ബെയ്റൂട്ട് സ്ഫോടനത്തിന് ഒരു വയസ്; ജനം പറയുന്നു തങ്ങള്‍ 'കൊലപാതകികളായ ഭരണകൂടത്തിന്റെ തടവുകാര്‍'
World
ബെയ്റൂട്ട് സ്ഫോടനത്തിന് ഒരു വയസ്; ജനം പറയുന്നു തങ്ങള്‍ 'കൊലപാതകികളായ ഭരണകൂടത്തിന്റെ തടവുകാര്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th August 2021, 3:03 pm

 

ബെയ്റൂട്ട്: ലബനനിലെ ബെയ്റൂട്ട് തുറമുഖത്ത് നടന്ന സ്ഫോടനത്തിന് ഒരു വയസ്. സ്ഫോടനം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് നാടും ജനങ്ങളും ഇനിയും കരയേറിയിട്ടില്ല. സ്ഫോടനം നടന്ന തുറമുഖവും സ്ഫോടനത്തില്‍ തകര്‍ന്ന ഭൂരിഭാഗം കെട്ടിടങ്ങളും ഇന്നും പഴയപടി നിലനില്‍ക്കുന്നു.

അലക്ഷമായി സൂക്ഷിച്ച അമോണിയം നൈട്രേറ്റിന് തീപിടിച്ചാണ് ഉഗ്രസ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 200ലേറെ പേര്‍ മരിക്കുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആണവസ്ഫോടനങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ ആധുനിക ലോകത്ത് സംഭവിച്ച ഏറ്റവും വലിയ സ്ഫോടനങ്ങളില്‍ ഒന്നായി മാറി ബെയ്റൂട്ടിലേത്. സ്ഫോടനത്തിന്റെ പ്രകമ്പനം 240 കി.മി. അകലെയുള്ള സൈപ്രസില്‍ വരെ അനുഭവപ്പെട്ടിരുന്നു.

ലബനനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അരക്ഷിതാവസ്ഥയും ബെയ്റൂട്ടിന്റെ പുനര്‍നിര്‍മ്മാണത്തിനു തടസ്സമായിട്ടുണ്ട്. സ്ഫോടനത്തെ പറ്റിയുള്ള അന്വേഷണം മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരേയും മുന്‍ ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യാനുള്ള അനുമതി നിഷേധിച്ചതില്‍ തട്ടി നിലച്ച മട്ടാണ്.

സ്ഫോടനത്തില്‍ നഷ്ടങ്ങള്‍ നേരിട്ടവര്‍ തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പ്രതിഷേധത്തിലാണ്. ബെയ്റൂട്ടിലും രാജ്യമെമ്പാടും സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് ഇത് എണ്ണ പകരുന്നുണ്ട്. നഗരത്തിലെ ഉയരമുള്ള കെട്ടിടങ്ങളിലൊക്കെ സര്‍ക്കാര്‍ വിരുദ്ധ ബാനറുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘കൊലപാതകികളായ ഭരണകൂടത്തിന്റെ തടവുകാര്‍’ (Hostages of a Murderous State) എന്നാണ് അതിലൊന്ന്.

സ്ഫോടനത്തിന്റെ വാര്‍ഷികം ആചരിക്കാനായി സ്ഫോടനം നടന്ന തുറമുഖത്ത് ആയിരക്കണക്കിന് ആള്‍ക്കാര്‍ ഒത്തുകൂടി. സ്ഫോടനം നടന്ന സമയമായ വൈകുന്നേരം 6 മണിക്ക് ബെയ്റൂട്ട് ജനത പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lebanese demand justice on port blast anniversary