ബഹിരാകാശം എല്ലാവരുടേതുമാണ്, അതോര്‍ക്കണം: ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യു.എസ്
World News
ബഹിരാകാശം എല്ലാവരുടേതുമാണ്, അതോര്‍ക്കണം: ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th March 2019, 11:31 am

വാഷിങ്ടണ്‍; ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം നടത്തിയ ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച് യു.എസ്. ഇത്തരം പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാകാവുന്ന ബഹിരാകാശ മാലിന്യങ്ങളെ കുറിച്ച് രാജ്യങ്ങള്‍ ബോധവാന്‍മാരായിരിക്കണമെന്ന് യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന്‍ പറഞ്ഞു.

ഇത്തരം പരീക്ഷണങ്ങള്‍ മൂലമുണ്ടാകുന്ന മാലിന്യങ്ങള്‍കൊണ്ട് ബഹിരാകാശം കുത്തഴിഞ്ഞ അവസ്ഥയിലാകുമെന്നും അത് എല്ലാവരും ഓര്‍ക്കേണ്ടതാണെന്നും യു.എസ് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിന്റെ അനന്തര ഫലങ്ങള്‍ സംബന്ധിച്ച് യു.എസ് പഠിച്ചുകൊണ്ടിരിക്കുകയാണ്. നാമെല്ലാം ജീവിക്കുന്നത് ബഹിരാകാശത്താണ്. അവിടം കുത്തഴിഞ്ഞ സ്ഥലമാക്കരുത്. ബഹിരാകാശം എല്ലാവരുടേയുമാണ്. അവിടം നമുക്ക് ബിസിനസ് നടത്താവുന്ന സ്ഥലമാകണം. ജനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും വിഹരിക്കാനും കഴിയുന്ന ഇടമാകണം. – അദ്ദേഹം പറഞ്ഞു.


”ഒന്ന് സ്വിച്ച് അമര്‍ത്തിയാല്‍ പാക്കിസ്ഥാനില്‍ പിന്നെ ആര്‍ക്കും ടിവി കാണാന്‍ സാധിക്കില്ല, എല്ലാം നിശ്ചലമാകും”; ചിരിപടര്‍ത്തി ശ്രീധരന്‍ പിള്ളയുടെ പ്രസംഗം


ഇന്ത്യ 300 കിലോമീറ്റര്‍ ഉയരത്തില്‍ നടത്തിയ ഉപഗ്രഹവേധ പരീക്ഷണം നല്ലലക്ഷണമല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാര്‍മമെന്റ് റിസര്‍ച്ചിലെ സ്പേസ് സെക്യൂരിറ്റി ഫെലോ ഡാനിയല്‍ പൊറാസും പറഞ്ഞു.

ടെലികമ്യൂണിക്കേഷന്‍, ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍ എന്നിവ ധാരാളമുള്ള മേഖലയാണിത്. അന്താരാഷ്ട്ര ബഹിരാകാശനിലയവും ഈ പരിധിയിലാണ്. ഉപഗ്രഹം തകര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന മാലിന്യം 400 കിലോമീറ്റര്‍ ഉയരത്തിലേക്കുവരെ പോകാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തകര്‍ക്കുമ്പോഴുണ്ടാക്കുന്ന ബഹിരാകാശ മാലിന്യത്തിന്റെ പേരിലാണ് മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് ഉപഗ്രഹ പരീക്ഷണത്തിന് അനുമതി നല്‍കാതിരുന്നത്. ഇത്തരം മാലിന്യങ്ങള്‍ മറ്റ് രാജ്യങ്ങളുടെയും സ്വന്തം ഉപഗ്രഹങ്ങളുടേയും തകര്‍ച്ചയ്ക്ക് കാരണമായേക്കാം എന്ന ആശങ്കയായിരുന്നു കാരണം.
2007 ല്‍ ചൈന നടത്തിയ എസാറ്റ് മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായി തകര്‍ന്ന ഫെങ് യുന്‍-1സി ഉപഗ്രഹം 3000-ഓളം കഷ്ണങ്ങളായി തെറിച്ചുവെന്നും ഈ ഉപഗ്രഹ ഭാഗങ്ങളാണ് 2013 ല്‍ ഒരു റഷ്യന്‍ ഉപഗ്രഹത്തിന്റെ തകര്‍ച്ചയ്ക്കിടയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമംയ മിഷന്‍ശക്തി പരീക്ഷണം മൂലം ബഹിരാകാശ മാല്യന്യം ഉണ്ടാകുമെന്ന സാധ്യതയെ വിദേശകാര്യമന്ത്രാലയം തള്ളിക്കളഞ്ഞു. എല്ലാ മാലിന്യങ്ങളും പൂര്‍ണമായും നശിച്ച് ഭൂമിയിലേക്ക് തന്നെ പതിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്.