India
'ലിവിംഗ് ടുഗദര്‍' കുറ്റമല്ലെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Nov 28, 07:04 pm
Friday, 29th November 2013, 12:34 am

[]ന്യൂദല്‍ഹി: വിവാഹിതരാവാതെ സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്ന “ലിവിംഗ് ടുഗദര്‍” തെറ്റല്ലെന്ന് സുപ്രീംകോടതി.

ഇങ്ങിനെ ജീവിക്കുന്നത് പാപമോ കുറ്റകരമോ അല്ലെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി ഇത്തരം ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്കും ജനിക്കുന്ന കുട്ടികള്‍ക്കും വേണ്ടി പാര്‍ലിമെന്റ് നിയമ നിര്‍മ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടു.

വിവാഹം കഴിക്കാതെ 18 വര്‍ഷം ഒന്നിച്ച് താമസിച്ച പുരുഷന്‍ തന്നെ വഞ്ചിച്ചെന്നാരോപിച്ച് കര്‍ണാടക സ്വദേശി നല്‍കിയ പരാതി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയുണ്ടായിരിക്കുന്നത്.  ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

വിവാഹിതരാകാതെ ഒന്നിച്ച് താമസിക്കുന്നത് സമൂഹത്തില്‍ സ്വീകാര്യമല്ലെങ്കിലും കുറ്റമോ പാപമോ അല്ല. വിവാഹം കഴിക്കണോ വേണ്ടയോ എന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്.

പല രാജ്യങ്ങളും ഇത്തരം ബന്ധങ്ങളെ അംഗീകരിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നിയമപരമായി വിവാഹിതരാവുമ്പോള്‍ ഭാര്യയും ഭര്‍ത്താവും കുട്ടികള്‍ക്കും കുംബത്തിനുമുള്ള കടമകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരാകുന്നു.

മറിച്ചുള്ള ബന്ധങ്ങളില്‍ ക്ലേശമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. അത് കൊണ്ട് അവരെ സംരക്ഷിക്കാന്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തണം. കോടതി പറയുന്നു. അതേസമയം നിയമ നിര്‍മാണം വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വഴിയൊരുക്കരുതെന്നും കോടതി വ്യക്തമാക്കുന്നുണ്ട്.