ന്യൂദല്‍ഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിധ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് ബി.ജെ.പി കേന്ദ്ര നേതൃത്വം ചെലവിട്ടത് 325.45 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍, കേബിള്‍ മാധ്യമങ്ങള്‍ക്കും കൂട്ട എസ്.എം.എസ് അയക്കാന്‍ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ക്കും വന്‍തുകയാണ് നല്‍കിയതെന്ന് ദേശാഭിമാനി പറയുന്നു.
ദല്‍ഹി കേന്ദ്രമായ സ്വകാര്യ പരസ്യ ഏജന്‍സി വഴിമാത്രം മാധ്യമങ്ങളില്‍ 198 കോടി രൂപയുടെ പരസ്യം നല്‍കി. മാധ്യമങ്ങള്‍ക്ക് നേരിട്ടും പരസ്യത്തിന്റെ പണം കൈമാറി. ഏഷ്യാനെറ്റ് ന്യൂസിന് 33.86 ലക്ഷം രൂപയും മലയാള മനോരമയ്ക്ക് 5.90 ലക്ഷം രൂപയും നല്‍കി. കേരളത്തിലടക്കം കൂട്ട എസ്.എം.എസുകള്‍ അയക്കാനും കംപ്യൂട്ടര്‍ നിയന്ത്രിത സംവിധാനത്തില്‍ വോട്ടര്‍മാരെ വിളിക്കാനും എയര്‍ടെല്‍ വഴി കോടിക്കണക്കിനു രൂപ ചെലവിട്ടു.
റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിജിറ്റല്‍ സംവിധാനത്തില്‍ ബി.ജെ.പിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ നമോ ടിവിക്ക് കൊടുത്ത പണത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വാര്‍ത്താവിതരണ മന്ത്രാലയത്തില്‍നിന്ന് ലൈസന്‍സ് എടുക്കാതെയാണ് പ്രവര്‍ത്തനം തുടങ്ങിയതെന്നും പറയുന്നു. ബി.ജെ.പി വാടകയ്ക്ക് എടുത്ത ഡിജിറ്റല്‍ സംവിധാനമാണ് നമോ ടിവിയെന്നാണ് കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരിച്ചിരിക്കുന്നതെന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.