പൗരത്വ സമരങ്ങളുടെ ഇടത് -വലത് രാഷ്ട്രീയം
caa
പൗരത്വ സമരങ്ങളുടെ ഇടത് -വലത് രാഷ്ട്രീയം
ഡോ. എസ്.മുഹമ്മദ് ഇർഷാദ്
Monday, 10th February 2020, 3:30 pm
പാര്‍ലമെന്ററി പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പും വോട്ടും ഒഴിവാക്കിയുള്ള എല്ലാ സമരങ്ങളും അപ്രസക്തമാണ്. ഈ പശ്ചാത്തലത്തില്‍ വേണം കേരളത്തിലെ പൗരത്വ നിയമ-രജിസ്റ്റര്‍ വിരുദ്ധ സമരത്തെ കാണേണ്ടത്. എന്നാല്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും മത്സരബുദ്ധിയോടെയാണ് ഈ സമരത്തെ കണ്ടത്.

കേരളം പോലെ ‘പ്രബുദ്ധരായ രാഷ്ട്രീയ ജനത’ ജീവിക്കുന്ന ഒരു സമൂഹത്തില്‍ എല്ലാത്തിനും രാഷ്ട്രീയ നിറം ഉണ്ടാകുന്നത് സ്വാഭാവികമാണ്. കേരളത്തില്‍ ഉണ്ടാകുന്ന എല്ലാവിധ രാഷ്ട്രീയ സമരങ്ങളും മറ്റ് മുന്നേറ്റങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പുമായി ചേര്‍ത്തുവായിക്കുന്ന രീതിയാണുള്ളത്.

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാത്തരം സമരങ്ങളോടും ജനകീയ മുന്നേറ്റങ്ങളോടും ഏതെങ്കിലും തരത്തില്‍ ചേര്‍ന്നു പോകാനോ അതല്ലെങ്കില്‍ അത്തരം സമരങ്ങളെ വിമര്‍ശിക്കാനോ അവയെ മറികടക്കാനുള്ള പ്രതിസമരങ്ങളോ നടത്താറാണ് പതിവ്.
ഇടതു പാര്‍ട്ടികളാണ് ഈ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കാറുള്ളത്.

കേരളത്തില്‍ രൂപപ്പെടുന്ന എല്ലാവിധ ജനകീയ സമരങ്ങളോടും ഇടതുപക്ഷത്തിന് ഒരു നിലപാടുണ്ടായിരിക്കും. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ജനകീയ സമരങ്ങളെ ഗൗരവമായി എടുക്കാറില്ല. അത്തരം സമരങ്ങള്‍ അവര്‍ക്ക് പൊതുവേ രാഷ്ട്രീയ പ്രതിസന്ധികള്‍ ഒന്നും ഉണ്ടാക്കാറില്ല.

ഇടതുപക്ഷം സമരങ്ങളെ കാണുന്നത് അവരുടെ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ്, എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായി ഇടതുപക്ഷം സമരങ്ങളെ അവരുടെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടും അതോടൊപ്പം അവരുടെ സമരരീതിയാണ് ശരി എന്ന നിലക്കും ഇടപെടാറുണ്ട്.

പാര്‍ലമെന്ററി പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പും വോട്ടും ഒഴിവാക്കിയുള്ള എല്ലാ സമരങ്ങളും അപ്രസക്തമാണ്. ഈ പശ്ചാത്തലത്തില്‍ വേണം കേരളത്തിലെ പൗരത്വ നിയമ-രജിസ്റ്റര്‍ വിരുദ്ധ സമരത്തെ കാണേണ്ടത്. എന്നാല്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും മത്സരബുദ്ധിയോടെയാണ് ഈ സമരത്തെ കണ്ടത്.

എന്നാല്‍ സൂഷ്മമായി നിരീക്ഷിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മത്സരം മുസ്‌ലീം പൗരബോധത്തെ ഏറ്റടുക്കാന്‍ വേണ്ടിയായിരുന്നുവെന്നു കാണാം. പൗരത്വ നിയമ-രജിസ്റ്റര്‍ വിരുദ്ധ സമരം തുടങ്ങിയത് വിശാല ജനാധിപത്യ സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ അല്ല പകരം മുസ്‌ലീം കൂട്ടായ്മകളും അതോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര-പ്രാദേശിക വിഭാഗങ്ങളും ആയിരുന്നു.

കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ സമരങ്ങള്‍ എല്ലാം മുസ്‌ലീം സമരമായി ചുരുക്കപ്പെട്ടു. ഇപ്പോഴും പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകുന്നത് മുസ്‌ലീങ്ങള്‍ മാത്രമാണ്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു മാറ്റം ഈ സമരങ്ങള്‍ക്ക് ഉണ്ടായി എന്നത് ഗൗരവമായ പഠനവിഷയമാണ്.

ഇന്നിപ്പോള്‍ രാജ്യമൊട്ടാകെ ഈ വിവേചനത്തിനെതിരായുള്ള സമരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതും മുസ്‌ലീം സംഘടനകള്‍ക്കും, വ്യകതികള്‍ക്കും അതോടൊപ്പം പൗരസംഘടനകളിലെ അംഗങ്ങള്‍ക്കുമെതിരെയാണ്.

രാജ്യമൊട്ടാകെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ സമരങ്ങളോട് ഒരു അകലം പാലിക്കുന്നുണ്ട്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തില്‍ ഈ സമരത്തെ പരമാവധി തങ്ങളുടെ ചേരിയില്‍ നിര്‍ത്താനാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ശ്രമം. മുസ്‌ലീം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു എന്ന വിലയിരുത്തലാണ് എല്ലാവരും നടത്തുന്നത്.

ഈ കാര്യത്തില്‍ ഇടതുപക്ഷം ഒരു പടിമുന്നിലാണ്. ഇടതുപക്ഷത്തെയാണ് മുസ്‌ലീങ്ങള്‍ പ്രതീക്ഷയോടെ കാണുന്നത് എന്ന് പാര്‍ട്ടി വിലയിരുത്തികഴിഞ്ഞു. സുന്നി വിഭാഗത്തിലെ സംഘടനകള്‍ സര്‍ക്കാര്‍ സമരത്തില്‍ പങ്കെടുത്തതാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസത്തിന്റെ കാരണം. മുസ്‌ലീം ലീഗുമായുള്ള സഖ്യമാണ് കോണ്‍ഗ്രസിന്റെ ആവേശം.

എന്നാല്‍ കേവലം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പരിധിയില്‍ വരുന്നതല്ല ഈ പ്രശ്‌നം എന്ന് ഇടതുപക്ഷവും കോണ്‍ഗ്രസ്സും മനസിലാക്കിയിട്ടില്ല. ഇതൊരു മുസ്‌ലീം സമരമായി എങ്ങനെ ചുരുക്കപ്പെട്ടു എന്നും. മുസ്‌ലീങ്ങള്‍ അവര്‍ നേരിടുന്ന അപരവല്‍ക്കരണത്തിനും ഒറ്റപ്പെടലിനും എതിരായ ഒരു സമരത്തില്‍ ഏര്‍പ്പെടുന്നതിനെ എങ്ങനെ സമീപിക്കണം എന്നകാര്യത്തില്‍ കൃത്യമായ നിലപാട് കേരളത്തില്‍ പോലും ഇല്ലാ എന്നതാണ് വസ്തുത.

ഒരുപക്ഷെ ആദ്യമായിട്ടാണ് സാമാന്യ സമരയുക്തിക്ക് പുറത്തുള്ള ഒരു സമരത്തെ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ നേരിടുന്നത്. ഇടതുപക്ഷത്തിനാണ് സൈദ്ധാന്തികമായി ഈ സമരങ്ങളെ നേരിടാന്‍ കഴിയാതെ പോയത്.

