Entertainment
ദാവീദിന്റെ ബോക്‌സിങ്ങിനേക്കാള്‍ കരുത്തുള്ള ഷെറിന്‍
വി. ജസ്‌ന
2025 Feb 17, 02:11 pm
Monday, 17th February 2025, 7:41 pm

മട്ടാഞ്ചേരിക്കാരന്‍ ആഷിക് അബുവിന്റെ മാത്രം കഥയല്ല ദാവീദ്. സൈനുല്‍ അക്മദോവ് എന്ന ലോക ബോക്സിങ് ചാമ്പ്യനെ കുറിച്ച് മാത്രമല്ല ദാവിദ് പറയുന്നത്. ഇരുവരുടെയും ബോക്‌സിങ്ങിനേക്കാള്‍ കരുത്ത് നിറഞ്ഞ തന്റേടവുമായി ജീവിക്കുന്ന ഒരു പെണ്ണിനെ കുറിച്ച് കൂടിയാണ്.

ഷെറിനെ കുറിച്ചാണ്. തന്റെ പങ്കാളിയെ തകര്‍ക്കാന്‍ മറ്റൊരാള്‍ അവളുടെ ജോലി തെറിപ്പിക്കുകയാണ്. എന്നാല്‍ തനിക്ക് പണിയെടുത്ത് ജീവിക്കാനുള്ള മനസുള്ള കാലത്തോളം ആര്‍ക്ക് മുന്നിലും തലകുനിക്കില്ലെന്ന് ആത്മവിശ്വാസത്തോടെ പറയുകയാണ് ഷെറിന്‍.

ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രമാണ് ദാവീദ്. ആഷിക് അബുവെന്ന കഥാപാത്രമായിട്ടാണ് പെപ്പെ എത്തുന്നത്. ഒരു പുറമ്പോക്ക് ഭൂമിയില്‍ ജീവിക്കുന്ന കുടുംബമാണ് അബുവിന്റേത്.

അവനും പങ്കാളിയായ ഷെറിനും നാലാം ക്ലാസുകാരിയായ മകളും ചേര്‍ന്നതാണ് അവരുടെ കുടുംബം. എന്നാല്‍ മൂന്ന് അംഗങ്ങളുള്ള ആ കുടുംബത്തിലെ ആകെയുള്ള വരുമാനം ഷെറിന്റെ ജോലിയില്‍ നിന്നാണ് ലഭിക്കുന്നത്.

ജീവിക്കുന്നത് പുറമ്പോക്കിലായത് കൊണ്ട് പണയം വെയ്ക്കാന്‍ സ്വന്തമായി ആധാരം പോലുമില്ലെന്ന് അവള്‍ ഇടക്ക് മറ്റുള്ളവരെ ഓര്‍മിപ്പിക്കുന്നുണ്ട്. എന്നാല്‍ പിന്നീട് തന്റെ പങ്കാളി കാരണം അവള്‍ക്ക് ആകെയുണ്ടായിരുന്ന ജോലിയും നഷ്ടമാകുകയാണ്.

ആവശ്യത്തിന് സമ്പത്തോ സ്വന്തമെന്ന് പറയാന്‍ വീടോ ഇല്ലെങ്കിലും ഷെറിന് ആത്മാഭിമാനം ഉണ്ടായിരുന്നു. ഇനി ആ ജോലിക്ക് വരേണ്ടതില്ലെന്നും നാളെ മുതല്‍ അവള്‍ക്ക് പകരം മറ്റൊരാളെ അവിടെ കൊണ്ടുവരികയാണെന്നും പറയുന്ന രംഗമുണ്ട്.

കുടുംബത്തിന് ആകെയുള്ള വരുമാനം അവിടെ ഇല്ലാതാകുകയാണ്. എന്നാല്‍ അവള്‍ അവിടെ കരയുകയല്ല ചെയ്യുന്നത്. പകരം തന്റേടത്തോടെ തലയുയര്‍ത്തി അതിനെ നേരിടുകയാണ്. ഇടക്ക് വിങ്ങി കരയുന്ന ഷെറിനെ കാണാമെങ്കിലും പിന്നെ സിനിമയുടെ അവസാനം വരെ അബുവിന് അവള്‍ കരുത്താകുന്നുണ്ട്.

എന്തൊക്കെ സംഭവിച്ചാലും ഷെറിന്‍ തന്റെ കൂടെയുണ്ടാകുമെന്നും അവള്‍ തന്നെ നോക്കുമെന്നുമുള്ള ബോധ്യം അബുവിനുമുണ്ട്. ദാവീദ് എന്ന സിനിമയില്‍ കണ്ട ഏറ്റവും പവര്‍ഫുള്ളായ ഒരു കഥാപാത്രം തന്നെയായിരുന്നു ഷെറിന്‍. സിനിമയില്‍ ഷെറിനായി എത്തിയത് ലിജോമോള്‍ ജോസ് ആയിരുന്നു.

തന്റെ സ്വാഭാവിക പ്രകടനം കൊണ്ട് കരിയറിന്റെ തുടക്കത്തില്‍ തന്നെ ശ്രദ്ധനേടിയിട്ടുള്ള നടിമാരില്‍ ഒരാളാണ് ലിജോമോള്‍ ജോസ്. നടിയുടെ ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരം മുതല്‍ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും കയ്യടി നേടാന്‍ ലിജോമോള്‍ക്ക് സാധിച്ചിട്ടുണ്ട്.

മഹേഷിന്റെ പ്രതികാരത്തിലെ സോണിയയും കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ കനിയും തുടങ്ങി പിന്നീട് വന്ന എല്ലാ സിനിമയിലും മിന്നുന്ന പ്രകടനമാണ് നടി കാഴ്ച വെച്ചത്. 2021ല്‍ തമിഴ് ചിത്രമായ ജയ് ഭീമില്‍ ‘സെങ്കണി’യായി എത്തിയപ്പോള്‍ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടാനും അവര്‍ക്ക് സാധിച്ചിരുന്നു.

പൊന്‍മാനിന് ശേഷം ഈ വര്‍ഷം തിയേറ്ററില്‍ എത്തുന്ന ലിജോമോളുടെ രണ്ടാമത്തെ സിനിമയാണ് ദാവീദ്. ലിജോമോളുടെ കരിയറില്‍ ഏറ്റവും പവര്‍ഫുള്ളായ കഥാപാത്രങ്ങളില്‍ ഒന്നുതന്നെയാകും ദാവീദിലേത്.

Content Highlight: Lijomol Jose As Sherin In Daveed Movie

വി. ജസ്‌ന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