Kerala News
നെയ്യാറ്റിൻകര ദുരൂഹ മരണം; രൂക്ഷ വിമർശനവുമായി വി.ടി. ബൽറാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 15, 04:18 pm
Wednesday, 15th January 2025, 9:48 pm

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ദുരൂഹ മരണത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. ഷിരൂരിൽ മണ്ണിടിച്ചിലിൽ ഒരു ലോറിയും അതിനകത്ത് ഡ്രൈവറും അപകടത്തിൽ പെട്ടിട്ടുണ്ടെന്ന വാർത്ത പുറത്തുവന്നപ്പോൾ ഭരണകൂടവും ജനങ്ങളും ഓടിയെത്തിയത് രക്ഷാപ്രവർത്തനത്തിനാണ്.

മണ്ണിനടിയിൽ നിന്ന് ആ മനുഷ്യനെ ജീവനോടെ രക്ഷപ്പെടുത്തിയെടുക്കാനാവുമോ എന്നായിരുന്നു ആദ്യ ദിവസങ്ങളിലെങ്കിലും ഏവരുടേയും പ്രതീക്ഷയും പരിശ്രമവും. എന്നാൽ നെയ്യാറ്റിൻകരയിൽ കല്ലറക്കുള്ളിൽ ഒരു മനുഷ്യജീവന് ഉണ്ടാകാനുള്ള സാധ്യത ഏറെയുണ്ടായിട്ടും ആ ഘട്ടത്തിൽ ആ മനുഷ്യനെ രക്ഷിക്കാനുള്ള ഒരു ശ്രമവും നടന്നില്ലെന്ന് വി.ടി ബൽറാം വിമർശിച്ചു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

‘ഷിരൂരിൽ മണ്ണിടിച്ചിലിൽ ഒരു ലോറിയും അതിനകത്ത് ഡ്രൈവറും അപകടത്തിൽ പെട്ടിട്ടുണ്ടെന്ന വാർത്ത പുറത്തുവന്ന നിമിഷം തൊട്ട് ഭരണകൂടം രംഗത്തിറങ്ങിയത് രക്ഷാപ്രവർത്തനത്തിനാണ്. മണ്ണിനടിയിൽ നിന്ന് ആ മനുഷ്യനെ ജീവനോടെ രക്ഷപ്പെടുത്തിയെടുക്കാനാവുമോ എന്നായിരുന്നു ആദ്യ ദിവസങ്ങളിലെങ്കിലും ഏവരുടേയും പ്രതീക്ഷയും പരിശ്രമവും.

ഏതൊരു അപകട സ്ഥലത്തും ദുരന്തഭൂമിയിലും സംശയാസ്പദ സാഹചര്യങ്ങളിലും സർക്കാരുകളുടെ പ്രാഥമികമായ കർത്തവ്യമാണത്. കാരണം, ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്. ഇവിടെയിതാ ഒരു മനുഷ്യൻ കല്ലറക്കുള്ളിലടക്കപ്പെട്ടെന്ന് ഉറപ്പുണ്ടായിട്ടും ആ ഘട്ടത്തിൽ ആ മനുഷ്യന് ജീവനുണ്ടാകാനുള്ള സാധ്യത ഉണ്ടായിട്ടും ആ കല്ലറ പൊളിച്ച് ജീവൻ രക്ഷപ്പെടുത്താനുള്ള ഒരു പരിശ്രമവും നടത്താൻ ഭരണകൂടത്തിന് കഴിയുന്നില്ല. മാൻ മിസ്സിങ് കേസായി മുന്നിലെത്തുകയും എഫ്.ഐ.ആർ ചാർജ് ചെയ്യപ്പെടുകയും ചെയ്ത സംഭവത്തിലാണ് വിവരമറിഞ്ഞിട്ടും ചെറുവിരലനക്കാൻ നമ്മുടെ ഔദ്യോഗിക സംവിധാനങ്ങൾക്ക് ഇതുവരെ കഴിയാത്തത്.

ഇനിയിപ്പോൾ കല്ലറ പൊളിച്ചാലും ജീവനോടെ ആ മനുഷ്യനെ രക്ഷപ്പെടുത്തിയെടുക്കാൻ ഒരു സാധ്യതയുമില്ല എന്ന അവസ്ഥയിലേക്കാണ് എത്തിയിട്ടുള്ളത്. തലക്ക് വെളിവില്ലാത്ത കുറച്ച് അന്ധവിശ്വാസികൾക്കും വർഗീയവാദികൾക്കും ഒരു നാടിന്റെ നിയമപാലന വ്യവസ്ഥയെ ഇങ്ങനെയിട്ട് അമ്മാനമാടാമെന്ന് വരുന്നത് എന്തൊരു കഷ്ടമാണ്,’ വി.ടി ബൽറാം കുറിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ സ്വാമി സമാധിയായി എന്ന് പറഞ്ഞ് ഒരു പോസ്റ്റര്‍ വീടിന് സമീപം പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ പതിച്ചപ്പോഴാണ് മരണ വിവരം അയല്‍വാസികളടക്കം അറിഞ്ഞത്. തുടര്‍ന്ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് അയല്‍വാസികളും നാട്ടുകാരും രംഗത്തെത്തി.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അച്ഛന്‍ സമാധിയായതെന്നാണ് മക്കള്‍ പറയുന്നത്. രാവിലെ എഴുന്നേറ്റ് തന്നെ വിളിച്ച അച്ഛന്‍ ഗോപന്‍ സ്വാമി താനിന്ന് സമാധിയാകുമെന്നും താന്‍ സമാധിയായാല്‍ ചെയ്യേണ്ട കര്‍മങ്ങള്‍ എന്താണെന്നും മകനോട് മുന്‍കൂട്ടി പറഞ്ഞുകൊടുത്തിരുന്നെന്നും കുടുംബം പറയുന്നു. പിന്നാലെ സുഗന്ധദ്രവ്യങ്ങളും കോണ്‍ക്രീറ്റുമുപയോഗിച്ച് മക്കള്‍ തന്നെയാണ് അച്ഛനായി സമാധി മണ്ഡപം കെട്ടിയത്.

 

Content Highlight: Neyyatinkara Mysterious Death; VT with severe criticism. Balram