ഇടതുപക്ഷം രൂപപ്പെടുത്തിയ സമരരീതിയാണ് കേരളത്തില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും പിന്തുടരുന്നത്. അതായത് സമരങ്ങളില്‍ പാര്‍ട്ടി ആധിപത്യവും നേതാക്കന്മാരുടെ വിശദീകരണത്തിനും പ്രാധാന്യം നല്‍കുന്ന രീതി. ഒരിക്കലും ജനാതിപത്യ രീതിയില്‍ ചോദ്യങ്ങള്‍ക്കും മറുചോദ്യങ്ങള്‍ക്കും ഇടമില്ലാത്ത രീതിയില്‍ സംഘടിപ്പിക്കപ്പെടുന്ന സമരങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ സര്‍ക്കാരില്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദങ്ങളോടെ ഉണ്ടാക്കാന്‍ പര്യാപ്തമല്ല.

പാര്‍ട്ടികളുടെ ദൈനംദിന നിലനില്‍പ്പുമായി മാത്രമേ ഇതിന് ബന്ധമുള്ളൂ. ഇത്തരം ‘സര്‍ക്കാരി സമരങ്ങള്‍’ ഒരു തരത്തിലും ഉള്ള മാറ്റങ്ങള്‍ക്കോ കാരണമാകുന്നില്ല എന്നതാണ് വസ്തുത. സാമ്പത്തിക-രാഷ്ട്രീയ നേട്ടങ്ങള്‍ക്കും ഒരു പരിധിവരെ അവകാശങ്ങള്‍ക്കും വേണ്ടിനടത്തുന്ന, അവസാനം സര്‍ക്കാരുമായും വ്യക്തികളുമായും നടത്തുന്ന ചര്‍ച്ചകളിലൂടെ ‘പരിഹരിക്കപ്പെടുന്ന സമരങ്ങള്‍’ മാത്രം ചെയ്തും കണ്ടും മുന്നോട്ട് പോകുന്ന കേരളത്തില്‍, ഒരു സമൂഹത്തിന്റെ മുഴുവന്‍ വൈകാരികവും രാഷ്ട്രീയവുമായുള്ള പിന്തുണയോടെയുള്ള സമരം കേരളത്തില്‍ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.

പൗരത്വ രജിസ്റ്റര്‍-നിയമ വിരുദ്ധ സമരം ഇടതുപക്ഷവും കോണ്‍ഗ്രസ്സും (കേരള കോണ്‍ഗ്രസ് ഈ കാര്യത്തില്‍ ബി.ജെ.പിക്കൊപ്പമാണ്) കരുതുന്നത് പോലെ ഉദാര മാനവികത ബോധത്തില്‍ നിന്നും നോക്കികാണേണ്ട ഒരു പ്രശ്‌നമല്ല. ഇതിന് ചരിത്രപരമായും സാമൂഹികവുമായ നിരവധി മാനങ്ങള്‍ ഉണ്ട്.

മതേതരത്വവും ജനാധിപത്യവുമായിരുന്നു പ്രശ്‌നമെങ്കില്‍ ഈ സമരം മുസ്‌ലീം സമരമായി ചുരുക്കപ്പെടില്ലായിരുന്നു. സാമ്പ്രദായിക രാഷ്ട്രീയത്തിന്റെ ഭാഗമല്ലാത്ത സംഘടനകളും വ്യക്തികളുമാണ് ഈ സമരത്തില്‍ പങ്കെടുത്തത്തിന്റെ പേരില്‍ നിയമനടപടികള്‍ നേരിടുന്നത്.

ആരാണ് കൊല്ലപ്പെട്ടത്? ആര്‍ക്കെതിരേയാണ് കേസുകള്‍ എടുത്തിട്ടുള്ളത്? കോണ്‍ഗ്രസ്സുകാര്‍ക്കെതിരെയോ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരേയോ ഒരു തരത്തിലുള്ള നടപടികളും ഉണ്ടായിട്ടില്ല. സമരം ചെയ്യാന്‍ ദല്‍ഹിയില്‍ എത്തിയ ഇടതു-കോണ്‍ഗ്രസ് യുവനേതാക്കന്‍മാര്‍ പ്രകടനം നടത്തി തിരികെവന്നു. എന്നാല്‍ ചന്ദ്രശേഖര്‍ ആസാദിനെ പോലെയുള്ളവര്‍ ജയിലില്‍ കിടക്കേണ്ടി വന്നു.

