ഞാന്‍ നിരപരാധി, ഇത് അനീതി; യാക്കൂബ് മേമന്റെ അവസാന നിമിഷങ്ങളിലൂടെ
News of the day
ഞാന്‍ നിരപരാധി, ഇത് അനീതി; യാക്കൂബ് മേമന്റെ അവസാന നിമിഷങ്ങളിലൂടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st August 2015, 12:07 am

നാഗ്പൂര്‍ ജയിലിന്റെ പരിസരത്ത് 5.15 ന് സ്ട്രീറ്റ് ലൈറ്റ് ഉള്‍പ്പെടെയുള്ളവയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. 20 മിനിറ്റോളം ഇതേ അവസ്ഥയിലായിരുന്നു ജയിലും പരിസരവും. യാക്കൂബ് മേമനെ തൂക്കിലേറ്റുകയാണെന്ന സൂചന ജയില്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കുന്നതിനായിരുന്നു വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ 6.45 ഓടെയായിരുന്നു മേമനെ തൂക്കിലേറ്റിയിരുന്നത്.  ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതി മേമന്റെ ഹര്‍ജിയില്‍പുലര്‍ച്ചെ വാദം കേള്‍ക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 4.50 ഓടെയായിരുന്നു കോടതി മേമന്റെ ദയാഹര്‍ജി തള്ളിയിരുന്നത്. ബുധനാഴ്ച രാത്രി 10.30 ഓടെ അദ്ദേഹത്തിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി എന്നറിഞ്ഞതോടെ മേമന്‍ വളരെ അസ്വസ്ഥനായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

പിറന്നാള്‍ ദിനത്തില്‍ കഴുമരത്തിലേറേണ്ടിവന്ന മേമന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങള്‍

വെള്ളക്കടലാസില്‍ വില്‍പത്രം എഴുതി

ബുധനാഴ്ച രാത്രിയാണ് യാക്കൂബ് മേമന്‍ വില്‍പ്പത്രം തയാറാക്കിയത്.  ജയിലില്‍ സ്റ്റാമ്പ് പേപ്പര്‍ ഇല്ലാത്തതിനാല്‍ വെള്ളക്കടലാസിലാണ് വില്‍പ്പത്രം എഴുതിയത്. തന്റെ സ്വത്ത് തുല്യമായ മൂന്ന് ഭാഗമാക്കണമെന്നാണ് അദ്ദേഹം വില്‍പ്പത്രത്തില്‍ പറയുന്നത്. ഒരു ഭാഗം ഭാര്യ റാഹീനായ്ക്കും ഒരു ഭാഗം മകള്‍ സുബൈദക്കും മൂന്നാത്തെ ഭാഗം സഹോദരന്‍ സുലൈമാനുമാണ് മേമന്‍ നല്‍കിയിരിക്കുന്നത്. മേമന്റെ കേസ് നടത്തിപ്പിന് അദ്ദേഹത്തിന്റെ സഹോദരന്‍ ധാരാളം പണം ചിലവഴിച്ചിരുന്നു.

ജയില്‍ സൂപ്രണ്ട് യോഗേഷ് ദേശായിയും മറ്റൊരു സാക്ഷിയുമാണ് വില്‍പ്പത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഇത് യാക്കൂബ് മേമന്റെ ഔദ്യോഗിക വില്‍പ്പത്രമായി പരിഗണിക്കും. 6,500 രൂപയായിരുന്നു മേമന്റെ പക്കല്‍ ഉണ്ടായിരുന്നത് അവസാന സമയത്ത് ഉണ്ടായിരുന്നത്. ഇത് ബന്ധുക്കള്‍ക്ക് കൈമാറി. മറ്റുള്ള വസ്തുവകകളും ബന്ധുക്കള്‍ക്ക് കൈമാറും.

എന്നന്നേക്കുമുള്ള ഉറക്കത്തിലേക്ക് പോകുന്നതിന് മുമ്പ് രണ്ട് രാത്രികള്‍ ഉറങ്ങാതിരുന്നു

തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാത്രിയും യാക്കൂബ് ഉറങ്ങിയിരുന്നില്ല. തന്റെ അവസാന ശ്വാസം വരെ ഉണര്‍ന്നിരിക്കാനായിരുന്നു അദ്ദേഹം തീരുമാനിച്ചിരുന്നത്. ഉറങ്ങുന്നതില്‍ കാര്യമില്ലെന്നും എന്നേന്നേക്കുമായുള്ള ഉറക്കത്തിലേക്കാണ് പോകുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ചില സഹതടവുകാര്‍ ബുധനാഴ്ച ഉച്ചഭക്ഷണം ഒഴിവാക്കി മേമന്റെ കൂടെ സമയം ചിലവഴിച്ചിരുന്നു.

പിന്നീട് ഫാസി യാര്‍ഡിലെ ഏകാന്ത തടവറയിലേക്ക് മേമനെ മാറ്റി. പോകുമ്പോള്‍ ഭാഗ്യമുണ്ടാകട്ടെ എന്നും എല്ലാവരെയും ദൈവം അനുഗ്രഹിക്കുമെന്നും അദ്ദേഹം ആശംസിച്ചു. താടി ഷേവ് ചെയ്യണോ മുടി ഡൈ ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെമതിയെന്നു തീരുമാനിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ബുധനാഴ്ച രാത്രി അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ച് ഖുര്‍ആന്‍ പാരായണം ചെയ്തു. അര്‍ധരാത്രിയോടെ തന്റെ സഹതടവുകാരെ സന്ദര്‍ശിക്കണമെന്ന് ജയില്‍ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. രണ്ട് മണിക്കൂര്‍ കഴിഞ്ഞ ഏകദേശം രണ്ട് മണിയോടെ മേമന്‍ ഉറങ്ങിപ്പോവുകയായിരുന്നു.

yakub-memon-01ഞാന്‍ നിരപരാധിയാണ്.. ഇത് അനീതിയാണ്

രണ്ട് മണിക്ക് കിടന്നുറങ്ങിയ മേമനെ മൂന്ന് തവണ വിളിച്ചതിന് ശേഷമാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റത്. എഴുന്നേറ്റതിന് ശേഷം അദ്ദേഹം നിസ്‌കരിച്ചു. ശേഷം പനിനീര്‍ വെള്ളം ചേര്‍ത്ത ഒരു ബക്കറ്റ് ചൂടുവെള്ളം യാക്കൂബ് മേമന് കുളിക്കാനായി നല്‍കി. കുളിക്കുമ്പോഴും അദ്ദേഹം ദൈവനാമവും ഖുര്‍ആന്‍ വചനങ്ങളും ഉരുവിടുകയായിരുന്നു.

തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചു. രക്തസമ്മര്‍ദ്ദം സാധാരണനിലയിലായിരുന്നു. അതിന് ശേഷം സീനിയര്‍ ജയിലറും മൂന്ന് കോണ്‍സ്റ്റബിള്‍മാരും മേമനെ തൂക്കുകയറിന്റെ അടുത്തേക്ക് കൊണ്ടുപോയി. അപ്പോഴും താന്‍ നിരപരാധിയാണെന്നും ഇത് അനീതിയാണെന്നും മേമന്‍ പറയുന്നുണ്ടായിരുന്നു. ജയില്‍ നിയമമനുസരിച്ച് തൂക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് പുരോഹിതനോട് തെറ്റുകള്‍ ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കാന്‍ മേമനോട് ആവശ്യപ്പെട്ടു. താന്‍ നിരപരാധിയാണെന്നായിരുന്നു അപ്പോഴും അദ്ദേഹത്തിന്റെ മറുപടി.

