തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്ത് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നതിനെതിരെ നവംബര്‍ 2ന് തിരുവനതപുരം എ.കെ.ജി ഹാളില്‍ ജനകീയ എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് എല്‍.ഡി.എഫ് പ്രസ്തവനയില്‍ പറഞ്ഞു.
ഗവര്‍ണറുടെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
നവംബര്‍ 3 മുതല്‍ 12 വരെ ക്യാമ്പസുകളില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. നവംബര്‍ 15ന് രാജ്ഭവന്റെ മുന്നില്‍ ചുരുങ്ങിയത് ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മയും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധവും എല്‍.ഡി.എഫ് സംഘടിപ്പിക്കും. മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന എല്‍.ഡി.എഫ് നേതാക്കള്‍ രാജ്ഭവന് മുന്നിലെ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുമെന്നും പ്രസ്തവനയില്‍ പറഞ്ഞു.
ഗവര്‍ണര്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുകയാണ്. വി.സിമാരെ ഗവര്‍ണര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. സെനറ്റുകളില്‍ ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളെ എല്‍.ഡി.എഫ് ശക്തമായി തന്നെ ചെറുക്കും.
സര്‍വകലാശാല രംഗത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ വിപ്ലവാത്മകരമായ പദ്ധതികളാണ് നടപ്പിലാക്കിയതും നടപ്പിലാക്കുന്നതും. കേരള യൂണിവേഴ്സിറ്റി നാകിന്റെ എ ++ ഗ്രേഡും മഹാത്മാഗാന്ധി, കോഴിക്കോട് സര്‍വകലാശാലകള്‍ എ ഗ്രേഡോടെയും ദേശീയതലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. നേരത്തെ കാലടി സര്‍വകലാശാലയും ഈ നേട്ടം കൈവരിച്ചിരുന്നു. ജനാധിപത്യ രീതിയിലൂടെ അധികാരത്തില്‍ വരാന്‍ കഴിയില്ല എന്ന് മനസിലാക്കിയ സംഘപരിവാര്‍ ശക്തികള്‍ ചാന്‍സലര്‍ പദവിയിലൂടെ വഴിവിട്ട നീക്കങ്ങള്‍ നടത്തുകയാണെന്നും എല്‍.ഡി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.