2003 നവംബര്‍ 18. ഗുജറാത്തിലെ സബര്‍മതി സെന്‍ട്രല്‍ ജയില്‍ ഒരു അസാധാരണ പ്രഭാതത്തിന് സാക്ഷ്യം വഹിച്ചു. പതിവുപോലെ പ്രഭാതഭക്ഷണത്തിനായി തടവുകാര്‍ ഒത്തുചേരേണ്ട സമയമായിട്ടും തീന്‍മേശകള്‍ ഒഴിഞ്ഞുകിടന്നു. ആകെയുള്ള മൂവായിരത്തില്‍പ്പരം തടവുകാരില്‍ രണ്ടായിരത്തോളം പേര്‍ ഭക്ഷണമുപേക്ഷിച്ച് നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ജയില്‍ ജീവനക്കാരുടെ അനുനയശ്രമങ്ങള്‍ ഫലം കാണാതായപ്പോള്‍ ഏതാനും ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. എങ്കിലും സമരം അവസാനിച്ചില്ല. ഏറെ വൈകിയിട്ടും തങ്ങളുടെ ആവശ്യം പരിഗണിക്കപ്പെടുന്നില്ലെന്ന് കണ്ട തടവുകാരില്‍ ആറു പേര്‍ കൈയിലെ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതോടെ, അധികൃതരുടെ നിയന്ത്രണത്തിനുമപ്പുറത്തായി കാര്യങ്ങള്‍.
സബര്‍മതി സെന്‍ട്രല്‍ ജയിലിലെ തടവുകാരെ ഇത്രയേറെ പ്രകോപിപ്പിച്ചത്, അതിന്റെ രണ്ടു മാസം മുന്നെ മാത്രം ജോലിയില്‍ പ്രവേശിച്ച അവരുടെ ജയില്‍ സൂപ്രണ്ടിന് അപ്രതീക്ഷിതമായി ലഭിച്ച സ്ഥലം മാറ്റ ഉത്തരവായിരുന്നു. തടവുപുള്ളികളോട് പരിധിയില്‍ക്കവിഞ്ഞ് പരിഗണന കാണിക്കുകയും സൗഹൃദം പുലര്‍ത്തുകയും ചെയ്തുവെന്ന കാരണം കാണിച്ചായിരുന്നു ജയില്‍ സുപ്രണ്ടിനെ സ്ഥലം മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം. ഗുജറാത്ത് സര്‍ക്കാറിന്റെ ആ തീരുമാനത്തെ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളുമുപയോഗിച്ച് അവര്‍ പ്രതിരോധിച്ചു. ഇക്കാര്യം ഉന്നയിച്ച് അവരില്‍ ചിലര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുക വരെ ചെയ്തു. തടവുകാര്‍ക്കും അവകാശങ്ങളുണ്ടെന്നും അവരും മനുഷ്യരാണെന്നും കണക്കാക്കിയ ആ സുപ്രണ്ടിനെ ജയിലിലെ അന്ധേവാസികള്‍ അവരുടെ ദൈവമായി കണ്ടു.
