക്കെതിരായിട്ടാണെങ്കില്‍ സിപി.ഐ.എം സംസ്ഥാന സെക്രട്ടറിക്ക് എതിരായിട്ടാണെങ്കിലോ അരംവെച്ച് മൂര്‍ച്ച കൂട്ടിയ ഭാഷയാണ്. അതില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാകുന്ന കാര്യം ഞങ്ങളെ പറ്റി നിങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ തെറ്റാണെന്ന് ഏറ്റവും ഉറപ്പുള്ള ആള്‍ക്കാര്‍ നിങ്ങളാണ്.

കാരണം മോദിക്കെതിരെയോ യോഗിക്കെതിരെയോ ഇങ്ങനെ എഴുതാന്‍ കൈ വിറക്കും, മുട്ടിടിക്കും. മുട്ടിടിച്ചിട്ടുമുണ്ട്, കൈ വിറക്കും. അത് കൊണ്ടാണ് ആ ഭാഷ അവര്‍ക്കെതിരെ പറയാത്തത്. അകത്താകുമെന്നറിയാം. ഗോവിന്ദന് മാഷ്‌ക്കെതിരെയും പിണറായി വിജയനെതിരെയും ഏത് ഭാഷയിലും നിങ്ങള്‍ക്ക് വിമര്‍ശിക്കാം, കാരണം ഇവര്‍ ജനാധിപത്യപരമായേ കൈകാര്യം ചെയ്യൂ എന്ന് ഏറ്റവും കൂടുതല്‍ ഉറപ്പ് നിങ്ങള്‍ക്കാണുള്ളത്.

ഗോവിന്ദന്‍ മാഷ്‌ക്കെതിരെ എഴുതിയ ഭാഷയില്‍ ഇതിന് മുന്‍പ് എപ്പോഴെങ്കിലും മോദിക്കോ യോഗിക്കോ അമിത് ഷാക്കോ എതിരെ എഴുതിയിട്ടുണ്ടോ, ഇനി നിങ്ങള്‍ എഴുതുമോ, ആ ഭാഷയിലൊരു എഡിറ്റോറിയല്‍ നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിനെതിരെ എഴുതാന്‍ കഴിയുമോ?. നിങ്ങള്‍ ഇതൊക്കെ എഴുതുമ്പോഴും നിങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഉറപ്പുള്ളത് കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് ഇങ്ങനെയൊക്കെ എഴുതാം. കമ്യൂണിസ്റ്റുകാരെ ഉള്ളതും ഇല്ലാത്തതുമൊക്കെ പറഞ്ഞ് രൂക്ഷമായി ആക്രമിക്കാം. എന്തായാലും ജയിലില്‍ കൊണ്ടിടില്ല എന്ന ഉറപ്പ് മറ്റാരേക്കാളും നിങ്ങള്‍ക്കുണ്ട്,’ എം.ബി രാജേഷ് പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ എന്തും എഴുതാമെന്നാണെന്നും മോദിക്കോ അമിത് ഷാക്കോ യോഗിക്കോ എതിരെ ഇത്തരത്തില്‍ എഴുതിയോട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

‘കേരളത്തില്‍ ഇങ്ങനെയൊക്കെ എഴുതാനും ആക്രമിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ ഭാഷയിലൊരു എഡിറ്റോറിയല്‍ മോദിക്കോ അമിത് ഷാക്കോ യോഗിക്കോ എതിരെ എഴുതിയോട്ടുണ്ടോ. സിദ്ദീഖ് കാപ്പനെ ജയിലിലടച്ചപ്പോള്‍ എഴുതിയിട്ടുണ്ടോ, മുഹമ്മദ് സുബൈറിനെ ജയിലിലടച്ചപ്പോള്‍ എഴുതിയിട്ടുണ്ടോ, ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നപ്പോള്‍ എഴുതിയിട്ടുണ്ടോ, അന്നൊക്കെ എഴുതിയ എഡിറ്റോറിയലുകള്‍ നമ്മുടെ മുമ്പിലില്ലേ. എത്ര മൃതുവാണ്. എത്ര നോവിക്കാതെയാണ്. എത്ര സൗമ്യമായിട്ടാണ്. എത്ര അഭ്യര്‍ത്ഥനാ സ്വരത്തിലാണ് എഴുതിയിട്ടുള്ള എഡിറ്റോറിയലുകള്‍.

കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് എന്ത് എഴുതാമെന്നാണ്. ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നത് പോലെ ചെയ്യില്ല. സുബൈറിനെയും സിദ്ദീഖ് കാപ്പനെയും ജയിലിലടച്ചത് പോലെ ചെയ്യില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ്. ഞങ്ങള്‍ ജനാധിപത്യവിരുദ്ധമായി കൈകാര്യം ചെയ്യുന്നവരല്ല എന്നതിന്റെ തെളിവാണ് ഞങ്ങള്‍ക്കെതിരായി ഉള്ളതും ഇല്ലാത്തതും എഴുതാനുള്ളസ്വാതന്ത്ര്യം നിര്‍ബാധം നിങ്ങള്‍ വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്,’ എം.ബി രാജേഷ് പറഞ്ഞു.

 

Content Highlight: M B Rajesh against media