വേങ്ങരയിലെ പ്രതിഷേധത്തിനിടെ പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്; അത് കാണാതെ പോകരുതെന്ന് ഡി.ജി.പി
National highway Protest
വേങ്ങരയിലെ പ്രതിഷേധത്തിനിടെ പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്; അത് കാണാതെ പോകരുതെന്ന് ഡി.ജി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th April 2018, 4:02 pm

 

തിരുവനന്തപുരം: വേങ്ങരയില്‍ ദേശീയപാത സര്‍വ്വേയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഐ.ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പ്രതിഷേധത്തിനിടെ ഒട്ടേറെ പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അത് കാണാതെ പോകരുത്.” എന്നും ഡി.ജി.പി പറഞ്ഞു. സമരത്തിനു പിന്നില്‍ തീവ്രവാദി സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുമെന്നും ഡി.ജി.പി പറഞ്ഞു.

സമരത്തിനു പിന്നില്‍ മുസ്‌ലിം തീവ്രവാദികളാണെന്ന് സി.പി.ഐ.എം നേതാവ് എ. വിജയരാഘവന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഈ ആരോപണത്തോട് പ്രതികരിച്ചുകൊണ്ടാണ് ഡി.ജി.പിയുടെ പ്രസ്താവന.

ദേശീയപാത സര്‍വ്വേയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ കഴിഞ്ഞദിവസം പൊലീസ് നടപടിയുണ്ടായിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജില്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. പൊലീസ് വീട്ടില്‍ കയറി ആക്രമിച്ചതായി സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രദേശവാസികള്‍ ആരോപിച്ചിരുന്നു.


Also Read: ഞങ്ങള്‍ തീവ്രവാദിയാണെങ്കില്‍ തീവ്രവാദം പഠിപ്പിക്കാനാണോ പാര്‍ട്ടി അന്ന് എന്റെ വീട്ടില്‍ യോഗം ചേര്‍ന്നത്; എ. വിജയരാഘവന് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ മറുപടി


ദേശീയ പാത 45മീറ്റര്‍ ആക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പിനെതിരെയായിരുന്നു സമരം. മലപ്പുറം ജില്ലയിലെ 25,000ത്തിലേറെ ആളുകളെ ബാധിക്കുന്ന വിഷയമാണിതെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. 1500 കുടുംബങ്ങളാണ് ഈ ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നത്. ദേശീയപാതാ ആക്ട് പ്രകാരമുള്ള തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നത്. 11,000 ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്.

കെട്ടിടങ്ങളും വീടുകളുമടക്കം 5500 ലേറെ സ്ഥാപനങ്ങളാണ് പൊളിക്കേണ്ടത്. മുപ്പതിനായിരത്തിലേറെ വലിയ മരങ്ങള്‍ മുറിക്കണം. 600 ലേറെ കിണറുകള്‍ തകര്‍ക്കണം. പരിസ്ഥിതിക്കും ഭൂസ്ഥിതിക്കും പ്രദേശവാസികള്‍ക്കും സാമ്പത്തിക രംഗത്തുമൊക്കെ വലിയ നഷ്ടമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.