സബര്‍മതി സെന്‍ട്രല്‍ ജയില്‍
ജോലിയാരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ത്തന്നെ ആ ജയില്‍ സൂപ്രണ്ട് തടവുകാര്‍ക്കിടയില്‍ പൊതുസമ്മതനായി മാറാന്‍ പല കാരണങ്ങളുണ്ടായിരുന്നു. കാലങ്ങളായി പിന്തുടര്‍ന്നുപോന്നിരുന്ന നിലവാരം കുറഞ്ഞ ഭക്ഷണരീതികള്‍ അദ്ദേഹം പാടേ മാറ്റി, തടവുകാര്‍ക്ക് മെച്ചപ്പെട്ട ഭക്ഷണമെത്തിച്ചു. കാഴ്ചയില്ലാത്തവര്‍ക്ക് കണ്ണടകള്‍ നല്‍കി. വായിക്കാന്‍ പുസ്‌കതങ്ങളെത്തിച്ചുകൊടുത്തു. ജയില്‍ ഉല്‍പന്നങ്ങളില്‍ നിന്നും ലഭിക്കുന്ന ലാഭം പൂര്‍ണമായും തടവുകാരുടെ ക്ഷേമത്തിനായി ചെലവഴിക്കുന്ന പദ്ധതിയും അയാള്‍ അക്കാലയളവില്‍ ആസൂത്രണം ചെയ്തു. ഈ ക്ഷേമപദ്ധതികള്‍ നടപ്പില്‍ വരുന്നതുവരെയെങ്കിലും തങ്ങള്‍ക്ക് ആ ജയില്‍ സുപ്രണ്ടിനെ വേണമെന്ന തടവുകാരുടെ മുറവിളി അന്നത്തെ സംസ്ഥാന സര്‍ക്കാരിന്റെ കടുംപിടിത്തത്തില്‍ മുങ്ങിപ്പോയി.
വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടു.’ഭട്ട് സാബിനെ തിരികെ കൊണ്ടുവരൂ’ എന്ന സബര്‍മതിയിലെ ആ പഴയ മുദ്രാവാക്യം ഇന്ന് ഏറ്റു വിളിയ്ക്കുന്നത് ഇന്ത്യയൊട്ടാകെയാണ്. അന്നത്തെ ജയില്‍ സൂപ്രണ്ടായ ബട്ട് സാബിനു വേണ്ടി കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി രാജ്യമാസകലമുള്ള മനുഷ്യാവകാശപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും വിശ്രമമില്ലാതെ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്നു. സഞ്ജീവ് ഭട്ട് എന്ന മനുഷ്യസ്‌നേഹിയായ ആ പൊലീസ് ഉദ്യോഗസ്ഥനെ രാജ്യം മുഴുവനറിയും. സര്‍ക്കാര്‍ സ്ഥലം മാറ്റാനൊരുങ്ങിയപ്പോള്‍ രണ്ടായിരത്തോളം തടവുകാര്‍ നിരാഹാരമിരുന്ന ആറു പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സബര്‍മതി ജയിലിലെ അന്നത്തെ ആ ജയില്‍ സുപ്രണ്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ഗുജറാത്തില്‍ തടവിലാണ്.
സഞ്ജീവ് ഭട്ട് പൊലീസ് കസ്റ്റഡിയില്‍
സംഘപരിവാറിന്റെയും മോദി സര്‍ക്കാരിന്റെയും കടുത്ത വിമര്‍ശകന്‍, ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിയുടെ പങ്കിനെക്കുറിച്ച് ലോകത്തോട് തുറന്നുപറഞ്ഞ, കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍, കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ജനവിരുദ്ധനയങ്ങളെ സമൂഹമാധ്യമങ്ങളില്‍ നിരന്തരമായി വിമര്‍ശിച്ചിരുന്ന സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകന്‍, തുടരെത്തുടരെ പ്രതികാര നടപടികള്‍ നേരിടുകയും ജോലി നഷ്ടപ്പെടുകയും ചെയ്തിട്ടും ഒറ്റയാള്‍പ്പോരാട്ടം തുടര്‍ന്നയാള്‍, മുപ്പത് വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി ജാമ്യം പോലും നിഷേധിക്കപ്പെട്ട് അനിശ്ചിതകാല തടവില്‍ക്കഴിയുന്ന സഞ്ജീവ് ഭട്ടിന് നിരവധി വിശേഷണങ്ങളുണ്ട്. നീതിനിഷേധത്തിനെതിരെ സത്യസന്ധമായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ രാഷ്ട്രീയപകപോക്കലിന് നിരന്തരം ഇരയായ ആ ധീരനായ പൊലീസ് ഓഫീസറുടെ ജീവിതം സംഭവബഹുലമാണ്.