അതിന് ശേഷം ഖുര്‍ആനിലെ വചനം മേമന്‍ ഉരുവിട്ടു: “അവനാണ് നിങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്, നിങ്ങളെ മരിപ്പിക്കുന്നതും അവനാണ്, അവന്‍ നിങ്ങളെ വീണ്ടും ജീവിപ്പിക്കും, സത്യം നിഷേധിക്കാന്‍ ഏറെ സാധ്യതയുള്ള വ്യക്തിയാണ് തീര്‍ച്ചയായും മനുഷ്യന്‍, അല്ലാഹുവിന്റെ ഹിതം അനുസരിച്ചല്ലാതെ ആര്‍ക്കും മരിക്കാന്‍ സാധിക്കില്ല. അല്ലാഹുവിന്റെ പരമോന്നത കോടതിയില്‍ ആത്മാവിന് നീതി ലഭിക്കും”

അല്ലാഹ് എന്നായിരുന്നു മേമന്റെ അവസാന വാക്ക്

തലയും മുഖവും മറയ്ക്കുന്നതിന് മുമ്പ് സൂര്യോദയം കാണണമെന്ന് മേമന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വധശിക്ഷ സൂര്യോദയത്തിന് മുമ്പായതിനാല്‍ അത് നടത്തികൊടുക്കാന്‍ സാധിച്ചില്ല. കഴുത്തില്‍ കുരുക്ക് മുറുകുന്നതുവരെ അദ്ദേഹം ഉച്ചത്തില്‍ അല്ലാഹ് എന്ന് തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരുന്നു. അദ്ദേഹം വളരെ ശാന്തനായിരുന്നു. ഒരു പരിഭ്രമവും കാണിച്ചില്ല.

“സര്‍വശക്തനായ അല്ലാഹ് യുക്തിമാനും എല്ലാം അറിയുന്നവനുമാണ്. ഞാന്‍ നിരപരാധിയാണ്. ഞാന്‍ ഒരിക്കലും തൂക്കിലേറാന്‍ പാടില്ല. ഇത് അനീതിയാണ്, ഞാന്‍ രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരയാവുകയാണ്” അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കഴുത്തില്‍ കുരുക്ക് മുറുകുന്നത് വരെ അദ്ദേഹം അല്ലാഹുവിനെ വിളിക്കുകയും ഖുര്‍ആന്‍ വരികള്‍ ഉരുവിടുകയും ചെയ്യ്തു. അല്ലാഹ് എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്ക്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

അയാള്‍ക്ക് പരിഭ്രമമില്ല, പിന്നെ നമ്മള്‍ എന്തിന് പരിഭ്രമിക്കണം: ആരാചാര്‍

മേമനെ തൂക്കിലേറ്റിയ മൂന്ന് ആരാചാര്‍മാരില്‍ രണ്ട് പേര്‍ മുംബൈ സ്‌ഫോടനക്കേസ് പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയവരായിരുന്നു. 2012 ഒക്ടോബര്‍ 21 ന് യെരവാഡ സെന്‍ട്രല്‍ ജയിലില്‍ വെച്ചായിരുന്നു കസബിനെ തൂക്കിലേറ്റിയിരുന്നത്. താന്‍ ഇത് മൂന്നാം തവണയാണ് വധശിക്ഷ നടപ്പാക്കുന്നതെന്ന് ആരാചാര്‍മാരില്‍ ഒരാള്‍ പറഞ്ഞപ്പോള്‍ ഇത് രണ്ടാമത്തെ പ്രാവശ്യമാണെന്നായിരുന്നു മറ്റൊരാളുടെ മറുപടി. ഇത് ഞങ്ങളുടെ ജോലിയാണെന്നും അവര്‍ പറഞ്ഞു.

