'ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം'; ഇതിഹാസ ഫുട്‌ബോളറെ കുറിച്ച് ലൂക്ക മോഡ്രിച്ച്
Sports News
'ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം'; ഇതിഹാസ ഫുട്‌ബോളറെ കുറിച്ച് ലൂക്ക മോഡ്രിച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th August 2024, 10:10 pm

മോഡേണ്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഏറെ പ്രാധാന്യത്തോടെ സ്ഥാനം പിടിക്കുന്ന പേരാണ് ക്രൊയേഷ്യന്‍ ഇതിഹാസം ലൂക്ക മോഡ്രിച്ചിന്റേത്. ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കുത്തകയാക്കി വെച്ച ബാലണ്‍ ഡി ഓര്‍ സ്ട്രീക് അവസാനിപ്പിച്ച് 2018ല്‍ പുരസ്‌കാരം നേടിയ മോഡ്രിച്ച് ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാള്‍ കൂടിയാണ്.

ക്ലബ്ബ് ഫുട്‌ബോളില്‍ നിരവധി താരങ്ങള്‍ക്കൊപ്പം കളിച്ചിട്ടുള്ളയാള്‍ കൂടിയാണ് മോഡ്രിച്ച്. കരിയറില്‍ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം.

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോക ഫുട്‌ബോളില്‍ ഏറ്റവും മികച്ച താരമെന്നാണ് മോഡ്രിച്ച് അഭിപ്രായപ്പെട്ടത്.

റൊണാള്‍ഡോയില്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത ഫുട്‌ബോളിനോടുള്ള ആത്മാര്‍ത്ഥതയാണെന്നും അദ്ദേഹം കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ ഒത്തിരി ഇഷ്ടപ്പെടുന്നയാളാണെന്നും അതാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതെന്നും മോഡ്രിച്ച് പറഞ്ഞു.

മുന്‍ ഇംഗ്ലണ്ട് താരവും ഫുട്‌ബോള്‍ പണ്ഡിറ്റുമായ റിയോ ഫേര്‍ഡിനന്റിന് നല്‍കിയ അഭിമുഖത്തിലാണ് മോഡ്രിച്ച് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഞാന്‍ ഓപ്പം കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഫുട്‌ബോളിലെ ആത്മാര്‍ത്ഥതയാണ്. അദ്ദേഹം എപ്പോഴും കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ ആഗ്രഹിക്കും. ചെയ്യുന്ന കാര്യത്തില്‍ ഒരിക്കലും സന്തുഷ്ടനായിരിക്കില്ല. അത് നല്ല രസമുള്ള കാര്യമാണ്. സ്‌കോറിങ്ങിന്റെ കാര്യത്തിലെ നിര്‍ബന്ധിത ബുദ്ധിയും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്,’ മോഡ്രിച്ച് പറഞ്ഞു.

ഇതിന് മുമ്പും മോഡ്രിച്ച് റോണോയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തില്‍ ക്രിസ്റ്റ്യാനോ ഏറ്റവും മികച്ച താരമാണെന്നും മോഡ്രിച്ച് നേരത്തെ പറഞ്ഞിരുന്നു.

റോണോ മികച്ച താരമാണെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെന്നും റയല്‍ മാഡ്രിഡില്‍ ഉണ്ടായിട്ടുള്ള സമയം കൊണ്ട് അദ്ദേഹം ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ടെന്നും മോഡ്രിച്ച് മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.

കളത്തിനകത്തും പുറത്തും റൊണാള്‍ഡോ മികച്ച ലീഡറാണെന്നും അദ്ദേഹത്തോടൊപ്പം കളത്തിലിറങ്ങുന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നും മോഡ്രിച്ച് കൂട്ടിച്ചേര്‍ത്തു.

 

 

Content Highlight: Luka Modric praises Cristiano Ronaldo