Kerala News
യു.ഡി.എഫിന് അനുകൂലമായ ട്രെന്‍ഡ് എന്തുകൊണ്ട് തൃശൂരിലുണ്ടായില്ല; ആത്മപരിശോധന നടത്തേണ്ടത് ഇടതുമുന്നണി മാത്രമല്ല: സുനില്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 04, 12:06 pm
Tuesday, 4th June 2024, 5:36 pm

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ പ്രതികരണവുമായി ഇടതു സ്ഥാനാര്‍ത്ഥി വി.എം. സുനില്‍ കുമാര്‍. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും എന്‍.ഡി.എ ലീഡ് ചെയ്തുവെന്നത് അപ്രതീക്ഷിതമായ ഫലമാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. 74689 വോട്ടുകളുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതികരണം.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പാര്‍ട്ടിയും ഇക്കാര്യത്തില്‍ ഒരു പഠനം നടത്തിയാല്‍ മാത്രമേ എവിടെയാണ് മുന്നണിയ്ക്ക് കുറവുകള്‍ സംഭവിച്ചതെന്ന് മനസിലാക്കാന്‍ കഴിയുവെന്ന് സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇടതു സ്ഥാനാര്‍ത്ഥി 2019നേക്കാള്‍ 10,000 കൂടുതലായി നേടിയിട്ടുണ്ട്. മുന്നണിയുടെ കേഡര്‍ വോട്ടുകളില്‍ ഒരു മാറ്റവും വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് ഒരു ലക്ഷത്തോളം വോട്ടുകള്‍ നഷ്ടപ്പെട്ടതും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ഗൗരവത്തോട് കൂടി പരിശോധിക്കേണ്ടതുമാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.

വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ താത്പര്യമില്ലെന്നും മതേതരത്വത്തിന് വേണ്ടി വര്‍ഗീയതെക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഈ തെരഞ്ഞെടുപ്പിനെ താന്‍ കാണുന്നതെന്നും സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിരാശപ്പെടാനല്ല, വര്‍ഗീയതെക്കതിരെ ഇനിയും പോരാടാന്‍ തന്നെയാണ് തീരുമാനമെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലാകമാനം യു.ഡി.എഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടായിട്ടും തൃശൂരില്‍ എന്തുകൊണ്ട് ഉണ്ടായില്ല. അതില്‍ ഉത്തരം പറയേണ്ടത് എല്‍.ഡി.എഫ് മാത്രമല്ല, യു.ഡി.എഫും കൂടിയാണെന്ന് സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ആത്മ പരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറ്റിങ് എം.പിയായ ടി.എന്‍. പ്രതാപന്‍ ഈക്കാര്യത്തില്‍ കാര്യഗൗരവത്തോടെ തുറന്നു സംസാരിക്കണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

ഇടതു മുന്നണിയുടെ പരാജയം അന്തിമമായ ഒന്നാണ് ചിന്തിക്കേണ്ടതില്ല. എന്നാല്‍ ബി.ജെ.പിക്ക് ഉണ്ടായ വിജയത്തില്‍ പരിശോധന നടത്തേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങളും വിശകലനങ്ങളും വിശദമായി പിന്നീട് അറിയിക്കുമെന്നും സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Left candidate in Thrissur, v.m. sunil kumar react to media