ക്രിക്കറ്റ് ലോകത്തെ തന്റെ വമ്പനടി കൊണ്ട് ഒരിക്കല്‍ക്കൂടി ഞെട്ടിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ലിയാം ലിവിങ്സ്റ്റണ്‍. 2022 ഐ.പി.എല്‍ മുതല്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്ന വമ്പന്‍ സിക്‌സറുകള്‍ എണ്ണിയാല്‍ തീരില്ല.
ഇപ്പോഴിതാ വീണ്ടും ഒരു പടുകൂറ്റന്‍ സിക്‌സറടിച്ച് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ലിവിങ്‌സ്റ്റണ്‍. റിഷബ് പന്തിന്റെ ക്ലാസിക് ഷോട്ടുകളില്‍ ഒന്ന് കടമെടുത്താണ് താരം ക്രിക്കറ്റ് ലോകത്ത് തരംഗമായിരിക്കുന്നത്.
ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടി ഇതേ അടി തുടര്‍ന്നിരുന്ന ലിവിങ്‌സ്റ്റണ്‍ മുമ്പുള്ള സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും സമാന പ്രകടനം ആവര്‍ത്തിച്ചിരുന്നു.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് അനായാസം കളിക്കുന്ന വണ്‍ ഹാന്‍ഡഡ് സിക്‌സറടിച്ചാണ് ദി ഹണ്‍ഡ്രഡ് ക്രിക്കറ്റ് ലീഗില്‍ ലിവിങ്സ്റ്റണ്‍ കത്തിക്കയറിയത്.
ഓഗസ്റ്റ് 15ന് നടന്ന ബെര്‍മിങ്ഹാം ഫീനിക്‌സ് – ട്രെന്റ് റോക്കറ്റ്‌സ് മത്സരത്തിലായിരുന്നു താരത്തിന്റെ പടുകൂറ്റന്‍ സിക്‌സര്‍.
ഒരേസമയം മത്സരം വിജയിപ്പിച്ചതും ലിവിങ്സ്റ്റണ്‍ സ്വയം ഫിഫ്റ്റി തികച്ചതും ആ സിക്‌സറിലൂടെയായിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത.
ട്രെന്റ് റോക്കറ്റ്‌സിന്റെ നായകന്‍ ലൂയിസ് ഗ്രിഗറിയെയായിരുന്നു ലിവിങ്‌സ്റ്റണ്‍ സിക്‌സറിന് തൂക്കിയത്.
മീഡിയം പേസറായ ഗ്രിഗറിയെറിഞ്ഞ ഫുള്‍ടോസ് ഡെലിവറി മിഡ് വിക്കറ്റിന് മുകളിലൂടെ താരം സിക്‌സറിന് പറത്തിയപ്പോള്‍ ഫീനിക്‌സ് സ്വന്തമാക്കിയത് ഏഴ് വിക്കറ്റിന്റെ വിജയവും ലിവിങ്സ്റ്റണ്‍ സ്വന്തം പേരില്‍ കുറിച്ചത് മറ്റൊരു ഫിഫ്റ്റിയുമായിരുന്നു.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഫീനിക്‌സിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. 54 പന്ത് പിന്നിട്ടപ്പോഴേക്കും 53 റണ്‍സിന് റോക്കറ്റ്‌സിന്റെ ടോപ് – മിഡില്‍ ഓര്‍ഡര്‍ നിലംപൊത്തിയിരുന്നു.
എന്നാല്‍ ക്യാപ്റ്റന്‍ ലൂയിസ് ഗ്രിഗറിയും ഓള്‍ റൗണ്ടര്‍ ഡാനിയല്‍ സാംസും പിടിച്ചുനിന്നപ്പോള്‍ റോക്കറ്റ്‌സിന്റെ സ്‌കോര്‍ പതിയെ ഉയര്‍ന്നു. ഗ്രിഗറി 22 പന്തില്‍ നിന്നും 35 റണ്‍സും സാംസ് 25 പന്തില്‍ നിന്നും 55 റണ്‍സും സ്വന്തമാക്കി.
നൂറ് പന്തില്‍ നിന്നും 140 റണ്‍സ് മാര്‍ക് കടന്നതോടെ വിജയസാധ്യത റോക്കറ്റ്‌സ് മുമ്പില്‍ കണ്ടിരുന്നു. ഫീനിക്‌സിന്റെ മുന്‍നിരയെ കറക്കിവീഴ്ത്താനും സാധിച്ചതോടെ ആ വിശ്വാസം ഇരട്ടിയായി.