മെസിയാണോ മറഡോണയാണോ ഇഷ്ടതാരമെന്ന് ചോദിച്ചാല്‍ ലയണല്‍ മെസിയുടെ പേര് പറയുമെന്ന് അര്‍ജന്റൈന്‍ സൂപ്പര്‍കോച്ച് ലയണല്‍ സ്‌കലോണി. ഡീഗോ മറഡോണ മഹാനായ താരമാണെങ്കിലും എക്കാലത്തെയും മികച്ച താരം മെസിയാണെന്ന് സ്‌കലോണി പറഞ്ഞു.
‘ലിയോ സ്‌പെഷ്യലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. രണ്ടുപേരില്‍ ഒരാളെ തെരഞ്ഞടുക്കാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും ഞാന്‍ മെസിയുടെ പേര് പറയും. എക്കാലത്തെയും മികച്ച താരമെന്ന ബഹുമതിയില്‍ മെസി മറഡോണയെ മറികടന്നു,’ സകലോണി പറഞ്ഞു.
ഖത്തര്‍ ലോകകപ്പില്‍ ചാമ്പ്യന്മാരായി 36 വര്‍ഷത്തെ അര്‍ജന്റീനയുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ചതോടെ ദൈവത്തെ പോലെയാണ് താരത്തെ അര്‍ജന്റീന ആരാധകര്‍ കാണുന്നത്. ലോകകപ്പില്‍ വിശ്വകിരീടമുയര്‍ത്തുന്നതിന് മുമ്പുവരെ മെസിക്ക് മുകളിലാണ് മറഡോണയെ ആരാധകര്‍ പ്രതിഷ്ഠിച്ചിരുന്നത്.
‘2018ല്‍ ഞാന്‍ അര്‍ജന്റീനയുടെ പരിശീലകനായി എത്തുമ്പോള്‍ മെസി ദേശീയ ടീമില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു. അന്ന് ഞങ്ങള്‍ ചെയ്തത് ഒരൊറ്റ കാര്യമായിരുന്നു. ഞങ്ങള്‍ മെസിക്ക് വീഡിയോ കോള്‍ ചെയ്തു.
എന്നിട്ട്, തിരികെ വരണമെന്നും ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. എട്ട് മാസത്തിന് ശേഷം മെസി തിരികെയെത്തി ഒരു കിടിലന്‍ ഗ്രൂപ്പ് ഉണ്ടാക്കുകയും ചെയ്തു,’ സ്‌കലോണി പറഞ്ഞു.
മെസിയെ പരിശീലിപ്പിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്നും അദ്ദേഹത്തിന് ടെക്നിക്കല്‍ വശങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലെന്നും സ്‌കലോണി പറഞ്ഞു. ആകെ ചെയ്യാനുള്ളത് അറ്റാക്കിങ് ചെയ്യുമ്പോള്‍ എന്തെങ്കിലും നിര്‍ദേശം നല്‍കുക മാത്രമാണെന്നും എതിരാളിയില്‍ നിന്നുള്ള അപകടം മെസിക്ക് പെട്ടെന്ന് മനസിലാക്കാനാകുമെന്നും സ്‌കലോണി വ്യക്തമാക്കി.
‘ഞാന്‍ പരിശീലകനായ സമയത്ത് മെസി വലിയ സന്തോഷത്തോടെയും ചിരിയോടെയുമാണ് എന്നെ സ്വീകരിച്ചത്. നമുക്ക് ഏറെ ലക്ഷ്യങ്ങള്‍ നേടാനുണ്ടെന്നും മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞാനും അദ്ദേഹത്തോട് യോജിച്ചു,’ സ്‌കലോണി പറഞ്ഞു.
സ്‌കലോണിക്ക് കീഴില്‍ 44 മത്സരങ്ങള്‍ കളിച്ച മെസി 32 ഗോളുകളാണ് സ്വന്തമാക്കിയത്. മെസിക്ക് ഏറ്റവും നല്ല റിസള്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച പരിശീലകരില്‍ ഒരാള്‍ കൂടിയാണ് സ്‌കലോണി.
ലോകകപ്പ് വിജയത്തിന് ശേഷം യൂറോപ്പിലെ പല വമ്പന്‍ ക്ലബ്ബുകളും സ്‌കലോണിയെ നോട്ടമിട്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും തന്റെ ഭാവി പദ്ധതികളെക്കുറിച്ച് അദ്ദേഹം ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അര്‍ജന്റീനയുടെ മുഖ്യ പരിശീലക സ്ഥാനത്ത് സ്‌കലോണി തുടരുന്നതിനെക്കുറിച്ചും ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.