Sports News
മെസിക്ക് ഒരിക്കലും മറഡോണയുടെ നിലവാരത്തില്‍ എത്താന്‍ സാധിക്കില്ല; ലോകകപ്പ് നേട്ടത്തിന് മുമ്പ് അര്‍ജന്റൈന്‍ ഇതിഹാസം പറഞ്ഞത്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 15, 04:42 pm
Wednesday, 15th January 2025, 10:12 pm

 

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഒരിക്കലും മറഡോണയുടെ ലെവലിലേക്ക് ഉയരാന്‍ സാധിക്കില്ലെന്ന് അര്‍ജന്റീന ഇതിഹാസ താരം ഹെക്ടര്‍ എന്‌റിക്വ് ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. മെസിയുടെ ലോകകപ്പ് നേട്ടത്തിന് മുമ്പ് 2019ല്‍ നല്‍കിയ അഭിമുഖത്തിലാണ് എന്‌റിക്വ് ഇക്കാര്യം പറഞ്ഞത്.

1986ല്‍ മറഡോണയ്ക്ക് കീഴില്‍ അര്‍ജന്റീന വിശ്വ വിജയികളായപ്പോള്‍ ആ ടീമിനൊപ്പം ഹെക്ടര്‍ എന്‌റിക്വുമുണ്ടായിരുന്നു.

ഹെക്ടര്‍ എന്‌റിക്വ്

 

അദ്ദേഹം ഇക്കാര്യം പറയുമ്പോള്‍ മെസിയുടെ പേരിന് നേരെ ഒറ്റ അന്താരാഷ്ട്ര കിരീടം പോലും കുറിക്കപ്പെട്ടിരുന്നില്ല. 2014 ലോകകപ്പും 2015, 2016 കോപ്പ അമേരിക്കയും ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്ന് ഫൈനലുകളില്‍ മെസി പരാജയപ്പെട്ടു.

2016ല്‍ ചിലിക്കെതിരെ കോപ്പ ഫൈനലില്‍ പരാജയപ്പെട്ടതിന് പിന്നാലെ മെസി വിരമിക്കല്‍ പ്രഖ്യാപിക്കുകയും ശേഷം ആ തീരുമാനം പിന്‍വലിക്കുകയുമായിരുന്നു.

നാഷണല്‍ ജേഴ്‌സിയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോയ സാഹചര്യങ്ങളില്‍ മറഡോണയുടെ പിന്‍ഗാമിയായി മെസി ഒരിക്കലും വാഴ്ത്തരുതെന്ന് അനലിസ്റ്റുകളും ഫുട്‌ബോള്‍ പണ്ഡിറ്റുകളും അഭിപ്രായപ്പെട്ടിരുന്നു.

2019ല്‍ അര്‍ജന്റൈന്‍ ചാനലായ ആറ്റാക് ഫുട്‌ബോളറോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എന്‌റിക്വ്.

‘നിര്‍ഭാഗ്യവശാല്‍ മെസിക്ക് നാഷണല്‍ ടീമിനൊപ്പം മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നില്ല, അവന്‍ അവിടെ ബുദ്ധിമുട്ടുകയാണ്. അടുത്ത ലോകകപ്പില്‍ ഞങ്ങളെ തുണച്ച ഭാഗ്യം അവനെയും കടാക്ഷിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നിരുന്നാലും അവനൊരിക്കലും മറഡോണയുടെ ലെവലിലെത്തില്ല. മെസി മികച്ച പ്രകടനം പുറത്തെടുക്കണം, അതാണ് എനിക്ക് ആവശ്യമുള്ളത്. അതിന് സാധിക്കുന്നില്ലെങ്കില്‍, വരാതിരിക്കുന്നതാണ് നല്ലത്,’ എന്‌റിക്വ് പറഞ്ഞു.

എന്നാല്‍ ഈ പ്രസ്താവന വന്ന് അഞ്ച് വര്‍ഷത്തിനകം മെസി നാല് തവണ അര്‍ജന്റൈന്‍ ടീമിനെ കിരീടമണിയിച്ചു.

കോപ്പ കിരീടം നേടിയ അർജൻറീന ടീമിന്‍റെ ആഹ്ളാദം

 

2021ല്‍ ചിരവൈരികളായ ബ്രസീലിനെ കോപ്പ അമേരിക്ക ഫൈനലില്‍ തകര്‍ത്ത് കരിയറിലെ ആദ്യ നാഷണല്‍ ട്രോഫി സ്വന്തമാക്കിയ മെസി ഫൈനലിസിമയില്‍ അസൂറികളെ പരാജയപ്പെടുത്തി രണ്ടാം കീരീടവും ബ്യൂണസ് ഐറിസിലെത്തിച്ചു.

ഫെെനലിസിമ കിരീടവുമായി അർജന്‍റീന

2022 ഖത്തര്‍ ലോകകപ്പില്‍ മറഡോണയ്ക്ക് ശേഷം മെസി അര്‍ജന്റീനയെ വിശ്വകിരീടമണിയിച്ചു. ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ആല്‍ബിസെലസ്റ്റ്‌സ് കിരീടമണിഞ്ഞത്. ഒടുവില്‍ 2024ല്‍ മെസി അര്‍ജന്റീനയെ രണ്ടാം കോപ്പ കിരീടവുമണിയിച്ചു.

 

Content Highlight: Argentina legend Hector Enrique once claimed Lionel Messi will never reach Diego Maradona’s level