ലൗ ജിഹാദ്: അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു
Kerala
ലൗ ജിഹാദ്: അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th November 2009, 1:20 pm

കൊച്ചി: സംസ്ഥാനത്ത് ലൗ ജിഹാദ് എന്ന പേരില്‍ ഒരു സംഘടനയോ പ്രസ്ഥാനമോ പ്രവര്‍ത്തിക്കുന്നതായി തെളിവില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഡിജിപി ജേക്കബ് പുന്നൂസ് ഹൈക്കോടതിയെ അറിയിച്ചു. ഈ വിഷയത്തില്‍ അന്തിമ നിഗമനത്തിലെത്താന്‍ കഴിയുന്നില്ലെന്നും ഡി ജി പി ഹൈക്കോടതിയെ അറിയിച്ചു.

ലൗ ജിഹാദിന് വ്യക്തമായ തെളിവില്ല. എന്നാല്‍ പ്രണയം നടിച്ച് മതംമാറ്റാനുള്ള ശ്രമം ചിലര്‍ നടത്തുന്നുണ്ടെന്നതിന് തെളിവുണ്ട്. ഈ വിഷയത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ടുമാരുടെ റിപ്പോര്‍ട്ടുകള്‍ വ്യത്യസ്തമാണ്.

കീഴുദ്യോഗസ്ഥര്‍ പരസ്പര വിരുദ്ധങ്ങളായ റിപ്പോര്‍ട്ടുകളാണ് നല്‍കിയിരിക്കുന്നത്. തനിക്ക് ലഭിച്ച 18 പോലീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മൂന്ന് കേസുകളില്‍ ഇത്തരം മതപരിവര്‍ത്തനത്തെക്കുറിച്ച് ആക്ഷേപങ്ങളുണ്ട്. ശക്തമായ തെളിവുകളില്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണന്നും ജേക്കബ് പുന്നൂസ് കോടതിയില്‍ ബോധിപ്പിച്ചു.ജില്ലാ പോലീസ് സൂപ്രണ്ടുമാരുടേയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും അടക്കം 18 രേഖകള്‍ അടങ്ങുന്ന റിപ്പോര്‍ട്ടാണ് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ട് കോടതി നാളെയോ മറ്റന്നാളോ പരിഗണിയ്ക്കും. പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുന്ന ലൗജിഹാദിന്റെ പ്രവര്‍ത്തനെ കുറിച്ച് തെളിവുകളില്ലെന്ന് ഡി.ജി.പി കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.എന്നാല്‍ ഈ റിപ്പോര്‍ട്ട് അവ്യക്തവും അപൂര്‍ണ്ണവുമാണെന്ന് കാണിച്ച് കോടതി മടക്കുകയായിരുന്നു.