ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ മണിപ്പാല്‍ ടൈഗേഴ്‌സിനെ തകര്‍ത്ത് കൊണാര്‍ക് സൂര്യാസ്. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന ജോധ്പൂരിലെ ബര്‍ഖത്തുള്ള ഖാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു സൂര്യാസിന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത സൂര്യാസിന് 104 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ബൗളര്‍മാര്‍ക്ക് സമഗ്രാധിപത്യം നല്‍കിയ പിച്ചില്‍ സ്‌കോര്‍ ഉയര്‍ത്താനാകാതെ ബാറ്റര്‍മാര്‍ പാടുപെട്ടു.
23 പന്തില്‍ 18 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഇര്‍ഫാന്‍ പത്താനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 12 പന്തില്‍ 17 റണ്‍സ് നേടിയ വനിന്‍ സ്റ്റുവര്‍ട്ടാണ് ടീമിന്റെ രണ്ടാമത് മികച്ച റണ്‍ വേട്ടക്കാരന്‍.
യൂസുഫ് പത്താന്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ നിലയുറപ്പിക്കും മുമ്പ് തന്നെ പുറത്തായി. മൂന്ന് റണ്‍സ് മാത്രമാണ് യൂസുഫിന് കണ്ടെത്താന്‍ സാധിച്ചത്.
മണിപ്പാല്‍ ടൈഗേഴ്‌സിനായി ഒബുസ് പിനാറും അനുരീത് സിങ്ങും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ക്യാപ്റ്റന്‍ ഹര്‍ഭജന്‍ സിങ്, രാഹുല്‍ ശുക്ല, ഷെല്‍ഡണ്‍ കോട്രല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. രണ്ട് താരങ്ങള്‍ റണ്‍ ഔട്ടായും പുറത്തായി.
ഓവറിലെ ആദ്യ പന്ത് വൈഡായി. ഓവറിലെ ആദ്യ ലീഗില്‍ ഡെലിവെറി അനുരീത് സിങ് മിഡ്‌വിക്കറ്റിന് മുകളിലൂടെ സിക്‌സറിന് പറത്തി. ഇതോടെ വിജയലക്ഷ്യം അഞ്ച് പന്തില്‍ നിന്നും ആറ് റണ്‍സായി മാറി.
ഓവറിലെ രണ്ടാം പന്തില്‍ സിംഗിള്‍ നേടിയ സിങ് പിനാറിന് സ്‌ട്രൈക്ക് കൈമാറി. ഒപ്പം സ്‌കോര്‍ ബോര്‍ഡില്‍ 100 റണ്‍സ് പടുത്തുയര്‍ത്തുകയും ചെയ്തു.
ഓവറിലെ മൂന്നാം പന്ത് ഡോട്ടായി. നാലാം പന്തിലും അഞ്ചാം പന്തിലും ഓരോ സിംഗിള്‍ വീതം പിറവിയെടുത്തതോടെ അവസാന പന്തില്‍ മൂന്ന് റണ്‍സ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി.
അവസാന പന്തില്‍ വിന്നിങ് ഷോട്ട് കളിച്ച പിനാറിന് പിഴച്ചു. ഗുഡ് ലെങ്ത് ഡെലിവെറി സിക്‌സറിന് പറത്താനായിരുന്നു താരത്തിന്റെ ശ്രമം. ഒരുവേള പന്ത് ബൗണ്ടറി ലൈന്‍ ക്ലിയര്‍ ചെയ്യുമെന്ന് തോന്നിച്ചിരുന്നു.
എന്നാല്‍ അവിശ്വസനീയമായ രീതിയില്‍ അംബാട്ടി റായിഡു ക്യാച്ച് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ക്യാച്ച് കണ്ട ഇര്‍ഫാന്‍ പത്താന്‍ പോലും അത്യധികം ആവേശത്തിലായിരുന്നു. ഇതോടെ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെ തന്നെ പരാജയപ്പെടുത്തി ക്യാമ്പെയ്ന്‍ ആരംഭിക്കാനും സൂര്യാസിനായി.
സെപ്റ്റംബര്‍ 27നാണ് ടീമിന്റെ അടുത്ത മത്സരം. മണിപ്പാല്‍ തന്നെയാണ് എതിരാളികള്‍.