മുംബൈ ഐ.ഐ.ടിയില്‍ നിന്നും എം.ടെക് ബിരുദം നേടിയതിന് ശേഷം 1988ലാണ് സഞ്ജീവ് ഭട്ട് ഇന്ത്യന്‍ പൊലീസ് സര്‍വീസിലെത്തുന്നത്. ഗുജറാത്ത് കേഡറിലായിരുന്നു നിയമനം. സര്‍വീസിന്റെ ആദ്യകാലത്ത് ജാംനഗര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ സംഭവിച്ച ഒരു കേസ്സിന്റെ പേരിലാണ് ഇന്നദ്ദേഹം ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നത്. മുപ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം പൊടുന്നനെ ഈ കേസ് പരിഗണനയില്‍ വരാനും ദ്രുതഗതിയില്‍ നടപടികളുണ്ടാകാനും വഴിയൊരുക്കിയത് സഞ്ജീവ് ഭട്ടും രാജ്യത്തെ ബി.ജെ.പി നേതൃത്വവും തമ്മിലുള്ള രൂക്ഷമായ അഭിപ്രായഭിന്നതകളാണെന്നത് ഏവര്‍ക്കുമറിയുന്ന കാര്യമാണ്.
2011ലാണ് സഞ്ജീവ് ഭട്ട് എന്ന പൊലീസുദ്യോഗസ്ഥന്‍ നരേന്ദ്രമോദിയ്ക്കും ബി.ജെ.പിയ്ക്കും പരസ്യമായ വെല്ലുവിളിയായി മാറിത്തുടങ്ങിയത്. രാജ്യത്തെ നടുക്കിയ 2002ലെ ഗോധ്ര തീവയ്പ്പിലും തുടര്‍ന്നുണ്ടായ ഗുജറാത്ത് വംശഹത്യയിലും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയ്ക്കുള്ള പങ്ക് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഭട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത് 2011 ഏപ്രില്‍ 14നാണ്.
ഗുജറാത്ത് വംശഹത്യ നടക്കുന്ന കാലയളവില്‍ ഗാന്ധിനഗറിലെ ഇന്റലിജന്‍സ് ബ്യൂറോയുടെ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു സഞ്ജീവ് ഭട്ട്. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ സുരക്ഷയും ഭട്ടിന്റെ ഉത്തരവാദിത്തമായിരുന്നു. 2002 ഫെബ്രുവരി 27നാണ് ഗോധ്രയില്‍ തീവയ്പ്പ് സംഭവം നടക്കുന്നത്. അന്നു രാവിലെ ഗോധ്ര റെയില്‍വേസ്റ്റേഷനില്‍ തീകൊളുത്തപ്പെട്ട സബര്‍മതി എക്സ്പ്രസില്‍ 59 ഹിന്ദു തീര്‍ത്ഥാടകരാണ് ജീവനോടെ വെന്തമര്‍ന്നത്. തീവയ്പ്പിനു പിറകില്‍ മുസ്‌ലിം മതവിശ്വാസികളായ പ്രതിഷേധക്കാരാണെന്ന് തീവ്രഹിന്ദു സംഘടനകള്‍ പ്രചരണമാരംഭിച്ചു. രാജ്യം കണ്ട ഏറ്റവും ക്രൂരമായ വംശഹത്യാപരമ്പരയായിരുന്നു ഇതിനു പിന്നാലെ അരങ്ങേറിയത്.