വ്യക്തിതാല്‍പര്യങ്ങള്‍ മാറ്റിവെക്കുകയാണെങ്കില്‍ ഒരു തീവ്രവാദിയെ തൂക്കാന്‍ ലഭിക്കുന്ന അവസരം ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനമാണ് നല്‍കുന്നതെന്നും അവര്‍ പറയുന്നു. ശിക്ഷ നടപ്പാക്കിയതിന് ശേഷം ഞാന്‍ വീട്ടില്‍ പോയി കുളിച്ചു. മൂന്ന് മണിക്കൂര്‍ ഉറങ്ങിയതിന് ശേഷം ജോലികള്‍ തുടര്‍ന്നു. “യാക്കൂബിന് ഒരു പരിഭ്രമവും ഇല്ലായിരുന്നു; പിന്നെ എന്തിനാണ് ഞങ്ങള്‍ക്ക്” ഒരു ആരാച്ചാര്‍ ചോദിക്കുന്നു.

മകള്‍ക്ക് ജന്മദിനനാശംസകള്‍ നേര്‍ന്നു

ജയില്‍ രേഖകള്‍ പ്രകാരം ബുധനാഴ്ച വൈകുന്നേരം അദ്ദേഹം അവസാനമായി ഒരു ഫോണ്‍ സംഭാഷണം നടത്തി. ജൂലായ് 31 ജന്മദിനമുള്ള അദ്ദേഹത്തിന്റെ മകള്‍ക്ക് ആശംസകള്‍ നേരുന്നതിനായിരുന്നു ആ ഫോണ്‍കോള്‍.

“മകള്‍ക്ക് സന്തോഷമുള്ള നിമിഷങ്ങള്‍ നല്‍കാന്‍ കഴിയാത്തതിന്, അവളുടെ ജന്മദിനം ആഘോഷിക്കാന്‍ കഴിയാത്തതില്‍, നല്ലാരു ഉപ്പയാകാന്‍ കഴിയാകാന്‍ കഴിയാഞ്ഞതില്‍ എല്ലാം അദ്ദേഹം മകളോട് മാപ്പ് ചോദിച്ചു. മകളെ ഒരു നോക്കു കാണുകയെന്നതു മാത്രമായിരുന്നു മേമന്റെ അവസാനത്തെ ആഗ്രഹം” ജയില്‍ ഓഫീസര്‍ പറയുന്നു.

yakub-memon-025.00 AM: ഫാസി യാര്‍ഡില്‍ നിന്നും പുറത്ത് വന്നു.

5.05 AM: കുളികഴിഞ്ഞ് പുതിയ വസ്ത്രം ധരിച്ചു.

5.30 AM: അദ്ദേഹം പ്രാര്‍ത്ഥിച്ചു.

5.44 AM: ജയില്‍ അധികൃതര്‍ അദ്ദേഹത്തിന്റെ കുറ്റം വായിച്ച് കേള്‍പ്പിച്ചുകൊടുത്തു, അദ്ദേഹം തലയാട്ടി.

6.10 AM: ഡോക്ടര്‍മാര്‍ യാക്കൂബ് മേമനെ പരിശോധിച്ചു

6.40 AM: ജയില്‍ അധികൃതരും ജഡ്ജിമാരും ഡോക്ടര്‍മാരും ജയിലില്‍ ഒത്തുകൂടി.

6.45 AM: യാക്കൂബിനെ കൊലമരത്തിലേക്ക് കൊണ്ടുവരാന്‍ എക്‌സിക്യൂട്ടീവ് മജില്‌ട്രേറ്റ് ഉത്തരവിട്ടു. ഖസബിന്റെ വധശിക്ഷ നടപ്പാക്കിയ ആരാചാര്‍ മേമന്റെ മുഖം മറയ്ക്കുകയും വിധി നടപ്പാക്കുകയും ചെയ്തു.

7.01 AM: മേമന്റെ മൃതദേഹം താഴെയിറക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു.

7.20 AM: പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍

9.40 AM: മേമന്റെ കുടുംബം അദ്ദേഹത്തിന്റെ മൃതദേഹം നാഗ്പൂര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.
കടപ്പാട് : മിഡ്‌ഡേ