ഇതൊരു സ്വത്വരാഷ്ട്രീയ പ്രശ്‌നമാണ്, എന്നാല്‍ പ്രകാശ് കാരാട്ട്, 2011,ല്‍ മാര്‍ക്‌സിസ്റ്റ് ജേര്‍ണലില്‍ (The Marxist, XXVII 1-2, January-June 2011) വിശദീകരിക്കാന്‍ ശ്രമിച്ച സ്വത്വരാഷ്ട്രീയമല്ല ഇന്നത്തെ സമരങ്ങളില്‍ പ്രകടമാകുന്നത്. സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തകര്‍ച്ചയോടെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന പ്രാദേശിക ദേശീയവാദത്തിന്റെ ചുവടുപിടിച്ചാണ് കാരാട്ട് സ്വത്വരാഷ്ട്രീയത്തെ വിശദീകരിക്കാന്‍ ശ്രമിച്ചത്, അദ്ദേഹം തന്നെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്,

‘Identity politics means individuals are defined by their identity based on race, ethnicity, gender, language or religion or whatever identity that the person perceives to be his identity’. അറിഞ്ഞോ അറിയാതയോ കാരാട്ട് സ്വത്വരാഷ്ട്രീയത്തിന്റെ ഗൗരവത്തെ അവതരിപ്പിക്കുന്നുണ്ട്, എന്നാല്‍ വര്‍ഗരാഷ്ട്രീയത്തിന്റെ ചട്ടകൂടില്‍ ഒതുങ്ങുന്നതല്ല വര്‍ത്തമാനകാലത്തെ പ്രതിസന്ധികള്‍.

അസ്സമിലെ ജനങ്ങള്‍ പൗരത്വ -രജിസ്റ്ററിനും നിയമത്തിനും എതിരായി സമരം ചെയ്യുന്നത് അവരുടെ സാംസ്‌കാരിക സ്വത്വം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. അസാമീസ് ഭാഷക്കും സംസ്‌കാരത്തിനും വേണ്ടിയാണ് അവരുടെ സമരം. ഈ സമരത്തെ വര്‍ഗസമരത്തിന്റെ കള്ളിയില്‍ ഒതുക്കാന്‍ കഴിയില്ല.

നഗരങ്ങളിലെ അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന ദരിദ്രരായ മുസ്‌ലീങ്ങളെ തൊഴിലാളിവര്‍ഗം എന്നരീതിയില്‍ മാത്രം സമീപിച്ചാല്‍ മുസ്‌ലീങ്ങള്‍ എന്ന നിലക്ക് അവര്‍ കടന്നു പോകുന്ന ആന്തരിക സംഘര്‍ഷങ്ങളെയും അപരവര്‍ക്കരണത്തെയും മനസിലാക്കാന്‍ കഴിയില്ല.

സാമൂഹിക ഒറ്റപ്പെടല്‍ ഉണ്ടാകുന്നത് ഇത്തരത്തില്‍ ഉള്ള സ്വത്വങ്ങളെ മുന്‍നിര്‍ത്തിയാണ്. അതില്‍ പലപ്പോഴും തൊഴിലാളി, ദാരിദ്ര്യം എന്നിവ അവയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു എന്ന് മാത്രമേയുള്ളൂ. എന്നാല്‍ ഇത്തരത്തില്‍ അടിച്ചര്‍ത്തപ്പെടുന്ന സ്വത്വങ്ങളെ അടിസ്ഥാനമാക്കി രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഉണ്ടാകും എന്ന സത്യത്തെ നിഷേധിക്കുന്നതുകൊണ്ട് കൂടിയാണ് ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പൗരത്വ നിയമത്തിനെതിരായ പ്രത്യക്ഷ സമരങ്ങളില്‍ നിന്നും പിന്മാറിയത്.

ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും എന്തുകൊണ്ട് ഷാഹീന്‍ബാഗ് സമരം ഉണ്ടാകുന്നു എന്നതിന് വ്യക്തമായ ഒരു ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പൗരത്വ നിയമ വിരുദ്ധ സമരം ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ക്ക് വോട്ട് ബാങ്ക് പ്രശ്‌നമല്ല. ചരിത്രത്തില്‍ നിന്നും ദേശരാഷ്ട്ര സങ്കല്‍പ്പത്തില്‍ നിന്നും പുറത്താക്കുന്നതിന്റെയും ഒരു സമൂഹമായി നിലനില്‍ക്കുന്നതിന്റെയും പ്രശ്‌നമാണ്.