വിഷയത്തില്‍ സഞ്ജീവ് ഭട്ട് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ ഗുജറാത്തിനെ മാത്രമല്ല, ഇന്ത്യയെയൊട്ടാകെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ചു. ഗോധ്ര തീവയ്പ്പിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും, വര്‍ഗ്ഗീയ ആക്രമണങ്ങള്‍ക്കെതിരെ യാതൊരു നടപടിയും കൈക്കൊള്ളാതിരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ വെളിപ്പെടുത്തല്‍. ‘ഹിന്ദുക്കളെ അവരുടെ രോഷം തീര്‍ക്കാന്‍ അനുവദിക്കണ’മെന്നും മുസ്ലിങ്ങളെ ‘പാഠം പഠിപ്പിക്കണ’മെന്നും മോദി അന്നത്തെ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് പഠനം നടത്താന്‍ രൂപീകരിക്കപ്പെട്ട കണ്‍സേണ്‍ഡ് സിറ്റിസണ്‍സ് ട്രിബ്യൂണലിന് മുന്നില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യ ഇതേ വസ്തുതകള്‍ വെളിപ്പെടുത്തിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഹരേണ്‍ പാണ്ഡ്യയെ തന്റെ കാറില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഹരേന്‍ പാണ്ഡ്യ
തീവയ്പ്പില്‍ മരിച്ച തീര്‍ത്ഥാടകരുടെ മൃതദേഹങ്ങള്‍ അഹമ്മദാബാദില്‍ എത്തിച്ച് നഗരത്തിലങ്ങോളമിങ്ങോളം വംശീയകലാപങ്ങള്‍ സൃഷ്ടിക്കാനായിരുന്നു ബി.ജെ.പിയും ബജ്രംഗ്ദളും വിശ്വഹിന്ദു പരിഷത്തുമടക്കമുള്ള തീവ്രവര്‍ഗ്ഗീയ സംഘടനകളുടെ ശ്രമം എന്ന് സഞ്ജീവ് ഭട്ട് പുറം ലോകത്തെ അറിയിച്ചു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഭട്ട് അന്നുതന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും, കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതനുസരിച്ചു തന്നെ നടന്നു. ആയിരത്തോളം പേരാണ് വിവിധ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ എഴുപത്തിയഞ്ചു ശതമാനവും മുസ്‌ലിങ്ങളായിരുന്നു.
വംശഹത്യയ്ക്ക് തൊട്ടുപിന്നാലെ ഗുജറാത്തിലെ ബഹുചരാജിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍, മുസ്‌ലിങ്ങള്‍ക്കിടയിലെ ഉയര്‍ന്ന ജനനനിരക്ക് സൂചിപ്പിച്ചുകൊണ്ട് നരേന്ദ്ര മോദി അങ്ങേയറ്റം വംശീയവും വിദ്വേഷപരവുമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണമാവശ്യപ്പെട്ടുകൊണ്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. പ്രസംഗത്തിന്റെ പകര്‍പ്പ് കമ്മീഷന് കൈമാറാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിമുഖത കാട്ടിയെങ്കിലും, സഞ്ജീവ് ഭട്ടിന്റെ നേതൃത്വത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോ പകര്‍പ്പ് കമ്മീഷന് അയച്ചുകൊടുക്കുക തന്നെ ചെയ്തു. ഇതിനെത്തുടര്‍ന്നുള്ള അച്ചടക്ക നടപടിയായിരുന്നു നിരന്തരമായ സ്ഥലംമാറ്റല്‍. സഞ്ജീവ് ഭട്ട് സബര്‍മതി ജയിലില്‍ എത്തിയതും ഈ നടപടിക്രമത്തിന്റെ ഭാഗമായായിരുന്നു.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ
ഹരേന്‍ പാണ്ഡ്യ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അസ്ഗര്‍ അലിയെ സഞ്ജീവ് ഭട്ട് സബര്‍മതി ജയിലില്‍ വച്ചു കണ്ടുമുട്ടിയിരുന്നു. പാണ്ഡ്യയുടെ യഥാര്‍ത്ഥ കൊലയാളികളെക്കുറിച്ച് അസ്ഗര്‍ അലിയില്‍ നിന്നും തനിക്ക് വ്യക്തമായ സൂചനകള്‍ ലഭിക്കുകയും, താന്‍ ഇക്കാര്യം ഗുജറാത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായെ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് ഭട്ട് പറയുന്നു. എന്നാല്‍, തെളിവുകളെല്ലാം നശിപ്പിച്ച് നിശബ്ദനാകാനാണ് അമിത് ഷാ ഭട്ടിനോടാവശ്യപ്പെട്ടത്. ഇതിനു കൂട്ടാക്കാതെയായപ്പോഴായിരുന്നു അടുത്ത സ്ഥലംമാറ്റം.
ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് എം.പിയായിരുന്ന എഹ്സാന്‍ ജഫ്രിയും കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിധവയായ സക്കിയ ജഫ്രി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് അക്രമപരമ്പരയിലെ ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണമുണ്ടാകുന്നത്. 2009ല്‍ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ തനിക്കറിയാവുന്നതെല്ലാം സഞ്ജീവ് ഭട്ട് വെളിപ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായാണ് 2011ല്‍ അദ്ദേഹം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്.
ഗുജറാത്തില്‍ നടന്നത് സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയുണ്ടായ കൂട്ടക്കൊലയാണെന്ന് സൂചിപ്പിക്കുന്ന സഞ്ജീവ് ഭട്ടിന്റെ സത്യവാങ്മൂലം ദേശീയ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. പ്രത്യേക അന്വേഷണ സംഘം സത്യങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്നും, മോദി സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്നും സത്യവാങ്മൂലത്തില്‍ ആരോപണമുണ്ടായിരുന്നു. 2009ല്‍ നല്‍കിയ മൊഴിയില്‍ ഭട്ട് ഉറച്ചു നിന്നെങ്കിലും, അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്.
അമിത് ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ
ഗോധ്ര തീവയ്പ്പ് നടന്ന ദിവസം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സഞ്ജീവ് ഭട്ട് പങ്കെടുത്തതായി തെളിവില്ലെന്ന് അന്വേഷണസംഘം വാദിച്ചു. സത്യവാങ്മൂലത്തില്‍ ഭട്ടിനൊപ്പം ഒപ്പുവച്ച കോണ്‍സ്റ്റബില്‍ കെ.ഡി. പന്ത്, തന്നെ ഭട്ട് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് മൊഴിമാറ്റി. സഞ്ജീവ് ഭട്ടിനെതിരെയുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതികാരനടപടികള്‍ ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച സുപ്രീം കോടതി, ഭട്ടിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും തെറ്റായതുമെന്ന് മുദ്രകുത്തി തള്ളി. നരേന്ദ്രമോദിയ്ക്കു ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. അവിടം കൊണ്ടും തീര്‍ന്നില്ല. 2011 മുതല്‍ സസ്പെന്‍ഷനിലായിരുന്ന ഭട്ടിനെ 2015 ആഗസ്ത് 19ന് സര്‍വീസില്‍ നിന്നും പുറത്താക്കി. മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ല, സര്‍ക്കാരുദ്യോഗസ്ഥരോട് മോശമായി പെരുമാറി, ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും ലോഗ് ബുക്ക് പിടിച്ചെടുത്തു, മറ്റുദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനം അനധികൃതമായി കൈയില്‍ വച്ചു എന്നിങ്ങനെ പലവിധ കാരണങ്ങള്‍ കാണിച്ചായിരുന്നു പുറത്താക്കല്‍. ഇക്കാലത്ത് സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്നു ഭട്ട്. കുറിക്കുകൊള്ളുന്ന ആരോപണങ്ങളും സര്‍ക്കാരിനെതിരെയുള്ള ട്രോളുകളുമായി ഭട്ട് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു.
