അർജന്റീന ആരാധകർക്ക് ആശ്വാസ വാർത്തയുമായി സ്കലോണി
2022 Qatar World Cup
അർജന്റീന ആരാധകർക്ക് ആശ്വാസ വാർത്തയുമായി സ്കലോണി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th December 2022, 11:57 pm

ഖത്തർ ലോകകപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ ടീമുകൾ സെമി ഫൈനൽ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. സെമിയിൽ ആദ്യം അർജന്റീന-ക്രൊയേഷ്യ പോരാട്ടമാണ് അരങ്ങേറുക.

ക്രൊയേഷ്യക്കെതിരെ കടുത്ത മത്സരമായിരിക്കുമെന്നാണ് അർജന്റൈൻ കോച്ച് ലയോണൽ സ്‌കലോനി പറയുന്നത്. മത്സരത്തിന് മുന്നോടിയായി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളത്തെ മത്സരം കടുപ്പമേറിയതായിരിക്കുമെന്നതിൽ സംശയമില്ല. എന്നാലും ജയമുറപ്പിച്ചാണ് ഞങ്ങൾ മത്സരത്തിനിറങ്ങുന്നത്.

ഡി മരിയയും ഡി പോളും മത്സരത്തിനുണ്ടാകുമെന്നത് ആശ്വാസം പകരുന്നുണ്ട്. പക്ഷെ അവർ എത്ര മിനിറ്റുകൾ കളിക്കുമെന്നുള്ള കാര്യം ഉറപ്പ് പറയാൻ കഴിയില്ല.

മത്സരത്തെ കുറിച്ചും എതിരാളിയെ കുറിച്ചും ടീമിലെ ഓരോ താരങ്ങളും ചർച്ച ചെയ്യാറുണ്ട്. ക്രൊയേഷ്യ വളരെ മികച്ച എതിരാളികളാണ്. ഈ മത്സരം വളരെ ബുദ്ധിമുട്ടേറിയതാവും.

അവർക്ക് ഒരുപിടി മികച്ച താരങ്ങളുണ്ട്. അത്തരമൊരു ടീമിനെതിരെ കളിക്കണമെന്നുള്ള വ്യക്തമായ ബോധ്യം ഞങ്ങൾക്കുണ്ട്,’ സ്‌കലോണി പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ശക്തമായ തിരിച്ചുവരവാണ് അർജന്റീന നടത്തിയത്. പിന്നീടുള്ള മത്സരങ്ങളിൽ മെകിസ്‌ക്കോ, പോളണ്ട്, ഓസ്‌ട്രേലിയ, ഹോളണ്ട് എന്നിവരെ അർജന്റീന കീഴടക്കി.

അതേസമയം, കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയുടെ തൂടർച്ചയായ രണ്ടാം സെമി ഫൈനൽ പ്രവേശനമാണിത്. ക്വാർട്ടറിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ബ്രസീലിനെ ക്രൊയേഷ്യ തകർത്തത്.

ഇതോടെ ലോകകപ്പിൽ ഷൂട്ടൗട്ടിൽ പരാജയപ്പെടാത്ത ടീമെന്ന തങ്ങളുടെ റെക്കോഡ് ഒന്നുകൂടെ ഊട്ടിയുറപ്പിക്കുകയാണ് ക്രൊയേഷ്യ.

നാല് തവണയാണ് ക്രൊയേഷ്യ ലോകകപ്പിലെ നോക്കൗട്ട് സ്റ്റേജിൽ പെനാൽട്ടിയിൽ രക്ഷപ്പെടുന്നത്. ഫൈനലിസ്റ്റുകളായ 2018ലെ ലോകകപ്പിലും ഖത്തർ ലോകകപ്പിലുമാണ് ഈ നാല് ഷൂട്ടൗട്ടുകളും നടന്നത്.

Content Highlights: Lionel Scaloni about the Semi Final of Argentina