യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം ബാഴ്‌സലോണ ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് കറ്റാലന്‍മാര്‍ പരാജയം സമ്മതിച്ചത്.
മത്സരത്തില്‍ സ്പാനിഷ് യുവതാരം ലാമിന്‍ യമാലും കളത്തിലിറങ്ങിയിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ താരത്തിന്റെ 11ാം മത്സരമാണിത്. യമാല്‍ തന്നെയാണ് ബാഴ്‌സക്കായി ഗോള്‍ കണ്ടെത്തിയതും.
ഈ മത്സരത്തില്‍ കളത്തിലിറങ്ങിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും യമാലിനെ തേടിയെത്തിയിരുന്നു. 17 വയസോ അതിന് താഴെയോ പ്രായമുള്ളപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം മത്സരം കളിക്കുന്ന താരമെന്ന നേട്ടമാണ് യമാല്‍ സ്വന്തമാക്കിയത്.
റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം അടക്കമുള്ള താരങ്ങളെ മറികടന്നുകൊണ്ടാണ് യമാല്‍ ഈ നേട്ടത്തിലെത്തിയത്. 17 വയസോ അതില്‍ താഴെയോ പ്രായമുള്ളപ്പോള്‍ 10 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലാണ് റയല്‍ സൂപ്പര്‍ താരം ബൂട്ടുകെട്ടിയത്.
ബെല്ലിങ്ഹാമിന് പുറമെ ബെല്‍ജിയന്‍ താരം യൂറി ടൈല്‍മാന്‍സ്, ഫ്രഞ്ച് താരം വാറന്‍ സയര്‍ എമരി എന്നിവരും 17 വയസിന് മുമ്പ് പത്ത് മത്സരങ്ങളുമായി ഇക്കാലമത്രയും ഒന്നാമതുണ്ടായിരുന്നു. ഇപ്പോള്‍ മൂവരെയും പിന്തള്ളിയാണ് യമാല്‍ ചരിത്രമെഴുതിയിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ബാഴ്‌സക്കായി 50 മത്സരത്തിലാണ് യമാല്‍ കളത്തിലിറങ്ങിയത്. ഈ മത്സരങ്ങളില്‍ നിന്നായി ഏഴ് ഗോള്‍ കണ്ടെത്തുകയും ഒമ്പത് ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. 2024ല്‍ സ്‌പെയ്‌നിനൊപ്പം യൂറോ കപ്പ് സ്വന്തമാക്കിയതും യമാലിനെ ഫാന്‍ ഫേവറിറ്റാക്കി.
ഒക്ടോബര്‍ രണ്ടിനാണ് ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സ അടുത്ത മത്സരത്തിനിറങ്ങുന്നത്. സ്വിസ് ടീമായ ബി.എസ്.സി യങ് ബോയ്‌സാണ് എതിരാളികള്‍. ബാഴ്‌സയുടെ സ്വന്തം തട്ടകമായ ലൂയീസ് കോംപാനി സ്റ്റേഡിയത്തിലാണ് മത്സരം.
അതേസമയം, ലാ ലീഗയില്‍ സെപ്റ്റംബര്‍ 22നാണ് കറ്റാലന്‍മാര്‍ ഇറങ്ങുന്നത്. വിയ്യാറയലാണ് എതിരാളികള്‍. എല്‍ മാഡ്രിഗലാണ് വേദി.