അതുകൊണ്ട് തന്നെ ഒരു ഇന്ത്യന്‍ മുസ്‌ലീമിന് ഈ സമരത്തില്‍ പങ്കെടുക്കുന്നത്തിനോ അതിനെ പിന്തുണക്കുന്നതിനോ ഏതെങ്കിലും സംഘടനയുടെയോ മതനേതൃത്വത്തിന്റെയോ പിന്തുണവേണ്ട. ഈ പ്രാതിനിധ്യമാണ് ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും മനസിലാകാത്തത്, എന്നാല്‍ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും ഇത് മനസ്സിലായിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഈ സമരത്തെ മൊത്തത്തില്‍ തീവ്ര ഇസ്‌ലാമിക കൂട്ടായ്മയായി മാറ്റിതീര്‍ക്കേണ്ടത് ഇന്നത്തെ സര്‍ക്കാര്‍/ ബി.ജെ.പി ആവശ്യമാണ്. അതായത് ഈ സമരങ്ങളെ രാജ്യത്തിന് ഭീഷണിയെന്ന നിര്‍വചനത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള അവസരം സര്‍ക്കാരിനും ബി.ജെ.പിക്കും ഉണ്ടാക്കികൊടുക്കുക എന്നതാണ് ഇടതുപക്ഷവും കോണ്‍ഗ്രസും ചെയ്യുന്നത്.

ഈ സമരങ്ങളെ നയിക്കുന്നത് സംഘടനബന്ധമില്ലാത്ത മുസ്‌ലിം പൊതുബോധമാണ് എന്ന് തിരിച്ചറിയാന്‍ മുഖ്യധാരാ രാഷ്ട്രീയം (ഇടതുപക്ഷം ഉള്‍പ്പെടെ) പരാജയപ്പെടുന്നിടത്താണ് സംഘപരിവാര്‍ വിജയിക്കുന്നത്.

ഏതൊരു ബഹുസ്വര സമൂഹത്തെയുംപോലെ തന്നെ വിവിധ-രാഷ്ട്രീയ സംഘടന സാംസ്‌കാരിക കാഴ്ചപ്പാടുള്ളവരാണ് മുസ്‌ലീങ്ങള്‍. അത് കൊണ്ട് തന്നെ മുസ്‌ലീം രാഷ്ട്രീയവും നിരവധി ബഹുസ്വരതകളാല്‍ ബന്ധിതമാണ്. എന്നാല്‍ ഇസ്‌ലാം പേടി-വെറുപ്പ് ഉണ്ടാക്കിയ ഏറ്റവും വലിയ പ്രതിസന്ധി എല്ലാവിധ മുസ്‌ലീം കൂട്ടായ്മകളും ‘തീവ്ര ഇസ്‌ലാമിനെ’ യാണ് പ്രധിനിധീകരിക്കുന്നത് എന്ന കാഴ്ചപ്പാടിനെ സാമൂഹിക ചിന്തയുടെ ഭാഗമാക്കി എന്നതാണ്.

മുസ്‌ലീം അപരത്വം എന്നാല്‍ മുസ്‌ലീങ്ങളെ ഒറ്റപ്പെടുത്തുന്നത് മാത്രമല്ല, മുസ്‌ലീം പൗര-ജനാധിപത്യ ബോധത്തേയും മുഖ്യധാരാ സാമൂഹിക പരിസരത്തുനിന്നും മാറ്റി നിര്‍ത്തുക എന്നത് കൂടിയാണ്. ഒരുപക്ഷെ കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന ഒരു രാഷ്ട്രീയ
പ്രശ്‌നവും ഇത് തന്നെയായിരിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഡോ. എസ്.മുഹമ്മദ് ഇർഷാദ്
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, മുംബൈ അധ്യാപകനാണ്