Malayalam Cinema
എലിയെ കറി വെച്ച് കഴിച്ചു, ആദ്യമൊരു ബുദ്ധിമുട്ടുണ്ടായിരുന്നു, എലിയാണല്ലോ എന്നൊരു ചിന്തയൊക്കെ വന്നു; ജയ് ഭീം ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ലിജോ മോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 05, 10:00 am
Friday, 5th November 2021, 3:30 pm

ടി.ജെ. ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത് സൂര്യ നിര്‍മിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

പൊലീസ് കള്ളക്കേസ് ചുമത്തി ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കിയ തന്റെ ഭര്‍ത്താവിനെ അന്വേഷിച്ച്, നീതി തേടി ഇറങ്ങിയ ഇരുള വിഭാഗത്തില്‍ പെട്ട സെങ്കണി എന്ന യുവതിയുടെയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ചന്ദ്രുവെന്ന അഭിഭാഷകന്റെയും പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും ഇരുളവിഭാഗക്കാര്‍ക്കൊപ്പം താമസിച്ച് അവരുടെ ജീവിത രീതി പഠിച്ചെടുത്തതിനെ കുറിച്ചും സംസാരിക്കുകയാണ് സെങ്കിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ലിജോ മോള്‍.

ജനുവരി പകുതി തൊട്ട് മാര്‍ച്ച് ആദ്യം വരെ താനും നടന്‍ മണികണ്ഠനും അവരുടെ കൂടെ തന്നെയായിരുന്നെന്നും ഞങ്ങള്‍ക്ക് അവരേയും അവര്‍ക്ക് ഞങ്ങളേയും അടുത്തറിയാനുള്ള സമയമായിരുന്നു അതെന്നും ലിജോ മോള്‍ പറയുന്നു. ഇരുള വിഭാഗത്തില്‍പ്പെട്ട രണ്ടുപേരേയാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. അപ്പോള്‍ അവരെപ്പറ്റി അറിയണമല്ലോ.

അവര്‍ സാരിയാണ് ധരിക്കുക. അപ്പോള്‍ ഞാനും സാരിയുടുക്കണമായിരുന്നു. അവര്‍ ചെരിപ്പ് ഉപയോഗിക്കാത്തതുകൊണ്ട് ട്രെയിനിങ് സമയത്തെല്ലാം ചെരിപ്പിടാതെയായിരുന്നു നടന്നിരുന്നത്. പിന്നെ വേട്ടയ്ക്ക് പോയി. പോവുന്നത് ഒരു ദിവസം രാത്രിയായിരിക്കും. ഏഴ് അല്ലെങ്കില്‍ എട്ടുമണിക്കൊക്കെ തുടങ്ങിയാല്‍ കഴിയാന്‍ പിറ്റേദിവസം രാവിലെയൊക്കെയാവും. അപ്പോള്‍ അത്രയും ദൂരം ചെരിപ്പിടാതെ കാട്ടിലൂടെ നടക്കണം. അതെല്ലാം പുതിയ അനുഭവങ്ങള്‍ തന്നെയായിരുന്നു. പരിശീലനം കിട്ടിയതുകൊണ്ട് ഷൂട്ടിന്റെ സമയത്ത് ചെരിപ്പില്ലാതെ തന്നെ നടന്ന് ശീലമായി.

പിന്നെ പാമ്പിന്‍ വിഷത്തിനുള്ള മരുന്ന് കൊടുക്കുന്നതായിട്ടായിരുന്നു സിനിമയില്‍ എന്റെ ജോലി. അതും പഠിച്ചു. മരുന്നുകളെല്ലാം പഠിക്കണമായിരുന്നു. പനിക്കും ചുമയ്ക്കും വരെയുള്ള മരുന്നുകള്‍ എന്തെല്ലാമാണെന്ന് പഠിക്കണമായിരുന്നു. സിനിമയില്‍ അതൊന്നും വന്നിട്ടില്ലെങ്കിലും തികഞ്ഞ പരിചയമുള്ള ഒരാളെപ്പോലെ തന്നെ എല്ലാം ചെയ്യണമായിരുന്നു.

മറ്റൊന്ന് എലിയെ വേട്ടയാടിപ്പിടിച്ച് കറിവെച്ച് കഴിച്ചതാണ്. ശരിക്കും എലിയെ പിടിച്ചു. എലിയെ കറി വെച്ച് കഴിച്ചിട്ടുണ്ട്. ചിക്കന്‍ കഴിക്കുന്നതുപോലെയാണ് തോന്നിയത്. അവര്‍ പണ്ടുതൊട്ടേ എലിവേട്ടയ്ക്ക് പോവുന്നതാണ്. വരപ്പെലി എന്നാണ് അവര്‍ അതിനെ പറയുന്നത്. അതായത് വയലില്‍ മാത്രം കാണുന്ന പ്രത്യേകതരം എലിയാണത്.

എല്ലാ എലിയേയും അവര്‍ കഴിക്കില്ല. അതുപോലെ അണ്ണാനേയും അവര്‍ പിടിച്ച് കഴിക്കും. കഥാപാത്രം ചെയ്യുന്നതിന്റെ ഭാഗമായി ഇതെല്ലാം നമ്മളും ചെയ്യണമായിരുന്നു.

എലിയെ കഴിച്ചെന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ എങ്ങനെ കഴിച്ചു എന്ന് ചോദിച്ചു. ആദ്യമൊരു ബുദ്ധിമുട്ടുണ്ടായിരുന്നു. എലിയാണല്ലോ എന്നൊരു ചിന്തയൊക്കെ വന്നു. പിന്നെ അവരും നമ്മളെപ്പോലെ തന്നെയാണല്ലോ, വേറെ വ്യത്യാസമൊന്നും ഇല്ലല്ലോ. അവര്‍ക്ക് കഴിച്ചിട്ട് കുഴപ്പമൊന്നുമില്ല. പിന്നെ നമുക്കും കഴിക്കാമെന്ന് വിചാരിച്ചു. വീട്ടില്‍ നിന്നാരും അയ്യേ, അങ്ങനെയൊക്കെ ചെയ്‌തോ എന്നല്ല ചോദിച്ചത്. കഴിക്കാന്‍ നേരം എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയോ എന്നാണ് ചോദിച്ചത്, ലിജോ മോള്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Lijo Mol About Jai Bhim Movie Shooting