സഞ്ജീവ് ഭട്ടിനെതിരായി മോദിയും കൂട്ടരും ഒരുക്കിയ കുരുക്ക് അപ്പോഴേക്കും മുറുകിത്തുടങ്ങിയിരുന്നു. മുപ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പ്, 1990ല്‍ ജാംനഗറിലെ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായി ജോലി നോക്കിയിരുന്നപ്പോള്‍ ഭട്ടിനെതിരായി ഒരു കസ്റ്റഡിമരണക്കേസ് നിലനിന്നിരുന്നു. നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയ കലാപം അമര്‍ച്ച ചെയ്യാനായി 150ഓളം പേരെ അന്ന് ഭട്ടിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തിരുന്നു. അവരിലൊരാളായ പ്രഭുദാസ് വൈഷ്ണാനി കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങി ദിവസങ്ങള്‍ക്കു ശേഷം കിഡ്നിരോഗം ബാധിച്ച് മരിച്ചു. പ്രഭുദാസിന്റെ സഹോദരന്‍ ഭട്ടിനും മറ്റ് ആറ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ് കോടതിയിലെത്തിയപ്പോഴേക്കും സഞ്ജീവ് ഭട്ട് മോദിയുടെ കണ്ണിലെ കരടായി മാറിക്കഴിഞ്ഞിരുന്നു. അക്കൂട്ടത്തില്‍ കോടതിയിലെത്തിയ മറ്റെല്ലാ കസ്റ്റഡി മരണക്കേസുകളും ഒത്തുതീര്‍പ്പിലെത്തിച്ച ഗുജറാത്ത് സര്‍ക്കാര്‍, ഭട്ടിന്റെ കേസ് മാത്രം ആളിക്കത്തിച്ചു.
ഇതിനൊപ്പം, 1996ല്‍ ബനസ്‌കാന്തയില്‍ വച്ച് ഒരഭിഭാഷകനെ മയക്കുമരുന്നുകേസില്‍ കുടുക്കി എന്ന ആരോപണവും ഭട്ട് നേരിടുന്നുണ്ടായിരുന്നു. 22 വര്‍ഷങ്ങള്‍ക്കു ശേഷം, 2018ല്‍, ഈ കേസില്‍ ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി അറസ്റ്റു ചെയ്തു. ഒരു വര്‍ഷത്തോളം ജാമ്യം പോലും ലഭിക്കാതെ ഭട്ട് വിചാരണത്തടവു നേരിട്ടു. അറസ്റ്റിനു ശേഷം കുടുംബാംഗങ്ങളെ കാണാനോ പുറംലോകവുമായി ബന്ധപ്പെടാനോ ഭട്ടിന് അനുവാദമുണ്ടായിരുന്നില്ല. സഞ്ജീവ് ഭട്ടിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പൊതുജനങ്ങളുമായി സംവദിച്ചിരുന്ന ഭാര്യ ശ്വേത ഭട്ടിനെ അപകടത്തില്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ പോലുമുണ്ടായി. സഞ്ജീവ് ഭട്ട് എവിടെ എന്ന ചോദ്യം കാലങ്ങളോളം ശ്വേതയും ഒപ്പം ഭട്ടിന്റെ അഭ്യുദയകാംഷികളും ചോദിച്ചുകൊണ്ടിരുന്നു. ഒടുവില്‍, 2019 ജൂണില്‍ ഭട്ടിനെ കസ്റ്റഡിമരണക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
രണ്ട് വര്‍ഷക്കാലമായി തടവറയ്ക്കുള്ളിലാണ് സഞ്ജീവ് ഭട്ട്. ഇന്ത്യയിലെ ഫാസിസ്റ്റ് രാഷ്ട്രീയം രാജ്യാധികാരത്തിലേറുന്നതിന് മുമ്പ് അതിന്റെ പരീക്ഷണശാലയായി കണക്കാക്കിയ ഗുജറാത്തില്‍ അരങ്ങേറിയ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് ലോകത്തോടു വിളിച്ചുപറഞ്ഞ നീതിമാനായ ഒരു ഉദ്യോഗസ്ഥന്‍ അയാള്‍ കാണിച്ച സത്യസന്ധതയ്ക്കും ധീരതയ്ക്കും പകരമായി തടവറയില്‍ സ്വന്തം ജീവിതവും ജീവനും വിലകൊടുത്തുകൊണ്ടിരിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക