ശ്രീലങ്ക-ബംഗ്ലാദേശ് മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. സാഹൂര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മത്സരം തുടങ്ങി മൂന്നാം പന്തില്‍ തന്നെ ബംഗ്ലാദേശ് താരം ലിട്ടണ്‍ ദാസിനെ ദില്‍സണ്‍ മധുശങ്ക പുറത്താക്കി. ലങ്കന്‍ താരം ദുനിത് വെല്ലലാഗിന് ക്യാച്ച് നല്‍കിയാണ് ലിട്ടണ്‍ പുറത്തായത്.
ഇതിന് പിന്നാലെ ഒരു മോശം നേട്ടമാണ് ലിട്ടണെ തേടിയെത്തിയത്. ബംഗ്ലാദേശിനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡക്കാവുന്ന രണ്ടാമത്തെ താരമായാണ് ലിട്ടണ്‍ ദാസ് മാറിയത്. 13 തവണയാണ് ഏകദിനത്തില്‍ ലിട്ടണ്‍ പൂജ്യത്തിന് പുറത്തായത്. ഏകദിനത്തില്‍ 19 തവണ ഗോള്‍ഡന്‍ ഡക്കായ തമിം ഇഖ്ബാലാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്.
മറ്റൊരു മോശം റെക്കോഡും ബംഗ്ലാദേശ് താരം സ്വന്തമാക്കി. ശ്രീലങ്കയ്ക്ക് എതിരായ അവസാന ഏഴ് മത്സരങ്ങളില്‍ നാല് തവണയാണ് ലിട്ടണ്‍ പൂജ്യത്തിന് പുറത്തായത്. ലങ്കക്കെതിരെ അവസാനം കളിച്ചാല്‍ ഏഴ് മത്സരങ്ങളില്‍ വെറും 63 റണ്‍സ് മാത്രമാണ് ലിട്ടണ്‍ നേടിയത്.
ബംഗ്ലാദേശ് ബാറ്റിങ്ങില്‍ സൗമ്യ സര്‍ക്കാര്‍ 66 പന്തില്‍ 68 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 11 ഫോറുകളും ഒരു സിക്‌സും ആണ് സൗമ്യ നേടിയത്.
നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ 39 പന്തില്‍ 68 റണ്‍സ് നേടി നിര്‍ണായകമായ ഇന്നിങ്സ് നടത്തി. ശ്രീലങ്കയുടെ ബൗളിങ്ങില്‍ ദില്‍ശന്‍ മധുശങ്ക, വനിന്ദു ഹസരംഗ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.