ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ കന്നിക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തങ്ങളുടെ പടയോട്ടം തുടരുകയാണ്. ഫാന്‍ ഫേവറിറ്റുകളായ പല ടീമുകളേയും ഒന്നിന് പുറകെ ഒന്നായി അട്ടിമറിച്ചും ഞെട്ടിച്ചുമാണ് ലഖ്‌നൗ മുന്നോട്ട് കുതിക്കുന്നത്.
ഐ.പി.എല്ലിലെ അരങ്ങേറ്റക്കാരായ ഒരു ടീമിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ഒരു പ്രകടനം ഒരാള്‍ പോലും പ്രതീക്ഷിച്ചു കാണില്ല എന്നതാണ് വാസ്തവം. ഐ.പി.എല്ലിനെ ഒന്നാകെ ഞെട്ടിച്ചാണ് സൂപ്പര്‍ ജയന്റ്‌സ് തങ്ങളുടെ വിജയഗാഥ തുടരുന്നത്.
ഐ.പി.എല്ലില്‍ ശനിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ആരാധകരെ വീണ്ടും ഞെട്ടിക്കാനൊരുങ്ങിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും ക്രുണാല്‍ പാണ്ഡ്യയുമടക്കമുള്ള താരങ്ങള്‍ക്ക് പകരം അനിത, രാജേശ്വരി, നളിനി തുടങ്ങിയവരാവും കളത്തിലിറങ്ങുന്നത്.
താരങ്ങള്‍ തങ്ങളുടെ അമ്മമാരുടെ പേരെഴുതിയ ജേഴ്‌സി ധരിച്ചാണ് കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഏറ്റമുട്ടാനിറങ്ങുന്നത്. തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍പങ്കുവെച്ച വീഡിയോയിലൂടെയാണ് ലഖ്‌നൗ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘അമ്മേ, ഇത് നിങ്ങള്‍ക്കായാണ്. സൂപ്പര്‍ ജയന്റ്‌സ് രീതിയില്‍ ഇങ്ങനെയാണ് ഞങ്ങള്‍ മദേഴ്‌സ് ഡേയ്‌ക്കൊരുങ്ങുന്നത്,’ എന്ന ക്യാപ്ഷനോടെയാണ് ടീം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മുമ്പ് ഇന്ത്യന്‍ ടീമും ഇത്തരത്തില്‍ അമ്മമാരുടെ പേരെഴുതിയ ജേഴ്‌സി ധരിച്ച് മത്സരത്തിനിറങ്ങിയിരുന്നു. 2016ല്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലായിരുന്നു ഇന്ത്യന്‍ ടീം അവരുടെ അമ്മമാരുടെ പേരഴുതിയ ജേഴ്‌സിയുമായി കളത്തിലിറങ്ങിയത്.
ഏതായാലും ലഖ്‌നൗ ടീമിന്റെ പുതിയ ജേഴ്‌സി ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
നിലവില്‍ 10 മത്സരത്തില്‍ നിന്നും 7 ജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് ലഖ്‌നൗ. വരാനിരിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ച് ആധികാരികമായി തന്നെ പ്ലേ ഓഫിലേക്ക് കടക്കാനാണ് ലഖ്‌നൗവിന്റെ കണക്കുകൂട്ടല്‍.
അതേസമയം, പ്ലേ ഓഫ് പ്രതീക്ഷകളറ്റ നിലയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 10 മത്സരത്തില്‍ നിന്നും 4 ജയവുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനക്കാരാണ് കൊല്‍ക്കത്ത.
Content Highlight: LSG cricketers will sport their mothers’ names on jerseys