തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രവചിച്ചിരിക്കുന്നത്. മറ്റു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. 24 മണിക്കൂറില്‍ 204.4 mmല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
കാസര്‍ഗോഡ് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. തീരനിവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അറിയിപ്പുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlight: latest rain and weather updates in kerala