റാന്നി: പത്തനംതിട്ട റാന്നിയില്‍ വയ്യാറ്റുപുഴയില്‍ ഉരുള്‍പൊട്ടി ആ പ്രദേശത്തുള്ളവരെ മുഴുവനായും കാണാതായി. പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ബാക്കി എത്രപേരുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.
റാന്നി ഒറ്റപ്പെട്ടു കിടക്കുകയാണ്. പല വീടുകളിലും പൂര്‍ണമായും വെള്ളംകയറി. രണ്ടുനില വീടുകളില്‍ താഴത്തെ നില വെള്ളത്തിനടിയിലായി. രണ്ടാം നിലയില്‍ കയറിയിരിക്കുന്നവരെ നാവികസേനയുടെ ഹെലിക്കോപ്റ്ററില്‍ കയറ്റി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നുണ്ടെന്നാണ് വിവരം.
പമ്പാ നദിയിലും കൈവഴികളിലും ജലനിരപ്പ് ഉയര്‍ന്നതോടെ റാന്നി വെള്ളത്തിലായി. റാന്നി ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത, റാന്നി ബൈപാസ്, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ വെള്ളത്തിനടിയിലായി.
Read: സംസ്ഥാനത്ത് 14 ജില്ലകളിലും റെഡ് അലര്‍ട്ട്
ശബരിഗിരി പദ്ധതിയുടെ ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ആറടി ഉയരത്തില്‍ ഉയര്‍ത്തിയതാണ് മിന്നല്‍ പ്രളയത്തിനു കാരണമായത്. ശബരിമല ഉള്‍പ്പെടെ റാന്നിയുടെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഇത് നീരൊഴുക്ക് കൂടാന്‍ കാരണമായി.
റാന്നി ഇട്ടിയപ്പാറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ ഒഴിപ്പിച്ചു. പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായാണ് ഇത്രയും വെള്ളം നഗരത്തില്‍ കയറിയത്.
കലക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ റവന്യൂസംഘവും പൊലീസ്, ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. റാന്നിയിലേക്കുള്ള എല്ലാ റോഡുകളും വെള്ളത്തിനടിയിലാണ്.