ലൈഗറില്‍ നായികയാകേണ്ടിയിരുന്നത് അനന്യ പാണ്ഡെ ആയിരുന്നില്ല; ഡേറ്റ് കിട്ടാത്തതുകൊണ്ട് മാത്രമാണ് ആ നടിയെ നഷ്ടമായത്: പൂരി ജഗന്നാഥ്
Entertainment news
ലൈഗറില്‍ നായികയാകേണ്ടിയിരുന്നത് അനന്യ പാണ്ഡെ ആയിരുന്നില്ല; ഡേറ്റ് കിട്ടാത്തതുകൊണ്ട് മാത്രമാണ് ആ നടിയെ നഷ്ടമായത്: പൂരി ജഗന്നാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th August 2022, 6:39 pm

വിജയ് ദേവരകൊണ്ട പ്രധാന വേഷത്തിലെത്തുന്ന ലൈഗര്‍ ഓഗസ്റ്റ് 25നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച പൂരി ജഗന്നാഥാണ് സിനിമയുടെ സംവിധാനം. ലോകമെമ്പാടും 2500ഓളം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ചിത്രം 33 കോടി രൂപയാണ് ആദ്യ ദിനം തിയേറ്ററുകളില്‍ നിന്നും കളക്ട് ചെയ്തത്.

പല കാരണങ്ങള്‍ കൊണ്ടും വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ് ലൈഗര്‍. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ എത്തിയതിന്റ സന്തോഷവും നേരിട്ട കഷ്ടപ്പാടുകളും എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണിപ്പോള്‍ സംവിധായകന്‍ പൂരി ജഗന്നാഥ്.

”ഫൈറ്റ് സീക്വന്‍സുകളെ കുറിച്ച് എനിക്ക് ആശങ്കയില്ലായിരുന്നു. സംസാര വൈകല്യമുള്ള കഥാപാത്രത്തെ വിജയ് നന്നായി ചെയ്തു. കഥാപാത്രത്തെ അനുകമ്പയോടെയല്ല സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ഞങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു. ശക്തമായ കഥാപാത്രമാണ് വിജയ് ദേവരകൊണ്ട ചെയ്തിരിക്കുന്നത്.

ശ്രീദേവിയുടെ വലിയ ആരാധകനാണ് ഞാന്‍. അതുകൊണ്ട് അവരുടെ മകള്‍ ജാന്‍വി കപൂറിനെയാണ് ആദ്യം ചിത്രത്തിലെ നായികയായി വിചാരിച്ചിരുന്നത്. എന്നാല്‍ താരത്തിന്റെ ഡേറ്റ് കിട്ടിയിരുന്നില്ല. എന്നെങ്കിലും ഒരിക്കല്‍ അവരോടൊപ്പം വര്‍ക്ക് ചെയ്യാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്,” പൂരി ജഗന്നാഥ് പറഞ്ഞു.

സിനിമയില്‍ ഒരു പ്രധാന റോളില്‍ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ വേഷമിട്ടിരുന്നു. മൈക്ക് ടൈസണെ ലൈഗറിലേക്ക് എത്തിച്ചതിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും സംവിധായകന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

”ഞാന്‍ മൈക്ക് ടൈസന്റെ ഒരു വലിയ ആരാധകനാണ്. അദ്ദേഹത്തെ ലൈഗറില്‍ അതിഥി വേഷത്തില്‍ അവതരിപ്പിക്കുന്നത് ഒരു പ്രധാന വെല്ലുവിളിയായിരുന്നു. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് അവസാനം നിമിഷം വരെ താരം സിനിമയിലുണ്ടാകുമോ എന്ന് സംശയിച്ചിരുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസാരത്തിന് വൈകല്യം നേരിടുന്ന കിക്ക്ബോക്സറയാണ് വിജയ് ദേവരകൊണ്ട ലൈഗറിലെത്തുന്നത്. മിക്സഡ് ആയോധനകല (എം.എം.എ) പോരാളിയായി സമ്പന്നനാകുക എന്ന ലക്ഷ്യത്തോടെ തെലങ്കാനയിലെ കരിംനഗറില്‍ നിന്ന് മുംബൈയിലേക്ക് തന്റെ വിധവയായ അമ്മയോടൊപ്പം ഈ കഥാപാത്രം പോകുന്നതാണ് സിനിമയില്‍ കാണിക്കുന്നത്.

അനന്യ പാണ്ഡെ നായികയായ ലൈഗറില്‍ നടി രമ്യ കൃഷ്ണനും ഒരു പ്രാധാന വേഷത്തില്‍ എത്തുന്നുണ്ട്.

തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉള്‍പ്പടെ മറ്റ് അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്. കേരളത്തിലും ചിത്രത്തിന് വൈഡ് റിലീസാണ്.

മലയാളം പതിപ്പിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ക്കും കേരളത്തില്‍ പ്രദര്‍ശനമുണ്ട്.

Content Highlight: Liger director Puri Jagannadh talks about the difficulties while shooting the movie