തൃക്കാക്കരയില്‍ ജനക്ഷേമ സഖ്യത്തിന്റെ നിലപാട് സ്വാഗതം ചെയ്യുന്നത് എല്‍.ഡി.എഫും യു.ഡി.എഫും; വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന് ഇരു മുന്നണികളും
Kerala News
തൃക്കാക്കരയില്‍ ജനക്ഷേമ സഖ്യത്തിന്റെ നിലപാട് സ്വാഗതം ചെയ്യുന്നത് എല്‍.ഡി.എഫും യു.ഡി.എഫും; വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന് ഇരു മുന്നണികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd May 2022, 5:39 pm

എറണാകുളം: തൃക്കാക്കരയിലെ ട്വന്റി 20- ആംആദ്മി സഖ്യത്തിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. തൃക്കാക്കരയില്‍ സര്‍ക്കാര്‍വിരുദ്ധ വോട്ടുകളില്ലെന്നും സര്‍ക്കാരിന് അനുകൂലമാണ് വോട്ടുകളെല്ലാമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

രാഷ്ട്രീയ ബോധം വെച്ച് വോട്ട് ചെയ്യണം എന്ന നിലപാട് സ്വാഗതം ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ ജനം ഇടതുമുന്നണിയ്ക്കൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജനക്ഷേമ സഖ്യത്തിന് അവരുടെ നിലപാട് പറയാനുള്ള അധികാരമുണ്ട്. രാഷ്ട്രീയബോധംവെച്ച് വോട്ട് ചെയ്യണം എന്ന നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ജനക്ഷേമ സഖ്യത്തിന്റെ നിലപാട് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. തീരുമാനത്തില്‍ ഒരു തെറ്റുമില്ലെന്നും അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. പിന്തുണക്കായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ട്വന്റി 20ക്കും ആം ആദ്മി പാര്‍ട്ടിക്കും കഴിഞ്ഞ തവണ കിട്ടിയ വോട്ട് യു.ഡി.എഫിന് അനുകൂലമാകും. സര്‍ക്കാര്‍ വിരുദ്ധ വോട്ട് യു.ഡി.എഫിലേക് വരുമെന്നും വി.ഡി. സതീശന്‍ പ്രതീക്ഷ പങ്കുവെച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണയില്ലെന്നാണ് ട്വന്റി 20- ആംആദ്മി സഖ്യത്തിന്റെ നിലപാട്. ഒരു മുന്നണിക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ട് പോകാന്‍ കഴിയില്ല. നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കി, വോട്ടര്‍മാര്‍ വോട്ട് ചെയ്യണമെന്നും ജനക്ഷേമ സഖ്യം ആഹ്വാനം ചെയ്തു. ജനക്ഷേമ സഖ്യം ജയപരാജയം നിര്‍ണയിക്കുന്ന ശക്തിയായി മാറിയെന്നും ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു.