Movie Day
കൂറ്റന്‍ ഡ്രീംക്യാച്ചര്‍ ഒരുക്കി, ടൊവീനോ ചിത്രം ലൂക്ക ഗിന്നസ് റെക്കോര്‍ഡിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Mar 15, 08:58 am
Friday, 15th March 2019, 2:28 pm

കൊച്ചിയില്‍ അഹാന-ടൊവീനോ തോമസ് ചിത്രം ലൂക്കയ്ക്കായി ഒരുക്കിയ കൂറ്റന്‍ “ഡ്രീംക്യാച്ചര്‍” ഗിന്നസ് റെക്കോര്‍ഡിലേക്ക്. ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ അനീസ് നാടോടിയുടെ നേതൃത്വത്തില്‍ അഞ്ച് കലാകാരന്‍മാരും പതിനഞ്ചോളം വളന്റിയര്‍മാരും ചേര്‍ന്നാണ് 37 അടി വലുപ്പമുള്ള ഡ്രീം ക്യാച്ചര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

നിലവില്‍ 33 അടിയില്‍ ലിത്വാനിയന്‍ ശില്‍പി വ്‌ളാദ്മിര്‍ പരാനിന്‍ നിര്‍മ്മിച്ച ഡ്രീംക്യാച്ചറിനാണ് ഗിന്നസ് റെക്കോര്‍ഡുള്ളത്.

അനീസ് നാടോടി

പൈന്‍വുഡ്, കോട്ടണ്‍ റോപ്, ലെതര്‍, തൂവല്‍ എന്നിവ ഉപയോഗിച്ചാണ് അനീസിന്റെ നേതൃത്വത്തിലുള്ള “കാക്ക ആര്‍ട്ടിസാന്‍സ്” ഡ്രീംക്യാച്ചര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ടൊവിനോ തോമസ് ഒരു സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റിന്റെ വേഷം ചെയ്യുന്നതിനാലാണ് ഡ്രീംക്യാച്ചര്‍ എന്ന ആശയം ഉദിച്ചതെന്ന് അനീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഗിന്നസ് അധികൃതര്‍ക്ക് അവര്‍ മുന്നോട്ട് വെക്കുന്ന നിയമങ്ങള്‍ പാലിച്ച് കൊണ്ട് ഡ്രീംക്യാച്ചറിന്റെ വിശദാംശങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്നും അനീസ് പറഞ്ഞു.

മൃദുല്‍ ജോര്‍ജും അരുണ്‍ ബോസും ചേര്‍ന്ന് എഴുതി, അരുണ്‍ ബോസ് ഒരുക്കുന്ന “ലൂക്ക” സ്റ്റോറീസ് & തോട്ട്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.